ന്യൂഡല്‍ഹി:അറുപത്തി ഒമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ (69 th National Film Awards) ആലിയ ഭട്ടിനെ (Alia Bhatt) മികച്ച നടിയായി (Best Actress) തെരഞ്ഞെടുത്തത് 'ഗംഗുഭായ് കത്യവാടി'യിലെ ഒഴുക്കുള്ള അഭിനയം. പുരസ്‌കാരത്തിനായി അവസാനഘട്ടം വരെ ഒപ്പമുണ്ടായിരുന്ന കങ്കണ റണാവത്തിനെ (Kangana Ranaut) മറികടന്നാണ് ആലിയയും മിമിയിലെ അഭിനയത്തിലൂടെ കൃതി സനോണും മികച്ച നടിയുടെ കിരീടം ചൂടിയത്.
പുരസ്‌കാരം വന്ന വഴി: ലൈംഗികത്തൊഴിലാളികളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനും വേണ്ടി പ്രവർത്തിച്ച ഗംഗുഭായ് ഹർജീവൻദാസിന്‍റെ ജീവിതത്തെ ആസ്‌പദമാക്കിയായിരുന്നു 'ഗംഗുഭായ് കത്യവാടി' വെള്ളിത്തിരയിലെത്തിയത്. 1960 കളില്‍ ബോംബൈയിലെ കാമാത്തിപുരയിലുള്ള വേശ്യാലയത്തെ ചുറ്റിപറ്റിയുള്ള കഥപറയുകയായിരുന്നു ചിത്രം. ചെറുപ്പത്തില്‍ വീടുവിട്ടിറങ്ങിയ ഇവരെ കാമുകന്‍ രാംനിക് ലാല്‍, വേശ്യാവൃത്തിക്കായി വില്‍പന നടത്തുന്നു.
അവിടെ നിന്നും അധോലോക ബന്ധമുള്ള മയക്കുമരുന്ന് കച്ചവടം നടത്തുന്ന സ്‌ത്രീയില്‍ നിന്നും കാമാത്തിപുരയിലെ മാഡമായും ഗംഗുഭായ് മാറുന്നു. തുടര്‍ന്ന് ലൈംഗികത്തൊഴിലാളികളുടെ ദുരവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാനും അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകയിലേക്കുള്ള ഗംഗുഭായിയുടെ യാത്രയാണ് ചിത്രം വരച്ചിടുന്നത്.
Also read:'വിവരിക്കാൻ വാക്കുകൾ പോരാ'; ഗംഗുഭായ് കത്യവാഡിയിലെ ആലിയയുടെ പ്രകടനത്തെ അഭിനന്ദിച്ച് സാമന്ത
ഗംഗുഭായ് കത്യവാടിയിലേക്ക് എത്തുന്നത് ഇങ്ങനെ:ഹിറ്റ് സംവിധായകന്‍സഞ്ജയ് ലീല ബന്‍സാലി അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു ഗംഗുഭായ് കത്യവാടി. ആലിയ ഭട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ സുപ്രധാന റോളില്‍ നടന്‍ അജയ് ദേവ്ഗണും എത്തിയിരുന്നു. ചതിയിലകപ്പെട്ട് മുംബൈ കാമാത്തിപുരയില്‍ എത്തുകയും ലൈംഗികത്തൊഴില്‍ ചെയ്യുകയും പിന്നീട് കാമാത്തിപുരയെ അടക്കി ഭരിക്കുന്ന നേതൃസ്ഥാനത്തേക്ക് എത്തുകയും ചെയ്‌ത ഗംഗുഭായിയുടെ കഥയാണ് സിനിമ പറയുന്നത്.
ചിത്രത്തിലേക്കുള്ള യാത്ര: ഹുസൈന്‍ സെയ്‌ദിയുടെ മാഫിയ ക്യൂന്‍സ് ഓഫ് മുംബൈ എന്ന നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു സഞ്ജയ് ബന്‍സാലി ഗംഗുഭായ് ഒരുക്കിയത്. കൊവിഡ് ലോക്ക് ഡൗണിന് ശേഷം കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിങ് പുനരാരംഭിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സഞ്ജയ് ലീല ബന്‍സാലിയും പെന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഡോ. ജയന്തിലാല്‍ ഗാഡയും ചേര്‍ന്നായിരുന്നു ഗംഗുഭായ് കത്യവാടി നിർമിച്ചത്.
ആദ്യം തന്നെ തുടങ്ങിയ കൈയ്യടി: അതേസമയം 2019 ലായിരുന്നു സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകള്‍ റിലീസ് ചെയ്‌തത്. ആലിയയുടെ രണ്ട് വ്യത്യസ്‌ത ഗെറ്റപ്പിലുള്ള ചിത്രങ്ങളായിരുന്നു പോസ്റ്ററുകളിലുണ്ടായിരുന്നത്. മുടി പിന്നി റിബൺ കൊണ്ട് കെട്ടിയ പെൺകുട്ടിയായും വലിയ സിന്ദൂരപ്പൊട്ട് തൊട്ട പക്വതയുള്ള സ്‌ത്രീയായുമായിരുന്നു ആലിയയെ ഇതില്‍ ചിത്രീകരിച്ചിരുന്നത്. ഇതോടെ പ്രേക്ഷകരും കാത്തിരിപ്പ് ആരംഭിച്ചു. നിലവില്‍ ആ കാത്തിരിപ്പ് വെറുതെയായില്ല എന്നതാണ് ദേശീയ പുരസ്‌കാരം അടിവരയിടുന്നതും.
Also read:National Film Awards Best Actress 'മിമി'യുടെ സര്‍പ്രൈസ് എന്‍ട്രി; മികച്ച നടിയ്‌ക്കുള്ള പുരസ്‌കാരം പങ്കുവച്ച് ആലിയയും കൃതിയും