കെയ്‌റോ : ഈജിപ്‌തിലെ പരമോന്നത ബഹുമതിയായ 'ഓർഡർ ഓഫ് ദ നൈൽ' ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച് ഈജിപ്‌ത് പ്രസിഡന്‍റ് അബ്‌ദുൽ ഫത്തേഹ് എൽ സിസി. ഈജിപ്‌ത് സന്ദർശനത്തിന്‍റെ രണ്ടാം ദിവസമായ ഇന്ന് കെയ്‌റോയിൽ വച്ചാണ് മോദിക്ക് ഈജിപ്‌തിലെ ഏറ്റവും വലിയ ദേശീയ ബഹുമതി സമ്മാനിച്ചത്. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നായി മോദിക്ക് ലഭിക്കുന്ന 13-ാമത്തെ പരമോന്നത ബഹുമതിയാണിത്.
തുടർന്ന് നരേന്ദ്ര മോദി ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് എൽ സിസിയുമായി കൂടിക്കാഴ്‌ച നടത്തി. പ്രസിഡൻഷ്യൽ പാലസിൽ ഈജിപ്ഷ്യൻ പ്രസിഡന്‍റ് മോദിയെ സ്വീകരിച്ചു. ഇന്ത്യയും ഈജിപ്‌തും തമ്മിലുള്ള നയതന്ത്രപരമായ സഹകരണം വർധിപ്പിക്കുന്നതിനായി വ്യാപാരം, നിക്ഷേപം, ഊർജം, ജനങ്ങളുമായുള്ള ബന്ധം തുടങ്ങിയവ കൂടുതൽ ശക്‌തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരു നേതാക്കളും ചർച്ച ചെയ്‌തു.
രണ്ട് രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്‌തമാക്കുന്നതിനുള്ള കരാറിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് എൽ-സിസിയും ഒപ്പുവച്ചു. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മോദി ഈജിപ്‌തിൽ എത്തിയത്. 26 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഔദ്യോഗികമായി ഈജിപ്‌ത് സന്ദർശനം നടത്തുന്നത്.
അമേരിക്കൻ പര്യടനത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്‌ച ഉച്ചയോടെ കെയ്‌റോയിൽ വിമാനമിറങ്ങിയത്. ഈ വർഷം ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി ഈജിപ്‌ഷ്യൻ പ്രസിഡന്‍റായിരുന്നു. അന്ന് ചടങ്ങിലെത്തിയപ്പോഴാണ് അദ്ദേഹം നരേന്ദ്ര മോദിയെ സ്വന്തം രാജ്യത്തേക്ക് ക്ഷണിച്ചത്.
ഗ്രാൻഡ് മുഫ്‌തിയുമായി കൂടിക്കാഴ്‌ച : ഇന്ന് ഈജിപ്‌ത് ഗ്രാൻഡ് മുഫ്‌തി ഷാക്കി ഇബ്രാഹിം അബ്‌ദുൽ കരീം അല്ലാമുവുമായും നരേന്ദ്ര മോദി കൂടിക്കാഴ്‌ച നടത്തിയിരുന്നു. സാമൂഹിക സൗഹാർദം പ്രോത്സാഹിപ്പിക്കുക, തീവ്രവാദത്തെ ചെറുക്കുക എന്നീ വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തി.