ന്യൂഡൽഹി:2022ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകാൻ അനുവദിക്കില്ലെന്ന എ.ഐ.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ പ്രസ്‌താവനക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി. ഇത് പറയുന്നതിനാണോ ഉവൈസി ഹൈദരാബാദിൽ നിന്ന് ഉത്തർപ്രദേശിലെത്തിയതെന്നും മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് ഉവൈസി അല്ലെന്നും നഖ്‌വി കൂട്ടിച്ചേർത്തു.
also read:ഗർഭിണികൾക്കും വാക്സിൻ; ഔദ്യോഗിക പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ
ഇക്കാര്യത്തിൽ ഉവൈസി കോൺഗ്രസിനെ സഹായിച്ചാൽ മതിയെന്നും ബിജെപിക്ക് താങ്കളുടെ സഹായം വേണ്ടെന്നും നഖ്‌വി പറഞ്ഞു. യുപിയിലെ ജനങ്ങൾ തീരുമാനിക്കും ഏത് സർക്കാർ വേണമെന്നും അദ്ദേഹം പറഞ്ഞു. 2022 യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർഭരണം നേടി അധികാരത്തിലെത്താൻ യോഗി ആദിത്യനാഥിനെ തന്‍റെ പാർട്ടി അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഉവൈസി ട്വീറ്റ് ചെയ്‌തിരുന്നു.
കൂടാതെ തെരഞ്ഞെടുപ്പിൽ 100 സീറ്റുകളിലേക്ക് തന്‍റെ പാർട്ടി മത്സരിക്കുമെന്ന് ഒവൈസി വ്യക്തമാക്കിയിരുന്നു. ഓം പ്രകാശ് ഭാഗീദരി സങ്കൽപ്പ് മോർച്ചയുമായി സഖ്യത്തിലേർപ്പെട്ടാണ് എ.ഐ.ഐ.എം യുപിയിൽ മത്സരത്തിനിറങ്ങുന്നത്. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പുകളിലൊന്നായിരിക്കും ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്.403 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്.