ന്യൂഡല്‍ഹി:പാർലമെന്‍റില്‍ പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്‌പെൻഡ് ചെയ്‌ത സംഭവത്തില്‍ ബിജെപി സർക്കാരിന് എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അപകടകരമായ ബില്ലുകൾ അർത്ഥവത്തായ ചർച്ചകളില്ലാതെ പാസാക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും ഇത് 'നമോക്രസി' ആണെന്നുമാണ് ഖാർഗെയുടെ വിമർശനം. മോദി സർക്കാർ ജനാധിപത്യത്തെ തകർക്കാൻ ആഗ്രഹിക്കുന്നു. ക്രിമിനല്‍ നിയമ പരിഷ്കരണവുമായി ബന്ധപ്പെട്ട ബില്ലുകള്‍ ലോക്സഭയുടെ പരിഗണനയ്ക്ക് വെച്ച സാഹചര്യത്തില്‍ സഭയില്‍ നിന്ന് പ്രതിപക്ഷാംഗങ്ങളെ മാറ്റിനിര്‍ത്താനാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്ന് ഖാര്‍ഗെ ആരോപിച്ചു.
പാർലമെന്‍റില്‍ പ്രതിപക്ഷത്തിന്‍റെ വിയോജിപ്പുകളും എതിർപ്പുകളും ജനങ്ങൾ കേൾക്കുന്നത് തടയാനാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. അതിനായി നിയമനിർമാണ സഭയില്‍ നിന്ന് സസ്‌പെൻഡ് ചെയ്യുക, പുറത്താക്കുക എന്ന നയമാണ് ഭരണ പക്ഷം സ്വീകരിക്കുന്നത്. 141 പ്രതിപക്ഷ എംപിമാരെ പാർലമെന്റിൽ നിന്ന് സസ്‌പെൻഡ് ചെയ്തത് ഈ രാജ്യത്തെ ജനാധിപത്യത്തെ തകർക്കാൻ ഒരു സ്വേച്ഛാധിപത്യ സർക്കാർ ആഗ്രഹിക്കുന്നു എന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
പൗരന്മാരുടെ അവകാശങ്ങളെ തടയുന്ന അതിക്രൂരമായ അധികാരക്രമങ്ങൾ അനുവദിക്കുന്ന ക്രിമിനൽ നിയമഭേദഗതി പോലെയുള്ള പ്രധാനബില്ലുകൾ പരിഗണനയ്ക്കുവെക്കുമ്പോഴാണ് എംപിമാരെ സസ്‌പെൻഡ് ചെയ്യുന്നതെന്നും മല്ലികാർജുൻ ഖാർഗെ ആരോപിച്ചു.