ഹരിദ്വാർ : ഇന്ത്യക്കാർ തങ്ങളുടെ കൊളോണിയൽ മനോഭാവം ഉപേക്ഷിച്ച് ഇന്ത്യൻ സ്വത്വത്തിൽ അഭിമാനിക്കാൻ പഠിക്കണമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ ഇന്ത്യൻവൽക്കരണം പുതിയ വിദ്യാഭ്യാസ നയത്തിന്‍റെ കേന്ദ്രമാണെന്നും, സ്വാതന്ത്ര്യത്തിന്‍റെ 75 വർഷം പിന്നിടുന്ന ഈ വേളയിൽ പാഠ്യമേഖലയിലെ മക്കോള രീതി ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തെ കാവി വൽക്കരിക്കുന്നുവെന്ന ആക്ഷേപത്തിന് അതിനെന്താണ് കുഴപ്പമെന്നായിരുന്നു (കാവിക്ക് എന്താണ് കുഴപ്പം) ഉപരാഷ്ട്രപതിയുടെ പരാമര്‍ശം.
ദേവ സംസ്‌കൃതി വിശ്വ വിദ്യാലയത്തിൽ സൗത്ത് ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആൻഡ് റീകൺസിലിയേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് വെങ്കയ്യ നായിഡുവിന്‍റെ പ്രതികരണം. നൂറ്റാണ്ടുകളായുള്ള കൊളോണിയൽ ഭരണം നമ്മെ സ്വയം ഒരു താഴ്‌ന്ന വർഗമായി കാണാനാണ് പഠിപ്പിച്ചത്. കൂടാതെ അത് നമ്മുടെ സ്വന്തം സംസ്‌കാരത്തെയും പരമ്പരാഗത അറിവിനെയും പുച്ഛിക്കാനും പഠിപ്പിച്ചു.
കൊളോണിയൽ ഭരണം ഒരു രാഷ്‌ട്രമെന്ന നിലയിൽ നമ്മുടെ വളർച്ചയെ മന്ദഗതിയിലാക്കി. നമ്മുടെ വിദ്യാഭ്യാസത്തിന്‍റെ മാധ്യമമായി വിദേശ ഭാഷയെ അടിച്ചേൽപ്പിക്കുന്നത് വിദ്യാഭ്യാസത്തെ പരിമിതപ്പെടുത്തി. ഇത് ഒരു വലിയ ജനവിഭാഗത്തിന് വിദ്യാഭ്യാസത്തിനുള്ള അവകാശം ഇല്ലാതാക്കി, അദ്ദേഹം പറഞ്ഞു.