അമരാവതി : ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തന്‍റെ ജീവൻ ബലിയർപ്പിക്കാൻ തയ്യാറാണെന്ന് അറസ്റ്റിലായ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുടെ ടിഡിപി (തെലുഗു ദേശം പാര്‍ട്ടി) അധ്യക്ഷനുമായ എൻ ചന്ദ്രബാബു നായിഡു (N Chandrababu Naidu Social Media Post). ആന്ധ്രാപ്രദേശ് സ്‌കിൽ ഡെവലപ്‌മെന്‍റ് അഴിമതി കേസിൽ അറസ്റ്റിലായതിന് (N Chandrababu Naidu arrest ) പിന്നാലെയാണ് ചന്ദ്രബാബു നായിഡുവിന്‍റെ (N Chandrababu Naidu) പ്രതികരണം. 'ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തന്‍റെ ജീവൻ ബലിയർപ്പിക്കാൻ തയ്യാറാണ്. ഒരു ശക്തിക്കും തന്നെ തടയാൻ കഴിയില്ല.' എന്ന് അദ്ദേഹം പറഞ്ഞു.
എക്‌സിലൂടെയാണ് (മുൻ ട്വിറ്റർ) അദ്ദേഹം പ്രതികരിച്ചത്. 'കഴിഞ്ഞ 45 വർഷമായി ഞാൻ ആന്ധ്രാപ്രദേശിലെ ജനങ്ങളെ നിസ്വാർഥമായി സേവിക്കുന്നു. ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഞാൻ എന്‍റെ ജീവൻ ത്യജിക്കാൻ തയ്യാറാണ്. ജന്മനാടിനെ സേവിക്കുന്നതിൽ നിന്ന് തന്നെ തടയാൻ ഒരു ശക്തിക്കും കഴിയില്ല.' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും സംയമനം പാലിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. സത്യവും ധർമവും അവസാനം വിജയിക്കും. അവർ എന്നോട് എന്ത് ചെയ്‌താലും ഞാൻ ജനങ്ങൾക്ക് വേണ്ടി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് പുലർച്ചെയാണ് മുൻ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിനെ നന്ദ്യാൽ പൊലീസ് അറസ്റ്റ് ചെയ്‌തത്.
2021ല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് അറസ്റ്റ്. ആന്ധ്രാപ്രദേശ് സ്‌കില്‍ ഡെവലപ്പ്മെന്‍റ് അഴിമതി കേസില്‍ (AP Skill Development Case) ചന്ദ്രബാബുവിന് നേരത്തെ അറസ്റ്റ് വാറണ്ട് നല്‍കിയിരുന്നു, അത് അനുസരിച്ചാണ് തങ്ങള്‍ നടപടി സ്വീകരിച്ചതെന്നുമാണ് വിഷയത്തിൽ പൊലീസിന്‍റെ വിശദീകരണം.
നന്ദ്യാല്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റും ചേര്‍ന്ന് നാടകീയ നീക്കങ്ങൾക്കൊടുവിലാണ് ചന്ദ്രബാബു നായിഡുവിനെ കസ്റ്റഡിയിൽ എടുത്തത്. അന്വേഷണ സംഘം എത്തിയ സമയം ആര്‍ കെ ഹാളിന് പുറത്ത് തന്‍റെ കാരവാനില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. ചന്ദ്രബാബു നായിഡുവിന്‍റെ അറസ്റ്റില്‍ പാര്‍ട്ടി പ്രവര്‍ത്തകർ പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്. ചന്ദ്രബാബു നായിഡുവിനെ കസ്റ്റഡിയിൽ എടുക്കാന്‍ അന്വേഷണസംഘം എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ കാരവാന് പുറത്ത് തടിച്ചുകൂടി.
ചന്ദ്രബാബു നായിഡുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തത് നിയമ വിരുദ്ധമായാണെന്നാണ് അഭിഭാഷകരുടെ ആരോപണം. കേസില്‍ നേരത്തെ, പൊലീസ് സമര്‍പ്പിച്ച എഫ്‌ഐആറില്‍ ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിന്‍റെ പേരില്ല എന്നും അതുകൊണ്ടുതന്നെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്നുമാണ് അദ്ദേഹത്തിന്‍റെ അഭിഭാഷകര്‍ വ്യക്തമാക്കിയത്. എന്നാല്‍, കേസിൽ പ്രാഥമിക തെളിവുകള്‍ തങ്ങള്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട് എന്നാണ് പൊലീസിന്‍റെ വിശദീകരണം.
കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച എഫ്‌ഐആറില്‍ തന്‍റെ പേരില്ല. പിന്നെ എങ്ങനെ തന്നെ കസ്റ്റഡിയിൽ എടുക്കുമെന്ന് ചന്ദ്രബാബു നായിഡുവും പൊലീസിനോട് ആരാഞ്ഞിരുന്നു. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുന്‍പ് തനിക്ക് ആ രേഖകള്‍ നല്‍കണമെന്നും അദ്ദേഹം പൊലീസിനോട് ആവശ്യപ്പെട്ടു. അറസ്റ്റിന് ശേഷം 24 മണിക്കൂറിനുള്ളില്‍ മുഴുവന്‍ രേഖകളും നല്‍കുമെന്ന് പൊലീസ് ചന്ദ്രബാബു നായിഡുവിനെ അറിയിച്ചിട്ടുണ്ട്.