ഭുവനേശ്വർ: ഗോസ്വാമി തുളസി ദാസ് രചിച്ച ‘ഹനുമാൻ ചാലിഷ’ എന്ന ഹിന്ദു മതഗ്രന്ഥം നമ്മിൽ ചിലരെങ്കിലും വായിച്ചിട്ടുണ്ടാകും. പ്രതിസന്ധിയിൽ നിന്നുള്ള രക്ഷകനായി കണക്കാക്കപ്പെടുന്ന ഹനുമാനെ സ്‌തുതിക്കുന്ന ഈ ഗ്രന്ഥം തടിയിൽ കൊത്തി വിസ്മയം തീർത്തിരിക്കുകയാണ് ഒരു യുവാവ്. ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ കാന്തീകോളി ഗ്രാമത്തിലെ യുവ കലാകാരൻ അരുൺ സാഹുവാണ് ഈ അത്ഭുത സൃഷ്ടിയുടെ പിന്നിൽ.
ലോക്ക്ഡൗൺ കാലയളവിൽ ഒഴിവുസമയങ്ങൾ വിനിയോഗിക്കാനാണ് അരുൺ തടിയിൽ പുസ്തകം കൊത്തിത്തുടങ്ങിയത്. ഉളി, ബ്ലേഡ് എന്നിവ ഉപയോഗിച്ചുകൊണ്ട് അഞ്ച് പേജുകളും രണ്ട് കവർ പേജുകളുമുള്ള പുസ്തകമാണ് അദ്ദേഹം തയ്യാറാക്കിയത്. കൂടാതെ രണ്ട് കവർ പേജുകളിലും ഹനുമാൻ പ്രഭുവിന്‍റെ ചിത്രവും മനോഹരമായി കൊത്തിവച്ചിട്ടുണ്ട്. ഒരു മാസം കൊണ്ടാണ് 10.5 ഇഞ്ച് നീളവും 9 ഇഞ്ച് വീതിയും 2.5 ഇഞ്ച് കട്ടിയുമുള്ള പുസ്തകം അരുൺ നിർമ്മിച്ചത്. ഹിന്ദി, ഒഡിയ ഭാഷകളിലാണ് പുസ്തകങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
വിസ്മയ നിർമിതി, ഹനുമാൻ ചാലിഷ തടിയിൽ തീർത്ത് അരുൺ സാഹു ‘ഹനുമാൻ ചാലിഷ’ മാത്രമല്ല തടിയിൽ ധാരാളം വിസ്മയ നിർമിതികൾ അരുണ്‍ സൃഷ്ടിച്ചിട്ടുണ്ട്. താജ്‌മഹൽ, ഈഫൽ ടവർ, ഒഡീഷ ബിദാൻ സൗദ, ഇന്ത്യ ഗേറ്റ്, ഒഡീഷ സംസ്ഥാനത്തിന്‍റെ ഭൂപടം തുടങ്ങി ഒട്ടനവധി രൂപങ്ങൾ. തന്‍റെ അതുല്യമായ കലാസൃഷ്ടികൾക്ക് ദേശീയ, അന്തർ ദേശീയ തലങ്ങളിൽ നിരവധി പുരസ്കാരങ്ങളും ഈ യുവാവിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിലും അരുൺ ഇടം നേടിയിട്ടുണ്ട്.
എല്ലാ ഭാഷകളിലും മരത്തടിയിൽ ‘ഹനുമാൻ ചാലിഷ’ നിർമിച്ച് ഗിന്നസ് റെക്കോർഡിൽ ഇടം നേടണമെന്നതാണ് അരുണിന്‍റെ ഏറ്റവും വലിയ ആഗ്രഹം. കൂടാതെ ഇപ്പോൾ നിർമ്മിച്ചവ പ്രധാനമന്ത്രിക്കും ഒഡീഷ മുഖ്യമന്ത്രിക്കും സമർപ്പിക്കണമെന്ന ആഗ്രഹവും മനസിലുണ്ട്. തടികളിൽ വിസ്മയം തീർക്കുന്ന അരുണിന്‍റെ കലാസൃഷ്ടി ഒഡീഷയിൽ മാത്രം ഒതുങ്ങിക്കൂടേണ്ടവയല്ല. ആവശ്യമായ സഹകരണവും പ്രോത്സാഹനവും ലഭിച്ചാൽ രാജ്യത്തിന്‍റെ അഭിമാനമായി മാറാൻ ഈ യുവ കലാകാരന് സാധിക്കും.