മൈസൂര്‍ :കര്‍ണാടകയിലെ ബസ് സ്റ്റോപ്പിന് മുകളിൽ സ്ഥാപിച്ച അലങ്കാര നിര്‍മിതിയ്‌ക്ക് പള്ളി മിനാരത്തോട് സാദൃശ്യമുണ്ടെന്ന ബിജെപി എംപിയുടെ 'കണ്ടെത്ത'ലിനെ തുടര്‍ന്ന് മാറ്റി പണിതു. കേരളത്തിന്‍റെ അതിര്‍ത്തിയ്‌ക്കടുത്തുള്ള മൈസൂരു - നഞ്ചനഗുഡ് റോഡിലെ ബസ് സ്റ്റോപ്പാണ് മൈസൂര്‍ ബിജെപി എംപി പ്രതാപ് സിംഹയുടെ ഭീഷണിയെ തുടർന്ന് ശനിയാഴ്‌ച പുനര്‍നിര്‍മിച്ചത്. മൂന്ന്, നാല് ദിവസത്തിനുള്ളിൽ രൂപം മാറ്റിയില്ലെങ്കില്‍ താന്‍ ജെസിബി ഉപയോഗിച്ച് പൊളിക്കുമെന്നായിരുന്നു എംപിയുടെ ഭീഷണി.
ബസ് സ്റ്റോപ്പ് അലങ്കാര നിര്‍മിതിയ്‌ക്ക് പള്ളി മിനാരത്തോട് സാദൃശ്യം ; ബിജെപി എംപിയുടെ ഭീഷണിയ്‌ക്ക് വഴങ്ങി മാറ്റിപ്പണിതു
കേരളത്തിന്‍റെ അതിര്‍ത്തിയ്‌ക്കടുത്തുള്ള മൈസൂരു - നഞ്ചനഗുഡ് റോഡിലെ ബസ് സ്റ്റോപ്പാണ് മൈസൂര്‍ എംപിയുടെ ഭീഷണിയെ തുടര്‍ന്ന് പുനര്‍നിര്‍മിച്ചത്
പൊളിച്ചത് മൂന്ന് മിനാരം :വിഷയം വിവാദമായതോടെ കേന്ദ്രസർക്കാർ ഇടപെടുകയും ദേശീയ പാത അതോറിറ്റി നല്‍കിയ നിര്‍ദേശത്തില്‍ മൈസൂർ മുനിസിപ്പൽ കോർപ്പറേഷന്‍ പുതുക്കി പണിയുകയുമായിരുന്നു. നേരത്തെയുണ്ടായിരുന്ന മൂന്ന് മിനാരങ്ങളുടെ രൂപത്തിലുള്ള അലങ്കാര നിര്‍മിതിയില്‍ രണ്ടെണ്ണം ഒഴിവാക്കി. ശേഷം, നടുവിലെ നിര്‍മിതിയ്‌ക്ക് മഞ്ഞ പെയിന്‍റ് ഒഴിവാക്കി ചുവപ്പ് ചായം പൂശി. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ എന്നിവരുടെ ചിത്രവും ബസ് സ്റ്റോപ്പില്‍ സ്ഥാപിച്ചിട്ടുണ്ട്.
മിനാരത്തിന്‍റെ രൂപത്തിലുള്ള അലങ്കാര നിര്‍മിതി പള്ളിയാണെന്ന് തോന്നിപ്പിക്കുന്നുവെന്നായിരുന്നു ബിജെപി എംപി പ്രതാപ് സിംഹയുടെ വാദം. ബിജെപി നേതാവ് എസ്എ രാമദാസാണ് മൈസൂര്‍ ഉള്‍പ്പെടുന്ന കൃഷ്‌ണരാജ മണ്ഡലത്തിലെ എംഎല്‍എ. തന്‍റെ പാർട്ടിയില്‍പ്പെട്ട പ്രദേശത്തുള്ളവര്‍ അത്തരം അഭിപ്രായം പറഞ്ഞില്ലെന്ന് ആദ്യം പ്രതികരിച്ച എസ്എ രാമദാസ് പിന്നീട് സിംഹയുടെ ആവശ്യത്തിന് വഴങ്ങുകയായിരുന്നു. മൈസൂര്‍ കൊട്ടാരത്തെ അനുസ്‌മരിപ്പിക്കുന്നതാണ് ബസ് സ്റ്റോപ്പെന്നും നേരത്തെ എംഎല്‍എ പറഞ്ഞിരുന്നു.