ഭുവനേശ്വര്‍:പ്രേത ഭീതിയില്‍ കഴിയുന്ന ഒരു ഗ്രാമമുണ്ട് ഒഡിഷയില്‍. ഗ്രാമത്തിലെ പുരുഷന്മാരുടെ പെട്ടെന്നുണ്ടാവുന്ന മരണം മൂലം ഗ്രാമം വിട്ട് പോവുകയാണ് ഇവിടത്തെ ആളുകള്‍. പുരുഷന്മാരുടെ മരണത്തിന് പിന്നില്‍ പ്രേതമാണെന്ന് നാട്ടുകാര്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു.
പ്രേത ഭീതിയില്‍ ഒഡിഷയില്‍ ഒരു ഗ്രാമം - Nayagarh
നയാഗര്‍ ജില്ലയിലെ ഗുണ്ടുരിബഡി ഗ്രാമത്തിലെ പുരുഷന്മാരുടെ പെട്ടെന്നുണ്ടാവുന്ന മരണം പ്രേതം മൂലമാണെന്നാണ് ഗ്രാമീണരുടെ വിശ്വാസം.
നയാഗര്‍ ജില്ലയിലെ ഗുണ്ടുരിബഡി ഗ്രാമമാണ് പ്രേതഭീതിയില്‍ കഴിയുന്നത്. നാല് വര്‍ഷത്തിനിടെ അഞ്ച് പുരുഷന്മാരാണ് ഇവിടെ അകാലത്തില്‍ മരിച്ചത്. അടുത്തിടെ വിവാഹം കഴിഞ്ഞ രണ്ട് പുരുഷന്മാരും കൂടി ഒരു വര്‍ഷത്തിനുള്ളില്‍ മരിച്ചു. ഒരു കുടുംബത്തിലെ എല്ലാ പുരുഷന്മാരും ഒരു കാരണവുമില്ലാതെയാണ് മരിച്ചതെന്ന് ഗ്രാമീണര്‍ പറയുന്നു. പുതുതായി വിവാഹം കഴിച്ചവരെ അദൃശ്യ ശക്തി ലക്ഷ്യമിടുന്നതായി ഗ്രാമീണര്‍ക്കിടയില്‍ അഭ്യൂഹങ്ങളുണ്ട്.
പ്രശ്‌ന പരിഹാരമെന്നോണം ഇവര്‍ സമീപിച്ച മന്ത്രവാദി ഗ്രാമം വിടുവാന്‍ ഉപദേശിച്ചുവെന്ന് ഗ്രാമീണര്‍ പറയുന്നു. ഗ്രാമത്തിലെ പട്ടികജാതിക്കാര്‍ താമസിക്കുന്ന ഹരിജന്‍ സാഹിയെന്ന മേഖലയില്‍ നിന്നും മാത്രം ആറ് കുടുംബങ്ങളാണ് കഴിഞ്ഞ വര്‍ഷം ഗ്രാമം വിട്ടത്. മേഖലയിലെ ഭീതി അവസാനിപ്പിക്കാന്‍ പ്രാദേശിക ഭരണകൂടം ഒരു നടപടിയുമെടുത്തില്ലെന്ന് ഗ്രാമീണര്‍ പരാതി പറയുന്നു. ജനങ്ങളുടെ അനാവശ്യ ഭയമൊഴിവാക്കാന്‍ മേഖലയിലെ സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട്.