തേസ്‌പൂര്‍:മതിയായ രേഖകളില്ലാതെ കഴിഞ്ഞയാഴ്‌ച മണിപ്പൂരിലേക്ക് പ്രവേശിച്ച മ്യാന്‍മാര്‍ പൗരന്മാരെ തുരത്താന്‍ നടപടി എടുത്ത് മണിപ്പൂര്‍ സര്‍ക്കാര്‍. അനധികൃതമായി കടന്നു കയറിയ 718 മ്യാന്‍മാര്‍ പൗരന്മാരേയും അതിര്‍ത്തി കടത്തി വിടാന്‍ അസം റൈഫിള്‍സിന് മണിപ്പൂര്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. തിരിച്ചറിയല്‍ രേഖകളില്ലാതെ ഇവര്‍ ഇന്ത്യയിലെത്താന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച് ഉടനടി റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
മ്യാന്‍മാര്‍ അതിര്‍ത്തിയായ ലജോങ്ങ് വഴിയാണ് 718 മ്യാന്‍മാര്‍ പൗരന്മാര്‍ മണിപ്പൂരിലേക്ക് കടന്നത്. ഇക്കഴിഞ്ഞ ശനി ഞായര്‍ ദിവസങ്ങളിലായിരുന്നു ( ജൂലൈ 22, ജൂലൈ 23) ഇവര്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നത്. മണിപ്പൂരിലെ ചന്ദല്‍ ജില്ലയിലെത്തിയ സംഘത്തില്‍ 209 പേര്‍ പുരുഷന്മാരും 208 പേര്‍ സ്ത്രീകളുമാണ്.
301 കുട്ടികളും സംഘത്തിലുണ്ട്. മതിയായ വിസയോ തിരിച്ചറിയല്‍ രേഖകളോ യാത്ര വിവരങ്ങളോ സമര്‍പ്പിക്കാതെ ഒരാളെപ്പോലും മ്യാന്‍മാര്‍ അതിര്‍ത്തി കടത്തി വിടരുതെന്ന് അസം റൈഫിള്‍സിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മണിപ്പൂര്‍ ചീഫ് സെക്രട്ടറി ഡോ. വിനീത് ജോഷി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നിലവില്‍ അസം റൈഫിള്‍സിനാണ് മണിപ്പൂര്‍- മ്യാന്‍മാര്‍ അതിര്‍ത്തിയുടെ കാവല്‍ ചുമതല.
അനധികൃതമായി കടന്നു കയറിയത് നിരവധി പേര്‍:സംഭവം നടന്നയുടൻ ജൂലൈ 23 ന് ഞായറാഴ്‌ച തന്നെ അസം റൈഫിള്‍സിന്‍റെ ഇരുപത്തിയെട്ടാം സെക്‌ടര്‍ ആസ്ഥാനത്തു നിന്ന് ചന്ദല്‍ ജില്ല പൊലീസ് കമ്മീഷണര്‍ക്ക് കുടിയേറ്റം സംബന്ധിച്ച് വിശദമായ വിവരം നല്‍കിയിരുന്നു. മെയ് മൂന്നിന് ഗോത്ര വര്‍ഗക്കാര്‍ക്കിടയില്‍ കലാപം പൊട്ടിപ്പുറപ്പെട്ട സാഹചര്യം മുതലെടുത്ത് ആയിരക്കണക്കിന് മ്യാന്‍മാര്‍ പൗരന്മാരാണ് മണിപ്പൂരിലേക്ക് അനധികൃതമായി കടന്നു കയറിയിട്ടുള്ളത്.
ഇത്തരത്തില്‍ ചുരാചാന്ദ്പൂര്‍ ജില്ലയില്‍ അനധികൃതമായി എട്ട് മ്യാന്‍മാര്‍ പൗരന്മാര്‍ ചികില്‍സ തേടുന്നതായി ജൂലൈ 11ന് തന്നെ ഇടിവി ഭാരത് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. മണിപ്പൂരില്‍ കലാപം കത്തിപ്പടരുന്നതിനിടയില്‍ ഉണ്ടായ ഈ സംഭവത്തെപ്പറ്റി ചുരാചാന്ദ് പൂര്‍ പൊലീസ് സൂപ്രണ്ട് ഓഫീസില്‍ നിന്ന് ഈ സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മ്യാന്‍മാര്‍ പൗരന്മാര്‍ എങ്ങിനെയാണ് അതിര്‍ത്തി കടന്ന് എത്തുന്നത് എന്നതിനെക്കുറിച്ച് ചുരാ ചാന്ദ് പൂര്‍ പൊലീസ് സൂപ്രണ്ട് വിശദമായ റിപ്പോര്‍ട്ട് ചന്ദല്‍ ജില്ലാ പൊലീസ് അധികാരികള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
ജൂണ്‍ 16നും 19നും ചുരാചാന്ദ് പൂര്‍ ജില്ലയില്‍ അനധികൃതമായി പ്രവേശിച്ച എട്ട് മ്യാന്‍മാര്‍ പൗരന്മാര്‍ക്കും വെടിവെപ്പിലും ബോംബ് സ്ഫോടനങ്ങളിലും പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയത്. മണിപ്പൂര്‍ കത്തുമ്പോള്‍ ഇത്തരത്തില്‍ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അര്‍ധ സൈനിക വിഭാഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പാര്‍ലമെന്‍റ് നാലാം ദിവസവും സ്‌തംഭിച്ചു:അതേസമയം, മണിപ്പൂര്‍ വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നാലാം ദിവസവും പാർലമെന്‍റ് സമ്മേളന നടപടികൾ സ്‌തംഭിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഇരുസഭകളും രണ്ടുമണിവരെ നിർത്തിവച്ചു. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പ്രസ്‌താവന നടത്തണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.
മണിപ്പൂർ വിഷയത്തിൽ ഹ്രസ്വ ചർച്ചകൾക്ക് തയ്യാറാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്‌താവന നടത്തുമെന്നും ബിജെപി അറിയിച്ചെങ്കിലും വിഷയത്തിൽ പ്രധാനമന്ത്രി ഉടന്‍ പ്രതികരിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.