കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ കൂടുതല്‍ മത്സരിക്കുന്ന പാർട്ടികളില്‍ ഏറ്റവും വലിയ വിജയ ശതമാനം അവകാശപ്പെടാവുന്ന രാഷ്ട്രീയ പാർട്ടി മുസ്‌ലീംലീഗാണ് എന്ന കാര്യത്തില്‍ ആർക്കും തർക്കമുണ്ടാകില്ല. ഇത്തവണയും അങ്ങനെ തന്നെ സംഭവിച്ചു. 27 സീറ്റുകളില്‍ മുസ്ലീംലീഗ് മത്സരിച്ചു. 15 മണ്ഡലങ്ങളില്‍ ജയിച്ചു. യുഡിഎഫില്‍ കോൺഗ്രസ്, കേരള കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ മത്സരിച്ച സീറ്റും ജയിച്ച സീറ്റും കണക്കാക്കിയാല്‍ ലീഗിന്‍റെ വിജയ ശതമാനം എന്നും ഉയർന്നു തന്നെയാണ്.
2021ലേക്ക് വരുമ്പോൾ കണക്കില്‍ മാത്രമല്ല, കാര്യത്തിലും മുസ്ലീംലീഗ് തിരിച്ചടി നേരിടുകയാണ്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ 18 സീറ്റ് നേടിയ ലീഗിന് ഇത്തവണ മൂന്ന് സീറ്റുകൾ കുറഞ്ഞു. കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ ലീഗിന് സീറ്റുകളുടെ കാര്യത്തില്‍ നഷ്ടം സംഭവിക്കുകയും ചെയ്തു. അഴീക്കോട്, കുറ്റ്യാടി, കോഴിക്കോട് സൗത്ത്, കളമശേരി എന്നി മണ്ഡലങ്ങളിലെ പരാജയം ലീഗിന് കനത്ത തിരിച്ചടിയായി. കോഴിക്കോട് ജില്ലയില്‍ കുന്ദമംഗലത്ത് നടത്തിയ പരീക്ഷണം പാളിയെങ്കിലും കൊടുവള്ളി തിരിച്ചു പിടിച്ചത് മാത്രമാണ് ഏക ആശ്വാസം.
ശ്രമിച്ചു പക്ഷേ വിജയിച്ചില്ല
25 വർഷങ്ങൾക്ക് ശേഷം വനിതാ സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ മുസ്ലീംലീഗ് ധൈര്യം കാണിച്ചു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്‍റെ പ്രത്യേകത. പക്ഷേ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ലീഗിന്‍റെ വനിതാ സ്ഥാനാർഥിയായ അഡ്വ നൂർബിന റഷീദിന് ജയിക്കാനായില്ല. ഇനി ഇത്തരമൊരു പരീക്ഷണത്തിന് ലീഗ് തയ്യാറാകുമോ എന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന ചോദ്യം.
താനൂർ, തിരുവമ്പാടി മണ്ഡലങ്ങൾ തിരിച്ചുപിടിക്കാൻ വലിയ ശ്രമമാണ് മുസ്ലീംലീഗ് ഇത്തവണ നടത്തിയത്. താനൂരില്‍ യുവമുഖം പികെ ഫിറോസിനെ രംഗത്തിറക്കി വലിയ മത്സരം നടത്തി. പക്ഷേ ജയിക്കാനായില്ല. തിരുവമ്പാടിയില്‍ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ലീഗ് നേതാക്കൻമാർ താമരശേരി ബിഷപ്പിനെ അടക്കം നേരില്‍ കണ്ട് പിന്തുണ തേടിയിരുന്നു. പക്ഷേ തിരുവമ്പാടിയിലും ജയിക്കാനായില്ല. പാലക്കാട് ജില്ലയിലെ ഏക സിറ്റിങ് സീറ്റായ മണ്ണാർക്കാട് മണ്ഡലം നിലനിർത്തിയത് എൻ ഷംസുദ്ദീൻ എന്ന സ്ഥാനാർഥിയുടെ മികവ് കൊണ്ടു കൂടിയാണ്.
ശ്രമിച്ചു പക്ഷേ വിജയിച്ചില്ല കോണി കയറി മലപ്പുറം
മലപ്പുറം ജില്ല മുൻ വർഷങ്ങളിലെ പോലെ ലീഗിനെ കാത്തു. പക്ഷേ വള്ളിക്കുന്ന് ഒഴികെ മിക്ക മണ്ഡലങ്ങളിലും വോട്ട് വിഹിതത്തില്‍ വലിയ കുറവുണ്ടായി. ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് മത്സരിച്ച തിരൂരങ്ങാടി, സാക്ഷാല്‍ പികെ കുഞ്ഞാലിക്കുട്ടി മത്സരിച്ച, ലീഗിന്‍റെ പൊന്നാപുരം കോട്ടയെന്ന് വിശേഷിപ്പിക്കുന്ന വേങ്ങര എന്നി മണ്ഡലങ്ങളില്‍ അതി ശക്തമായ മത്സരം നേരിട്ടാണ് ലീഗിന് വിജയിച്ചു കയറാൻ കഴിഞ്ഞത്. പ്രതീക്ഷിച്ച ഭൂരിപക്ഷം നേടാനായില്ലെന്നത് തിരിച്ചടിയാകുകയും ചെയ്തു.
പെരിന്തല്‍മണ്ണയില്‍ തോല്‍വിയുടെ വക്കില്‍ നിന്നാണ് നജീബ് കാന്തപുരം കേവലം 38 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചു കയറിയത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ചെറിയ ഭൂരിപക്ഷം കൂടിയായിരുന്നു നജീബ് കാന്തപുരം നേടിയത്. പെരിന്തല്‍മണ്ണയിലെ തെരഞ്ഞെടുപ്പ് ഫലത്തിന് എതിരെ എല്‍ഡിഎഫ് കോടതിയെ സമീപിക്കാനിരിക്കുകയാണ്. കാസർകോട് ജില്ലയിലെ സിറ്റിങ് സീറ്റുകളായ മഞ്ചേശ്വരത്ത് ഇത്തവണയും പോരാട്ടം ശക്തമായിരുന്നു. പക്ഷേ ജയിച്ചു കയറി. മണ്ഡല രൂപീകരണത്തിന് ശേഷം മറ്റാർക്കും വിട്ടുകൊടുക്കാത്ത കാസർകോട്ട് ഇത്തവണ ബിജെപി ഉയർത്തിയ ശക്തമായ വെല്ലുവിളി നേരിട്ട് വിജയിക്കാനായതും ആശ്വാസമാണ്.
പച്ചതൊടാതെ തെക്കൻ കേരളം
തെക്കൻ ജില്ലകളില്‍ ഇത്തവണ വലിയ പരാജയമാണ് ലീഗിനെ കാത്തിരുന്നത്. ഇതുവരെ പരാജയമറിയാതിരുന്ന കളമശേരി കൈവിട്ടു. ഗുരുവായൂർ, പുനലൂർ മണ്ഡലങ്ങളില്‍ മത്സരം പോലും കാഴ്‌ചവെയ്‌ക്കാനായില്ല. അതിനിടെ ഇത്തവണ മത്സരിക്കാൻ സീറ്റ് ലഭിക്കാതിരുന്ന ലീഗ് നേതാക്കൻമാരുടെ എണ്ണവും കൂടുതലാണ്. അവരില്‍ മുൻ മങ്കട എംഎല്‍എ ടിഎ അഹമ്മദ് കബീർ അടക്കമുള്ളവർ പരസ്യ പ്രതിഷേധം ഉയർത്തുകയും ചെയ്‌തിരുന്നു. അവരുടെ രാഷ്ട്രീയ ഭാവി എന്താണെന്ന് കാത്തിരുന്ന് കാണേണ്ടി വരും. നേരത്തെ ലീഗ് വിട്ടിറങ്ങി ഐഎൻഎല്‍ എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചവർ ഇന്ന് സന്തോഷിക്കുന്നുണ്ടാകും. അവർക്ക് എല്‍ഡിഎഫ് മുന്നണിയില്‍ പ്രവേശനം ലഭിക്കുകയും മത്സരിച്ച മൂന്ന് സീറ്റുകളില്‍ ഒരെണ്ണം ജയിക്കുകയും ചെയ്തു.
എന്നാലും എന്‍റെ റബ്ബേ
തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടു പിന്നാലെ മുൻ മന്ത്രിയും മുസ്ലീലീഗ് നേതാവുമായ പികെ അബ്‌ദുറബ് ഫേസ്ബുക്കില്‍ എഴുതിയത് മുസ്ലീലീഗില്‍ വലിയ ചർച്ചകൾക്ക് വഴി തെളിച്ചു കഴിഞ്ഞു.
" യുദ്ധമുഖത്ത് നിന്ന് പിന്തിരിഞ്ഞോടിയവരെ പ്രവാചകൻ വിശേഷിപ്പിച്ചത് മറക്കരുത്" . സാധാരണ ഗതിയില്‍ ഇത്തരം പരാമർശങ്ങളെ ഒളിയമ്പ് എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്. പക്ഷേ ഇത് ഒളിയമ്പല്ല, പറയുവാനുള്ളത് പികെ അബ്‌ദുറബ് കൃത്യമായി പറഞ്ഞിട്ടുണ്ട്. തിരൂരങ്ങാടിയില്‍ നിന്ന് രണ്ട് തവണ ജയിച്ച് എംഎല്‍എയും ഒരു തവണ മന്ത്രിയുമായ അബ്‌ദുറബിന് ഇത്തവണ മത്സരിക്കാൻ അവസരം നല്‍കിയിരുന്നില്ല.
" ജനാധിപത്യത്തിന്‍റെ ശ്രീകോവിലുകളിലേക്ക് ജനം അവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് അഞ്ച് വർഷം അവരുടെ ശബ്‌ദം നിയമനിർമാണ സഭകളില്‍ മുഴങ്ങാനാണെന്നതാണ് യാഥാർഥ്യം. അത് മറക്കുന്നിടത്ത് മൂർദ്ധാവിനുള്ള അടിയുടെ ആഘാതം വീണ്ടും കൂടുന്നു. യുദ്ധമുഖത്ത് നിന്ന് പിന്തിരിഞ്ഞോടിയവരെ പ്രവാചകൻ വിശേഷിപ്പിച്ചത് മറക്കരുത്" എന്നാണ് അബ്ദുറബ് എഴുതിയിരിക്കുന്നത്. ലോക്‌സഭ അംഗത്വം പാതിവഴിയില്‍ ഉപേക്ഷിച്ച് നിയമസഭയിലേക്ക് മത്സരിക്കാനെത്തിയ പികെ കുഞ്ഞാലിക്കുട്ടിയെ, പ്രവാചകനെ കൂട്ടുപിടിച്ച് പരസ്യമായി വിമർശിക്കുകയാണ് അബ്‌ദുറബ്.
അഴീക്കോട് മണ്ഡലത്തിലെ മുസ്ലീംലീഗ് സ്ഥാനാർഥി കെഎം ഷാജി, പേരാമ്പ്രയിലെ ലീഗ് സ്ഥാനാർഥി സിഎച്ച് ഇബ്രാഹിംകുട്ടി അടക്കമുള്ളവർക്ക് സ്ഥാനാർഥിത്വം നല്‍കിയതിനെയും അബ്‌ദുറബ് വിമർശിക്കുന്നുണ്ട്. " പൊതുസമൂഹം കുറ്റാരോപിതരായി കാണുന്നവരെ അവർ നിരപരാധിത്വം തെളിയിക്കുന്നതിന് മുന്നേ സംഘടനയുടെ അടിസ്ഥാന ഘടകങ്ങളുടെ അഭിപ്രായം പോലും മാനിക്കാതെ മണ്ഡലങ്ങളുടെ ശിരസില്‍ കെട്ടിവെച്ചാല്‍ ഏത് മഹാനാണെങ്കിലും ജനം അതിന്‍റെ മറുപടി തന്നിരിക്കുമെന്നും അബ്‌ദുറബ് പറയുന്നു. " ഈ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഞാനടക്കമുള്ള നേതൃത്വം ആണെന്നതും ഞഞ്ഞാപിഞ്ഞാ കാരണങ്ങൾ പറയാതെ അത് ഉൾക്കൊള്ളാനുള്ള ചങ്കുറപ്പ് നാം കാണിക്കേണ്ടതാണെന്നും അബ്‌ദുറബ് ഫേസ്‌ബുക്കില്‍ എഴുതി അവസാനിപ്പിക്കുന്നു".
മനസു മാറുന്ന മലപ്പുറം
നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ബഹളത്തിനിടയില്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് വളരെ ഭംഗിയായി നടന്നു. ഇ അഹമ്മദും പികെ കുഞ്ഞാലിക്കുട്ടിയും മത്സരിച്ചപ്പോഴെല്ലാം ഭൂരിപക്ഷം റെക്കോഡ് ബുക്കില്‍ മാറ്റിയെഴുതിയ മലപ്പുറത്ത് ഇത്തവണ കാര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല. സിപിഎം സ്ഥാനാർഥി വിപി സാനു ഉയർത്തിയത് അതി ശക്തമായ മത്സരം. ലീഗിന്‍റെ ദേശീയ നേതാക്കളില്‍ പ്രമുഖനായ എംപി അബ്‌ദുൾ സമദാനി ജയിച്ചെങ്കിലും ഭൂരിപക്ഷത്തില്‍ വലിയ കുറവുണ്ടായത് ലീഗിന് ക്ഷീണമാകും. മലപ്പുറം എളുപ്പത്തില്‍ ജയിച്ചുകയറാവുന്ന ലോക്‌സഭാ മണ്ഡലമാണെന്ന ലീഗിന്‍റെ ധാരണയ്ക്ക് മാറ്റം വരുത്താനും ഇത്തവണ സിപിഎമ്മിന് കഴിഞ്ഞു.