പട്‌ന :രാജ്യത്ത് പല കോണുകളിലും വർഗീയ വിദ്വേഷം വളർത്തുന്നതിനുള്ള ശ്രമങ്ങൾ നടക്കുമ്പോഴും സഹവർത്തിത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രാധാന്യം ഉയർത്തിപ്പിടിക്കുകയാണ് ബിഹാറിലെ ഒരു മുസ്ലിം കുടുംബം. കിഴക്കൻ ചമ്പാരൻ ജില്ലയിലെ വ്യവസായിയായ ഇഷ്ത്യാഖ് അഹമ്മദ് ഖാനും കുടുംബവുമാണ് വിരാട് രാമായണ ക്ഷേത്രം നിർമിക്കുന്നതിനായി, കോടികൾ വിലവരുന്ന തങ്ങളുടെ ഭൂമി സംഭാവനയായി നൽകിയത്.
ക്ഷേത്രത്തിനായി തന്‍റെ 2.5 കോടി വിലവരുന്ന ഭൂമിയാണ് ഇഷ്ത്യാഖ് സംഭാവന നൽകിയത്. നിർമാണം പൂർത്തിയായാൽ ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഹിന്ദു ക്ഷേത്രമായിരിക്കും ഇത്. ഭൂമി നൽകാൻ തീരുമാനമെടുത്തപ്പോൾ രണ്ടാമതൊന്ന് ചിന്തിച്ചില്ല. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രത്തിനുവേണ്ടി ഭൂമി നൽകാതെ മറ്റെന്തിന് താൻ സംഭാവന നൽകുമെന്നായിരുന്നു വിഷയത്തിൽ പ്രതികരിച്ച ഇഷ്ത്യാഖിന്‍റെ വാക്കുകൾ.
മതേതരത്വം ഉയർത്തി ഇഷ്‌ത്യാഖും കുടുംബവും
അസമിലെ ഗുവാഹത്തിയിൽ വ്യവസായം നടത്തുന്ന ഇഷ്ത്യാഖ് അഹമ്മദ് ഖാൻ കുടുംബാംഗങ്ങളുടെ പൂർണ പിന്തുണയോടെ ചൊവ്വാഴ്‌ചയാണ് ക്ഷേത്രത്തിന്‍റെ പേരിൽ വസ്‌തു രജിസ്റ്റർ ചെയ്‌തത്. ഇതിലൂടെ ഇരു സമുദായങ്ങളുടെയും ഐക്യത്തിന് വഴി തെളിക്കുമെന്ന് ഇഷ്ത്യാഖിൽ നിന്നും രേഖ സ്വീകരിച്ച മഹാവീർ മന്ദിർ ട്രസ്റ്റ് സെക്രട്ടറി ആചാര്യ കിഷോർ കുനാൽ മാധ്യമങ്ങളോട് പറഞ്ഞു. മഹാവീർ മന്ദിറിന് വേണ്ടിയും ഇതേ കുടുംബം ഭൂമി സംഭാവന ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.