മുംബൈ: താജ് ഹോട്ടലില്‍ പരിഭ്രാന്തി സൃഷ്ടിച്ച് വ്യാജ ബോംബ് ഭീഷണി. രണ്ട് ഭീകരര്‍ ഹോട്ടലിനുള്ളില്‍ പ്രവേശിക്കുമെന്നും ഹോട്ടലിന് സുരക്ഷ വര്‍ധിപ്പിക്കണമെന്നുമായിരുന്നു ഫോണ്‍ സന്ദേശം.
സന്ദേശം ലഭിച്ച ഉടനെ ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ വസ്തുക്കൾ ഒന്നും കണ്ടെത്താനായില്ല. അന്വേഷണത്തില്‍ ഇത് വ്യാജ സന്ദേശമാണെന്ന് കണ്ടെത്തുകയും ചെയ്തു.
Also Read: മഹാരാഷ്ട്ര സെക്രട്ടേറിയറ്റിൽ വ്യാജ ബോംബ് ഭീഷണി; പ്രതി പിടിയിൽ
ഫോണ്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ കരാഡ് സ്വദേശിയായ 14കാരനാണ് വ്യാജ സന്ദേശം നല്‍കിയതെന്ന് വ്യക്തമായി. കുട്ടിയെയും മാതാപിതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഗൂഗിളില്‍ നിന്നാണ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ഹോട്ടലിന്‍റെ നമ്പര്‍ ലഭിച്ചത്. തുടര്‍ന്ന് തന്‍റെ മൊബൈലിൽ നിന്ന് ഹോട്ടലിലേക്ക് വിളിക്കുകയും തോക്കുധാരികളായ രണ്ട് പേര്‍ ഹോട്ടലില്‍ എത്തുമെന്നും ഹോട്ടലിന്‍റെ പിൻഗേറ്റിൽ സുരക്ഷ ഏർപ്പെടുത്തണമെന്നും പറഞ്ഞു.
മുംബൈയിലെ താജ് ഹോട്ടലില്‍ വ്യാജ ബോംബ് ഭീഷണി സിനിമയും സീരീസും കണ്ടതിനെ തുടര്‍ന്നാണ് ഹോട്ടലിലേക്ക് ഫോണ്‍ ചെയ്തതെന്ന് കുട്ടി പറഞ്ഞതായി പൊലീസ് അറിയിച്ചു. എന്നാല്‍ മാതാപിതാക്കള്‍ക്ക് സംഭവത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ല. കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
Also Read: സ്വന്തമായി ലംബോർഗിനി നിർമിച്ച് യുവാവ്; വാഹനം കാണാൻ സന്ദർശകത്തിരക്ക്
ജൂണ്‍ 21ന് മഹാരാഷ്ട്ര സർക്കാരിന് വ്യാജ ഇ-മെയിൽ സന്ദേശം അയച്ച 53കാരന്‍ പിടിയിലായിരുന്നു. 2008 നവംബറില്‍ ഹോട്ടലിന് നേരെ പാകിസ്ഥാൻ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 9 അക്രമികള്‍ ഉള്‍പ്പെടെ 175 പേര്‍ കൊല്ലപ്പെട്ടിരുന്നു.