ലഖ്നോ : സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്‍റെ മരുമകള്‍ അപര്‍ണ യാദവ് ബിജെപിയില്‍ ചേര്‍ന്നു. മുലായം സിങ് യാദവിന്‍റെ മകന്‍ പ്രദീക് യാദവിന്‍റെ ഭാര്യയാണ് അപര്‍ണ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ആകൃഷ്ടയായാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്ന് അപര്‍ണ യാദവ് പ്രതികരിച്ചു. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ് തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം.
ദേശീയ താല്‍പ്പര്യമാണ് തന്‍റെ പ്രഥമ പരിഗണനയെന്ന് അപര്‍ണ യാദവ് പ്രതികരിച്ചു. ശുചിത്വത്തിനും, സ്ത്രീകളുടെ ശാക്തീകരണത്തിനും തൊഴില്‍ അവസരം സൃഷ്ടിക്കുന്നതിനുമൊക്കെ വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ അപര്‍ണ യാദവ് പ്രകീര്‍ത്തിച്ചു. മുലായം സിങ് യാദവിന്‍റെ രണ്ടാം ഭാര്യയിലുള്ള മകനാണ് അപര്‍ണയുടെ ഭര്‍ത്താവ് പ്രതീക് യാദവ്. കുടുംബത്തില്‍ മാത്രമല്ല മുഖ്യമന്ത്രിയായിരുന്നപ്പോഴും നിലവില്‍ പാര്‍ലമെന്‍റ് അംഗം എന്ന നിലയിലും അഖിലേഷ് യാദവ് പൂര്‍ണ പരാജയമാണെന്ന് കേശവ് പ്രസാദ് മൗര്യ ആരോപിച്ചു.
ഉത്തര്‍പ്രദേശിലെ ഒരു മണ്ഡലത്തില്‍ നിന്നും മത്സരിക്കാനുള്ള ധൈര്യം അഖിലേഷ് യാദവിന് ഇല്ലെന്നും മൗര്യ അവകാശപ്പെട്ടു. വരാന്‍പോകുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കണോ എന്നതില്‍ അഖിലേഷ് യാദവ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇതിനെ സൂചിപ്പിച്ചാണ് മൗര്യയുടെ പരിഹാസം. അപര്‍ണ യാദവ് സമാജ്‌വാദി പാര്‍ട്ടിയില്‍ ആയിരിക്കെ തന്നെ അവരുടെ പല പ്രതികരണങ്ങളും ബിജെപിയെ പിന്തുണച്ചുള്ളതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.