ലഖ്നൗ:ഗുണ്ടാത്തലവനില്‍ നിന്നും രാഷ്ട്രീയക്കാരനായി മാറിയ ബിഎസ്പി നേതാവ് മുക്താര്‍ അര്‍സാരി പഞ്ചാബിലെ മൊഹാലി കോടതിയിലും ഉത്തര്‍പ്രദേശിലെ ലക്നൗ കോടതിയിലും ഇന്ന് ഹാജരാകും. രണ്ട് കേസുകളിലായാണ് നിലവിൽ ബന്ദ ജയിലിൽ കഴിയുന്ന അൻസാരി വെര്‍ച്യല്‍ മീറ്റ് വഴി ഹാജരാകുന്നത്.
മൊഹാലി കോടതിയില്‍ കൊള്ളയടിക്കല്‍ കേസും, ലക്നൗ കോടതിയില്‍ ജയിലറെയും ഡെപ്യൂട്ടി ജയിലറെയും ആക്രമിച്ച കേസുമാണ് പരിഗണിക്കുന്നത്. 21 വര്‍ഷം മുന്‍പ് ഫയല്‍ ചെയ്ത കേസാണിത്.
2 വര്‍ഷം പഞ്ചാബ് ജയിലില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന അന്‍സാരിയെ ഏപ്രില്‍ 7നാണ് ഉത്തര്‍പ്രദേശ് പൊലീസ് ബാന്ദ ജയിലിലേക്ക് മാറ്റിയത്. ഉത്തര്‍പ്രദേശിലെ മൗ മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ ആണ് അന്‍സാരി. ഉത്തര്‍പ്രദേശിലും മറ്റ് സംസ്ഥാനങ്ങളിലുമായി 52ഓളം കേസുകളാണ് ഇയാളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നിലവില്‍ യോഗി സര്‍ക്കാരിന്‍റെ പൂര്‍ണ നിരീക്ഷണത്തിലാണ് അന്‍സാരി. ജയിലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പന്ത്രണ്ടോളം സിസിടിവി ക്യാമറയിലൂടെ ഗുണ്ടാതലവന്‍റെ ഓരോ ചലനവും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.