കേരളം

kerala

ETV Bharat / bharat

പ്രധാനമന്ത്രിക്ക് ഇനി മുധോൾ ഹൗണ്ട് നായ്ക്കൾ സുരക്ഷയൊരുക്കും - മുധോൾ പട്ടണം

വടക്കൻ കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ മുധോൾ പട്ടണത്തിലാണ് മുധോൾ ഹൗണ്ട് നായ്ക്കൾ കാണപ്പെടുന്നത്. പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതിനായി സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പാണ് ഇവയെ ഉൾപ്പെടുത്തിയത്

Mudhol hound  Modis security team  Special protection group  Mudhol dog  Indian breed  മുധോൾ ഹൗണ്ട്  പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കും  വടക്കൻ കർണാടക  ബാഗൽകോട്ട്  മുധോൾ പട്ടണം  മുധോൾ ഹൗണ്ട്
പ്രധാനമന്ത്രിക്ക് ഇനി മുധോൾ ഹൗണ്ട് നായ്ക്കൾ സുരക്ഷയൊരുക്കും

By

Published : Aug 18, 2022, 8:19 PM IST

ബാഗൽകോട്ട് (കർണാടക) : വടക്കൻ കർണാടകയിൽ നിന്നുള്ള മുധോൾ നായകള്‍ ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷ ഒരുക്കും. സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പാണ് (എസ്‌പിജി) മുധോൾ ഹൗണ്ട് നായകളെ സുരക്ഷാ സംഘത്തിലേക്ക് എടുത്തിരിക്കുന്നത്. ഇന്ത്യൻ ഇനമായ മുധോൾ ഹൗണ്ട് നായ വടക്കൻ കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ മുധോൾ പട്ടണത്തിലാണ് പ്രധാനമായും കാണപ്പെടുന്നത്.

ഡൽഹിയിൽ നിന്നുള്ള എസ്‌പിജി ടീം അംഗങ്ങൾ ബാഗൽകോട്ടിലെത്തി ഈ ഇനത്തിൽപ്പെട്ട രണ്ട് നായ്ക്കുട്ടികളെ ഏപ്രിലിൽ കൊണ്ടുപോയിരുന്നു. മുധോളിലെ തിമ്മാപൂരിനടുത്തുള്ള മുധോൾ ഡോഗ് റിസർച്ച് സെന്‍ററിൽ നിന്നാണ് എസ്‌പിജി സംഘത്തിൽ ഉൾപ്പെടുത്തുന്നതിനായി നായ്ക്കളെ തെരഞ്ഞെടുത്തത്. അവ ഇപ്പോൾ എസ്‌പിജിയുടെ പരിശീലനത്തിലാണ്.

ഇന്ത്യന്‍ ആർമി ആദ്യമായി റിക്രൂട്ട് ചെയ്‌ത ഇന്ത്യൻ ഇനമാണ് മുധോൾ ഹൗണ്ട്. 2017 മുതലാണ് ഇവ ഇന്ത്യൻ ആർമിയുടെ ശ്വാനപ്പടയിൽ അംഗമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2020ലെ മൻ കീ ബാത് പ്രസംഗത്തിൽ മുധോൾ ഹൗണ്ട് നായകളെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു.

പ്രധാനമന്ത്രിക്ക് ഇനി മുധോൾ ഹൗണ്ട് നായ്ക്കൾ സുരക്ഷയൊരുക്കും

അതോടെ ഇവയുടെ തലവരയും മാറി. നിരവധി ആളുകളാണ് മുധോൾ നായകളെ വാങ്ങിയത്. റൺവേകളിൽ നിന്ന് പക്ഷികളെയും മൃഗങ്ങളെയും അകറ്റി നിർത്താൻ ഇന്ത്യൻ എയർഫോഴ്‌സ് ഇവയെ ഉപയോഗിക്കുന്നുണ്ട്.

ചലിക്കുന്ന വസ്‌തുവിലേക്ക് അവ എളുപ്പത്തിൽ ശ്രദ്ധ തിരിക്കുമെന്ന് ചൂണ്ടിക്കാട്ടി ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസും (ഐടിബിപി) ശാസ്‌ത്ര സീമ ബല്ലും (എസ്എസ്ബി) മുധോൾ നായ്ക്കളെ സംഘത്തിൽ എടുത്തിരുന്നില്ല.

മുധോൾ ഹൗണ്ട് നായ്ക്കളുടെ പ്രത്യേകതകൾ :

മെലിഞ്ഞുണങ്ങിയ ശരീരവും ചെറിയ തലയും കൂർത്ത മുഖവും തലയോട് ചേർന്ന് ഒട്ടിക്കിടക്കുന്ന ചെവികളും നീണ്ട കഴുത്തുമാണ് ഇവയ്ക്കുള്ളത്. ചുറുചുറുക്കുള്ള പ്രകൃതവും രോഗപ്രതിരോധശേഷിയുമെല്ലാമാണ് ഇവയെ ഇന്ത്യൻ ആർമി തെരഞ്ഞെടുക്കാനുള്ള കാരണം. ഇന്ത്യൻ ബ്രീഡ് ആയതുകൊണ്ടുതന്നെ സഹനശക്തി, കരുത്ത്, ചുറുചുറുക്ക് തുടങ്ങിയ സവിശേഷതകൾ മുധോൾ ഹൗണ്ടുകൾക്കുണ്ട്.

മുധോളിലെ ഘോർപ്പഡെ രാജവംശം വികസിപ്പിച്ച ഇനമാണിത്. 1920കളിൽ പേർഷ്യൻ, ടർക്കിഷ് ഇനം നായ്ക്കളെ നാടൻ ഇനങ്ങളുമായി ഇണചേർത്താണ് മുധോൾ ഹൗണ്ട് എന്ന ഇനത്തെ ഉത്പാദിപ്പിച്ചത്. കർണാടകയിലാണ് ഇവയെ വ്യാപകമായി വളർത്തുന്നത്. ഓമനമൃഗമായും വേട്ടനായയായും ഒരുപോലെ മുധോളിനെ വളർത്താൻ കഴിയും.

കാരവാൻ ഹൗണ്ട് എന്നും ഇക്കൂട്ടർക്ക് പേരുണ്ട്. 2005 ജനുവരി 9ന് ഇന്ത്യൻ തപാൽ വകുപ്പ് പുറത്തിറക്കിയ സ്‌റ്റാമ്പിൽ ഇടംപിടിച്ച നാല് ഇന്ത്യൻ നായ്ക്കളിൽ ഒന്ന് മുധോൾ ഹൗണ്ട് ആയിരുന്നു. ലാബ്രഡോർ നായ്ക്കൾ 90 സെക്കൻഡുകൾകൊണ്ട് പൂർത്തിയാക്കുന്ന ദൗത്യങ്ങൾ നടപ്പാക്കാന്‍ ഇവയ്ക്ക് 40 സെക്കൻഡുകൾ മാത്രം മതി.

മുധോള്‍ ഹണ്ട് നായകളെ സേന ഉപയോഗിച്ച് തുടങ്ങിയതോടെ നക്‌സൽ മേഖലകളിൽ അതിന്‍റെ ഫലം കണ്ടുതുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒളിപ്പിച്ചുവച്ച സ്ഫോടകവസ്‌തുക്കള്‍ കണ്ടെടുക്കുന്നത് അടക്കമുള്ള ദൗത്യങ്ങളാണ് ഇവയ്ക്ക് നിര്‍വഹിക്കാനുള്ളത്. അതിർത്തിയിലെ ശത്രുക്കളെ കണ്ടെത്താനും മയക്കുമരുന്നുകൾ, ആയുധങ്ങൾ തുടങ്ങിയവ കണ്ടെത്താനും സുരക്ഷയ്ക്കും രക്ഷാപ്രവർത്തനത്തിനുമൊക്കെ ഇവയെ സൈന്യം ഉപയോഗിക്കുന്നുണ്ട്. 53, 27, 26, 13 ബറ്റാലിയനുകളിലാണ് നായകളുടെ സേവനം ഉപയോഗിക്കുന്നത്.

ABOUT THE AUTHOR

...view details