ശിവപുരി(മധ്യപ്രദേശ്):വിവാരാവകാശത്തിനായി അപേക്ഷിക്കുന്നതും മറുപടി ലഭിക്കുന്നതുമൊക്കെ സ്വാഭാവികമാണ്. എന്നാല്‍, മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ മഖാന്‍ ദക്കഡ് എന്ന വ്യക്തിയ്‌ക്ക് വിവരാവകാശ മറുപടി ലഭിച്ചത് ഒരു അത്യപൂര്‍വ കാഴ്‌ചയായിരുന്നു. കാരണം മഖാന് ലഭിച്ച മറുപടി ഒന്‍പതിനായിരത്തോളം പേജായിരുന്നു.
ലോണെടുത്ത് വിവരാവകാശം, മറുപടി 9000 പേജ് നിറയെ, എണ്ണാൻ നാലു പേരും കൊണ്ടുപോകാൻ കാളവണ്ടിയും കൊട്ടും പാട്ടും - വിവരാവകാശത്തിന് 9000 പേജ്
പ്രധാന മന്ത്രിയുടെ ഭവന പദ്ധതി, സമ്പല്‍ പദ്ധതി, നിര്‍മാണം, ശുചിത്വ മിഷന്‍റെ കൗണ്‍സിലിന് കീഴില്‍ നിര്‍മാണത്തിനുള്ള സാധനസാമഗ്രികള്‍ വാങ്ങുന്നത് തുടങ്ങിയവയെക്കുറിച്ചറിയാനായി മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ മഖാന്‍ ദക്കഡ് എന്ന വ്യക്തി അപേക്ഷിച്ച വിവരാവകാശത്തിനായി ലഭിച്ചത് 9000 വരുന്ന പേജുകള്‍, മറുപടി വാങ്ങാനായി എത്തിയത് കാളവണ്ടിയില്‍
പ്രധാന മന്ത്രിയുടെ ഭവന പദ്ധതി, സമ്പല്‍ പദ്ധതി, നിര്‍മാണം, ശുചിത്വ മിഷന്‍റെ കൗണ്‍സിലിന് കീഴില്‍ നിര്‍മാണത്തിനുള്ള സാധനസാമഗ്രികള്‍ വാങ്ങുന്നത് തുടങ്ങിയവയെക്കുറിച്ചറിയാനായിരുന്നു മഖാന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചത്. എന്നാല്‍, തുടക്കത്തില്‍ വിവരങ്ങള്‍ മഖാന് ലഭിച്ചിരുന്നില്ല. എങ്കിലും തളരാതെ ഇയാള്‍ ഗ്വാളിയാറില്‍ നിന്നും ഭോപ്പാലിലേയ്‌ക്ക് അപ്പീലിനായി പോയി. 25,000 രൂപ നിക്ഷേപ തുകയായി ആവശ്യപ്പെട്ടപ്പോള്‍ തന്‍റെ കയ്യില്‍ മതിയായ പണമില്ലാത്തതിനാല്‍ ലോണെടുത്താണ് മഖാന്‍ തുക നല്‍കിയത്.
ഏറെ കാത്തിരുന്ന മറുപടി വാങ്ങാനായി മഖാന്‍ ദക്കഡ് സിറ്റി കൗണ്‍സില്‍ ഓഫീസില്‍ എത്തിയത് കാളവണ്ടിയില്‍ കൊട്ടും പാട്ടുമായായിരുന്നു. കൂടാതെ മറുപടി ലഭിക്കുന്ന പേജ് എണ്ണിത്തിട്ടപ്പെടുത്താന്‍ നാല് പേരെയും കൂടെ കൂട്ടി. ഏറെക്കുറെ രണ്ട് മണിക്കൂര്‍ നേരമെടുത്ത് മറുപടി എണ്ണിത്തിട്ടപ്പെടുത്തിയിട്ട് പോക്കറ്റ് കാലിയായെങ്കിലും കഷ്‌ടപ്പാടിന്‍റെ ഫലം ഒന്‍പതിനായിരത്തോളം പേജില്‍ ലഭിച്ചല്ലോ എന്ന സന്തോഷത്തില്‍ പേജ് തലയില്‍ താങ്ങി കാളവണ്ടിയില്‍ കൊട്ടും പാട്ടുമായി മഖാന്‍ കൗണ്‍സില്‍ ഓഫീസില്‍ നിന്നും മടങ്ങി.