കേരളം

kerala

By

Published : Apr 28, 2021, 2:08 PM IST

Updated : Apr 28, 2021, 2:24 PM IST

ETV Bharat / bharat

സിദ്ദീഖ് കാപ്പനെ ഡൽഹിയിലേയ്‌ക്ക് മാറ്റാൻ സുപ്രീംകോടതി നിർദേശം

സിദ്ദീഖ് കാപ്പൻ കൊവിഡ്‌ മുക്തനായെന്ന്‌ യുപി സർക്കാർ സുപ്രീംകോടതിയില്‍ റിപ്പോർട്ട്‌ നൽകിയിരുന്നു

സിദ്ദീഖ് കാപ്പനെ ഡൽഹിയിലേയ്‌ക്ക് മാറ്റാൻ സുപ്രീംകോടതി നിർദേശം
സിദ്ദീഖ് കാപ്പനെ ഡൽഹിയിലേയ്‌ക്ക് മാറ്റാൻ സുപ്രീംകോടതി നിർദേശം

ന്യൂഡല്‍ഹി: ചികിത്സയ്‌ക്കായി സിദ്ദീഖ് കാപ്പനെ മഥുര ജയിലിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീം കോടതി നിർദേശം. എയിംസ്, ആര്‍.എം.എല്‍ എന്നിവയില്‍ ഏതെങ്കിലും ആശുപത്രി പരിഗണിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. സിദ്ദീഖ് കാപ്പന് ജാമ്യത്തിനായി ഉത്തര്‍പ്രദേശിലെ വിചാരണ കോടതിയെ സമീപിക്കാം. യു.പി സര്‍ക്കാര്‍ ഇടപ്പെട്ട് കാപ്പന് കിടക്ക ലഭ്യമാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബഞ്ചിന്‍റേതാണ് നിര്‍ദേശം.

സിദ്ദീഖ് കാപ്പൻ കൊവിഡ്‌ മുക്തനായെന്ന്‌ യുപി സർക്കാർ സുപ്രീംകോടതിയില്‍ റിപ്പോർട്ട്‌ നൽകിയിരുന്നു. ഇന്നലെ അദ്ദേഹത്തെ മഥുര മെഡിക്കൽ കോളജിൽ നിന്ന്‌ ഡിസ്‌ചാർജ്‌ ചെയ്‌ത്‌ തിരിച്ച്‌ ജയിലിലേക്ക്‌ കൊണ്ടുപോയെന്നാണ്‌ സത്യവാങ്‌മൂലത്തിൽ പറഞ്ഞിരുന്നത്. സിദ്ദീഖ് കാപ്പന് അടിയന്തര ചികിത്സ നൽകണം എന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയനാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഹഥ്രാസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്ന വഴിക്കാണ് മലയാളി മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന്‍ അറസ്റ്റിലാവുന്നത്. യുഎപിഎ പ്രകാരം തടവിലാക്കപ്പെട്ട കാപ്പന്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയാണെന്നാണ് പത്രപ്രവര്‍ത്തകൻ യൂണിയൻ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

ഹൃദ്രോഗവും പ്രമേഹവും അലട്ടുന്ന കാപ്പന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മഥുരയിലെ കെവിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രി കട്ടിലില്‍ ചങ്ങലകൊണ്ട് കെട്ടിയിട്ടിരിക്കുകയാണെന്നും നാല് ദിവസമായി ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും ചങ്ങലകൊണ്ട് കെട്ടിയിരിക്കുന്നതിനാല്‍ ശുചിമുറിയില്‍ പോകാന്‍ പോലും കഴിയുന്നില്ലെന്ന് റെയ്ഹാനത്ത് മാധ്യമങ്ങളെ അറിയിച്ചിരുന്നു.

Last Updated : Apr 28, 2021, 2:24 PM IST

ABOUT THE AUTHOR

...view details