ഹൈദരാബാദ്:അപകടത്തില്‍ കൈയും കാലും നഷ്‌ടപ്പെട്ടത് എവറസ്‌റ്റ് അടക്കമുള്ള വലിയ പര്‍വതങ്ങള്‍ കയറുന്നതിന് തടസ്സമായില്ല തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിലെ ചൗട്ടുപ്പാല്‍ സ്വദേശി ചിഡുഗുല്ല ശേഖർ ഗൗഡ് എന്ന 31 വയസുള്ള യുവാവിന്. കൃത്രിമക്കാല്‍ ഉപയോഗിച്ച് കീഴടക്കാനുള്ള പര്‍വതങ്ങള്‍ ഇനിയും ബാക്കിയുണ്ട് ചിഡുഗുല്ല ശേഖറിന്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഏഴ് പര്‍വതങ്ങള്‍ കയറുക എന്ന ലക്ഷ്യമാണ് ശേഖറിനുള്ളത്. ഇതില്‍ മൂന്നെണ്ണം പൂര്‍ത്തിയാക്കി അദ്ദേഹം. 5,364 മീറ്റര്‍ ഉയരത്തിലുള്ള ഏവറസ്‌റ്റ് ബേയിസ് കേമ്പ്, റഷ്യയിലെ 5,642 മീറ്റര്‍ ഉയരത്തിലുള്ള എല്‍ബ്രസ് പര്‍വതം, ആഫ്രിക്കയിലെ 5,895 മീറ്റര്‍ ഉയരത്തില കിളിമഞ്ചാരോ പര്‍വതം എന്നിവ കയറി ശേഖര്‍ ഇന്ത്യന്‍ പതാക നാട്ടി. ലോകത്തിലെ നാലാമത്തെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ അര്‍ജന്‍റീനയിലെ അക്കോൺകാഗ്വ കയറാന്‍ തയ്യാറെടുക്കുകയാണ് അദ്ദേഹം.
ദരിദ്ര കുടുംബത്തില്‍ നിന്നുള്ള ആളായത് കൊണ്ട് തന്നെ സര്‍ക്കാരില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും അദ്ദേഹം സഹായം പ്രതീക്ഷിക്കുന്നുണ്ട്. ക്രൗഡ് ഫണ്ട് ഉപയോഗിച്ചാണ് പര്‍വതാരോഹണത്തിനും മറ്റ് സാഹസികതകള്‍ക്കുമുള്ള പണം ശേഖര്‍ കണ്ടെത്തുന്നത്. അക്കോൺകാഗ്വ പര്‍വതാരോഹണത്തിനായി 14 ലക്ഷം രൂപ വേണമെന്നാണ് കണക്കാക്കുന്നത്.