ഡിണ്ടിഗൽ : അന്ധവിശ്വാസത്തിന്‍റ പേരിൽ നാല് മാസം മാത്രം പ്രായമുള്ള മകനെ അമ്മ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തി. പളനിയിലാണ് മഹേശ്വരൻ-ലത ദമ്പതികളുടെ മകൻ ഗോകുൽ കൊല്ലപ്പെട്ടത്. ബുധനാഴ്‌ചയായിരുന്നു നടുക്കുന്ന സംഭവം.
മഹേശ്വരൻ ജോലിക്ക് പോയ സമയത്ത് 25കാരിയായ ലത കുട്ടിയെ സമീപത്തുള്ള പാലാർ പുഴയിൽ എറിയുകയായിരുന്നു. തുടർന്ന് തിരികെ എത്തിയ ലത പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ മകനെ കാണാതായെന്ന് പറഞ്ഞ് വീട്ടുകാരോടൊപ്പം അന്വേഷിക്കാൻ ആരംഭിച്ചു. ഇതിനിടയിൽ പുഴയരികിലുള്ള കുറ്റിക്കാട്ടിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തി.
ഉടൻ പളനി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. സംഭവത്തിൽ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് കുട്ടിയുടെ അമ്മയെയും അച്ഛനെയും ചോദ്യം ചെയ്‌തു. ലതയുടെ മറുപടിയിൽ പൊരുത്തക്കേടുകൾ തോന്നിയ പൊലീസ് കൂടുതൽ ചോദ്യം ചെയ്‌തപ്പോൾ അവര്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.