നോയിഡ (ഉത്തർപ്രദേശ്):അയൽവാസിയുമായുള്ള തന്‍റെ വിവാഹേതര ബന്ധം തിരിച്ചറിഞ്ഞ എട്ടുവയസുകാരനെ കൊലപ്പെടുത്തി അമ്മ. ഉത്തർപ്രദേശിലെ നോയിഡയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കൊലപാതകത്തില്‍ മാതാവ് മനക് ഭൂരി (45) അയൽവാസിയും ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്‌തതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (സെൻട്രൽ നോയിഡ) അനിൽ കുമാർ യാദവ് അറിയിച്ചു.
കുട്ടിയെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ജലാശയത്തിൽ തള്ളുകയായിരുന്നു. അമ്മയാണ് കുട്ടിക്ക് ആദ്യം വിഷം നൽകിയതെന്നും തുടർന്ന് സംഭാൽ ജില്ലയിലെ ജലാശയത്തിൽ തള്ളുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഗ്രേറ്റർ നോയിഡ നിവാസിയും റെയിൽവേയിൽ കീമാനായി ജോലി ചെയ്യുകയുമായിരുന്ന ഓംപാൽ സിങ് (53) എന്നയാളുമായാണ് യുവതി വിവാഹേതര ബന്ധത്തില്‍ ഏർപ്പെട്ടിരുന്നത്. ഇവരുടെ ബന്ധം മകൻ കണ്ടതാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്.
അമ്മയുൾപ്പടെ അഞ്ചുപേർ പിടിയില്‍:സംഭവത്തില്‍ മനക് ഭൂരിയുടെ ഭർതൃസഹോദരനേയും മൃതദേഹം ഉപേക്ഷിക്കാൻ സഹായിച്ച കുട്ടിയുടെ അമ്മാവനേയും അറസ്റ്റ് ചെയ്‌തതായി പൊലീസ് പറഞ്ഞു. മൃതദേഹം ഒളിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ സഹോദരിയുടെ ഭർതൃ പിതാവ് അമർ സിങ് എന്നയാളും അറസ്റ്റിലായിട്ടുണ്ട്.
ജൂലൈ രണ്ടിനാണ് കുട്ടിയെ കാണാതാവുന്നത്. തുടർന്ന് പിതാവ് കല്യാൺ, കുട്ടിയെ കാണാതായെന്ന് കാട്ടി പൊലീസില്‍ പരാതി നൽകി. കുട്ടിയെ കാണാതായി മൂന്ന് ദിവസത്തിന് ശേഷം ജൂലൈ അഞ്ചിനാണ് പ്രാദേശിക ബദൽപൂർ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തതെന്ന് പൊലീസ് പറയുന്നു. തുടർന്ന്, നടത്തിയ അന്വേഷണത്തിനൊടുവില്‍ ജൂലൈ ഏഴിന് കുട്ടിയുടെ മൃതദേഹം സംഭാൽ ജില്ലയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
വഴിത്തിരിവ് ഇങ്ങനെ: കുട്ടിയുടേത് മുങ്ങിമരണമാണ് എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നതെന്ന് ഡിസിപി യാദവ് പറഞ്ഞു. എന്നാൽ, സംഭാൽ തന്‍റെ സ്വദേശമാണെന്ന് പിതാവ് പൊലീസിനെ അറിയിച്ചതാണ് കേസില്‍ വഴിത്തിരിവായത്. തുടർന്ന് നടന്ന വിശദമായ അന്വേഷണത്തില്‍ കേസിലെ മുഖ്യപ്രതിയായ കുട്ടിയുടെ അമ്മ ഭൂരിക്ക് ഓംപാൽ സിങ്ങുമായി വിവാഹേതര ബന്ധമുണ്ടെന്ന് വ്യക്തമായി.
ജൂൺ 28ന് രാത്രി കുട്ടി, ഭൂരിയെയും ഓംപാലിനെയും ഒരുമിച്ച് കണ്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തങ്ങളുടെ ബന്ധം മറ്റുള്ളവർ അറിഞ്ഞാല്‍ കുടുംബത്തിനും സമൂഹത്തിനും ഇടയിൽ നാണക്കേട് ഉണ്ടാകുമെന്ന് ഭയന്നാണ് കുട്ടിയെ ഇല്ലാതാക്കാൻ അമ്മയും പങ്കാളിയും തീരുമാനിച്ചതെന്ന് പൊലീസ് ഓഫിസർ വ്യക്തമാക്കി.
ജൂലൈ രണ്ടിന് കുട്ടിയെ കാണാതായെങ്കിലും ജൂലൈ അഞ്ചിന് മാത്രമാണ് കുടുംബം പൊലീസില്‍ പരാതി നൽകിയത്. കല്യാണിന്‍റെ ആദ്യ വിവാഹത്തിലെ മകളുടെ ഭർതൃഗൃഹത്തിലാണ് ജൂലൈ രണ്ട് മുതല്‍ കുട്ടി ഉണ്ടായിരുന്നത്. എന്നാല്‍ ഇക്കാര്യം കല്യാൺ അറിഞ്ഞിരുന്നില്ല.
നടന്നത് ക്രൂരമായ കൊലപാതകം:ജൂലൈ ആറിന് പ്രതി ഭൂരി മകളുടെ വീട്ടിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി സൾഫസ് വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. പിന്നാലെ മൃതദേഹം മറവ് ചെയ്യാൻ അമർ സിങ് ഇവർക്ക് സഹായം നൽകി. അമർ സിങ്ങും മനക് ഭൂരിയും ചേർന്നാണ് കുട്ടിയെ സംഭാലിലെ ഒരു ജലാശയത്തിൽ തള്ളിയതെന്ന് ഡിസിപി യാദവ് പറഞ്ഞു. ചോദ്യം ചെയ്യലിൽ ഗൂഢാലോചന നടത്തിയതായി നാല് പ്രതികളും സമ്മതിച്ചെന്നും ഓംപാലും ഭൂരിയുമാണ് കൊലപാതകത്തിന്‍റെ മുഖ്യ ആസൂത്രകരെന്നും പൊലീസ് പറഞ്ഞു.
ഐപിസി സെക്ഷൻ 363 (തിരോധാനം), സെക്ഷൻ 302 (കൊലപാതകം), 201 (തെളിവുകൾ നശിപ്പിക്കൽ), 120 ബി (ക്രിമിനൽ ഗൂഢാലോചന), 34 (പൊതു ഉദ്ദേശ്യത്തോടെ നിരവധി ആളുകളുമായുള്ള പ്രവൃത്തി), 506 (ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ബുധനാഴ്‌ച പ്രാദേശിക കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പൊലീസ് അറിയിച്ചു.