ഹൈദരാബാദ്: ആൺസുഹൃത്തുമായുള്ള ബന്ധത്തിന് തടസം നിന്ന മകനെ അമ്മ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മെഹബൂബ് നഗർ ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. മെഹബൂബ് നഗർ സ്വദേശി വെങ്കിടേഷാണ് (29) മരിച്ചത്.
30 വർഷം മുൻപാണ് വെങ്കിടേഷിന്‍റെ അമ്മ ദയമ്മയും പിതാവ് പപയ്യയും തമ്മിലുള്ള വിവാഹം നടന്നത്. വെങ്കിടേഷിനെ കൂടാതെ രണ്ട് പെൺമക്കൾ കൂടി ഇവർക്കുണ്ട്. പത്ത് വർഷം മുൻപ് അസുഖം ബാധിച്ച് പപയ്യ മരണപ്പെട്ടിരുന്നു. ശേഷം ഇതേ ഗ്രാമത്തിലെ ശ്രീനിവാസ് എന്നയാളുമായി ദയമ്മ അടുപ്പത്തിലായി.
എന്നാൽ ദയമ്മയും ശ്രീനിവാസും തമ്മിലുള്ള ബന്ധത്തിന്‍റെ പേരിൽ വെങ്കിടേഷ് ഇവരുമായി പലതവണ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ചൊവ്വാഴ്‌ച രാത്രി മദ്യപിച്ച് വീട്ടിൽ എത്തിയ മകനെ ഇതോടെ ദയമ്മ വടികൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നു. സംഭവ സ്ഥലത്തു വച്ച് തന്നെ ഇയാൾ മരണപ്പെട്ടു.
മൃതദേഹം വീടിന് സമീപത്തെ ജലാശയത്തിൽ തള്ളിയ ശേഷം മകനെ കാണാനില്ലെന്ന് ബുധനാഴ്‌ച ദയമ്മ നാട്ടുകാർക്ക് മുന്നിൽ അഭിനയിക്കുകയും ചെയ്‌തു. ശ്രീനിവാസിന്‍റെ മരുമകൻ നർസിമുലുവും കൊലപാതകത്തിന് കൂട്ടുനിന്നു. വെങ്കിടേഷിനെ കണ്ടെത്താൻ നാട്ടുകാർ തിരച്ചിൽ തുടങ്ങിയപ്പോൾ ദയമ്മയും ശ്രീനിവാസും നർസിമുലുവും നാടുവിടുകയായിരുന്നു.
വെങ്കിടേഷിന്‍റെ മൃതദേഹം മൊട്ടുകുളകുണ്ടയിൽ കണ്ട നാട്ടുകാർ പൊലീസിൽ പരാതി നൽകി. മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി അന്വേഷണം ആരംഭിച്ചു. ദയമ്മയുടെ രണ്ടു പെൺമക്കളും വിവാഹിതരാണ്.