രാജ്യത്തെ അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളില്‍ പോഷകാഹാര കുറവ് കൊണ്ടുള്ള പ്രശ്‌നങ്ങള്‍ വളരെ വ്യാപകമാണെന്ന് ഈയിടെ ദേശീയ കുടുംബാരോഗ്യ സര്‍വെ വെളിപ്പെടുത്തുകയുണ്ടായി. ഏറ്റവും കൂടുതല്‍ പരിഗണന പോഷകാഹാരത്തിന് നല്‍കണമെന്ന നീതി ആയോഗിന്‍റെ ശുപാര്‍ശകള്‍ കേന്ദ്രം കണ്ടില്ലെന്ന് നടിക്കുകയാണെന്നത് വ്യക്തം. അവര്‍ തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നും കൈ കഴുകുകയാണുണ്ടായത്. പോഷന്‍ അഭിയാന്‍ എന്ന പദ്ധതിയെ അടുത്ത ഘട്ടത്തിലേക്ക് ഫലപ്രദമായ രീതിയില്‍ കൊണ്ടു പോകാന്‍ കഴിയുമായിരുന്ന നടപടികൾ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകും എന്ന പ്രതീക്ഷ പൂര്‍ണ്ണമായും അസ്തമിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ കേന്ദ്ര ബജറ്റില്‍ ശിശുക്ഷേമത്തിനു വേണ്ടി വകയിരുത്തിയിരിക്കുന്ന തുക ഗണ്യമായി കുറഞ്ഞിരിക്കുന്നു. ബജറ്റ് ആഴത്തില്‍ പഠിക്കുമ്പോള്‍ നമ്മുടെ മുന്നില്‍ വ്യക്തമാകുന്ന ഒരു കാര്യമാണ് സമഗ്ര ശിശു വികസന പദ്ധതിക്ക് വേണ്ടിയുള്ള വകയിരുത്തലില്‍ 5000 കോടി രൂപയുടെ കുറവുണ്ടായിരിക്കുന്നു എന്ന കാര്യം. ഇതോടെ സമഗ്ര ശിശു വികസന പദ്ധതിക്ക് വേണ്ടിയുള്ള വകയിരുത്തല്‍ 21000 കോടി രൂപയായി ചുരുങ്ങിയിരിക്കുന്നു.
ഗ്രാമീണ തലത്തിലും, ആവാസ കേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കുന്ന അംഗനവാടികള്‍ക്ക് അമ്മയുടേയും കുഞ്ഞിന്‍റെയും ആരോഗ്യവും, പോഷകാഹാര ലഭ്യതയും ഉറപ്പ് വരുത്തുന്നതിനുള്ള എല്ലാ ഉത്തരവാദിത്തങ്ങളും നല്‍കണമെന്ന് കുറച്ചു കാലം മുന്‍പ് നിധി ആയോഗ് നിര്‍ദ്ദേശിച്ചിരുന്നു. ഓരോ കേന്ദ്രങ്ങളിലും ആവശ്യത്തിന് അംഗനവാടി പ്രവര്‍ത്തകരെ നിയമിക്കണമെന്നും, കാലാകാലങ്ങളില്‍ പരിശീലനം നല്‍കി കൊണ്ട് പ്രസ്തുത പ്രവര്‍ത്തകരുടെ നൈപുണ്യം മെച്ചപ്പെടുത്തി കൊണ്ടിരിക്കണമെന്നും നിധി ആയോഗ് നിര്‍ദ്ദേശിക്കുകയുണ്ടായി.
ഗര്‍ഭാവസ്ഥയിലായി 1000 ദിവസങ്ങള്‍ക്കുള്ളിലാണ് ഒരു കുഞ്ഞിന്‍റെ തലച്ചോറിന്‍റെ 90 ശതമാനവും രൂപപ്പെട്ടു വരുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഗര്‍ഭാവസ്ഥയില്‍ അമ്മമാര്‍ക്ക് പോഷകാഹാരങ്ങള്‍ നിര്‍ബന്ധമായും ലഭിക്കേണ്ടതാണ്. അതേസമയം, വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ക്കനുസൃതമായി അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാരങ്ങള്‍ നല്‍കുന്നതിനു വേണ്ടിയുള്ള പണം അംഗനവാടികള്‍ക്കായി നീക്കി വെക്കുന്നത് വര്‍ദ്ധിപ്പിക്കേണ്ടിയിരുന്നു. ഈ നീക്കിയിരിപ്പ് കുറയ്ക്കുകയാണ് കേന്ദ്രം ചെയ്തിരിക്കുന്നത്. പരിഗണനകള്‍ ഇങ്ങനെ മാറുന്ന രീതി ആരോഗ്യ, പോഷകാഹാര, ഭക്ഷ്യ അവകാശ മേഖലകളിലെ വിദഗ്ധരെ മാത്രമല്ല സാധാരണ നിരീക്ഷകരെ പോലും അതിശയിപ്പിക്കുന്ന ഒന്നായി മാറിയിരിക്കുന്നു.
ഏതാണ്ട് മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ആറ് വയസ്സിനു താഴെയുള്ള എല്ലാ കുട്ടികള്‍ക്കും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കും, ഗര്‍ഭിണികൾക്കും നവജാത ശിശുക്കളെ മുലയൂട്ടുന്ന അമ്മമാര്‍ക്കും ചുരുങ്ങിയത് 300 ദിവസത്തേക്കെങ്കിലും പോഷകാഹാരങ്ങള്‍ ലഭ്യമാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിടുകയുണ്ടായി. നാലര ദശാബ്ദങ്ങള്‍ക്ക് മുകളിലായി സമഗ്ര ശിശു വികസന പദ്ധതി രാജ്യത്ത് നടന്നു വരുന്നുണ്ട്. പ്രതിരോധ കുത്തിവെയ്പ്പുകള്‍ നടത്തുന്നതിനും പോഷകാഹാരങ്ങള്‍ വിതരണം ചെയ്യുന്നതിനുമായി 17 ലക്ഷം അംഗനവാടി കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും രാജ്യത്ത് ഇതുവരെ 13.77 ലക്ഷം കേന്ദ്രങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. മാത്രമല്ല ഈ അംഗനവാടി കേന്ദ്രങ്ങളില്‍ നാലിലൊന്നിലും കുടിവെള്ള സൗകര്യമില്ലെന്നും 36 ശതമാനത്തിലും ശുചിമുറികളില്ല എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അത്തരം കേന്ദ്രങ്ങളില്‍ പലതും അവിടത്തെ ജീവനക്കാരായ ആളുകള്‍ക്ക് നിയമ വിരുദ്ധമായ രീതിയില്‍ വരുമാനം ഉണ്ടാക്കുവാനുള്ള കേന്ദ്രങ്ങളായി മാറിയിരിക്കുന്നു എന്നുള്ളതാണ് സത്യം.
ലോകത്തെ തന്നെ ഏറ്റവും വലിയ പോഷക പദ്ധതിയാണ് സമഗ്ര ശിശു വികസന പദ്ധതി. കുടിവെള്ളവും വൈദ്യുത സംവിധാനങ്ങളും എല്ലാ അംഗനവാടികള്‍ക്കും ലഭ്യമാക്കാതെ വന്നതോടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഈ പദ്ധതി ഇല്ലാതായി കൊണ്ടിരിക്കുകയാണ്. അഞ്ച് വയസ്സിനു താഴെ പ്രായമുള്ള കുട്ടികളില്‍ സംഭവിക്കുന്ന 68 ശതമാനം മരണങ്ങള്‍ക്കും കാരണം പോഷകാഹാര കുറവാണ്. പിഴവുകളില്‍ നിന്നും ആര്‍ജ്ജിക്കുന്ന പാഠങ്ങളുടെ അടിസ്ഥാനത്തില്‍ പോഷകാഹാര പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടിയുള്ള സമഗ്ര ശ്രമങ്ങള്‍ നടത്തി വരുന്നുണ്ടെന്ന് അധികൃതര്‍ അവകാശപ്പെടുന്നുവെങ്കിലും ഇപ്പോഴും രാജ്യത്ത് ഏതാണ്ട് 7 ലക്ഷം ശിശു മരണങ്ങളും സംഭവിക്കുന്നത് പോഷകാഹാര കുറവ് കൊണ്ട് മാത്രമാണ്.
കൊവിഡ്-19 പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 40 ലക്ഷത്തിലധികം കുട്ടികള്‍ക്ക് പോഷകാഹാര കുറവ് ബാധിക്കാന്‍ പോവുകയാണെന്ന് ഗ്ലോബല്‍ ഹെല്‍ത്ത് സയന്‍സ് എന്ന മാസിക ഏഴ് മാസം മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം അവസ്ഥകൾ പരിഹരിക്കുന്നതിലുള്ള പരാജയവും, നിലവാരമുള്ള ശുപാര്‍ശകള്‍ നടപ്പില്‍ വരുത്തുവാന്‍ മടിക്കുന്നതും ലോകത്തെ 30 ശതമാനം വളര്‍ച്ച മുരടിച്ച കുഞ്ഞുങ്ങളും ഇന്ത്യയിലാണുള്ളത് എന്ന സ്ഥിതി സംജാതമാക്കിയിരിക്കുന്നു. അതുപോലെ ലോകത്തെ വേണ്ടത്ര പോഷകാഹാരം ലഭിക്കാത്ത കുഞ്ഞുങ്ങളിലെ 50 ശതമാനവും നമ്മുടെ രാജ്യത്താണുള്ളത്. സ്വന്തം ഭാവി തലമുറയെ കരുത്തുറ്റതാക്കി മാറ്റാതെ നമ്മുടെ രാജ്യത്തിന് എങ്ങനെ ശ്രേഷ്ഠ ഭാരതമായി മാറുവാന്‍ കഴിയുമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.