ന്യൂഡൽഹി: ചൈനയിലെ ഗ്വാങ്ഷൗവിൽ നിന്ന് 700 ഓക്സിജൻ കോൺസൺട്രേറ്ററുകൾ സ്‌പൈസ് ജെറ്റിന്‍റെ എയർ കാർഗോ വിഭാഗമായ സ്‌പൈസ് എക്‌സ്‌പ്രസിൽ ന്യൂഡൽഹിയിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് എയർലൈൻ അറിയിച്ചു. കൂടാതെ, കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ 4400 ഓക്സിജൻ കോൺസൺട്രേറ്ററുകൾ അമേരിക്ക, ഹോങ്കോങ്, സിംഗപ്പൂർ, ചൈന എന്നിവിടങ്ങളിൽ നിന്നായി ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ടെന്നും എയർലൈൻ അറിയിച്ചു.
ചൈനയിൽ നിന്നും 700 ഓക്സിജൻ കോൺസൺട്രേറ്ററുകൾ ന്യൂഡൽഹിയിലേക്ക് എത്തി - സ്‌പൈസ് എക്‌സ്‌പ്രസ്
സ്‌പൈസ് ജെറ്റിന്‍റെ എയർ കാർഗോ വിഭാഗമായ സ്‌പൈസ് എക്‌സ്‌പ്രസിലാണ് ഓക്സിജൻ കോൺസൺട്രേറ്ററുകൾ എത്തിയത്
ചൈനയിൽ നിന്നുള്ള ഓക്സിജൻ കോൺസൺട്രേറ്ററുകളുമായി വന്ന വിമാനം തിങ്കളാഴ്ച രാവിലെ 10ന് ഡൽഹിയിലെത്തി. ഈ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഇന്ത്യയിലുടനീളം അടിയന്തര ഉപയോഗത്തിനും വിതരണത്തിനും സ്പൈസ് ഹെൽത്ത് ഉത്തരവിട്ടിട്ടുണ്ടെന്ന് സ്‌പൈസ് ജെറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യയുടെയും ലോകത്തിന്‍റേയും എല്ലാ കോണുകളിലേക്കും അവശ്യവസ്തുക്കൾ, മെഡിക്കൽ സാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ എത്തിക്കുന്നതിന് എയർലൈൻ സുപ്രധാധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും 2020 മാർച്ച് 25 മുതൽ 1.5 ലക്ഷം ടണ്ണിലധികം ചരക്ക് കയറ്റി അയച്ചതായും 88,802 കിലോഗ്രാം കൊവിഡ് വാക്സിൻ കയറ്റുമതി ചെയ്തിട്ടുണ്ടെന്നും എയർലൈൻ വ്യക്തമാക്കി.