മംഗളൂരു: ഒരു കാലത്ത് കോസ്‌മോപൊളിറ്റന്‍ സംസ്‌കാരമുള്ള ലിബറല്‍ സമൂഹമായിരുന്നു തീരദേശ കര്‍ണാടകയില്‍, പ്രത്യേകിച്ച് മംഗളൂരുവില്‍ ഉണ്ടായിരുന്നത്. എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി വര്‍ധിച്ചു വരുന്ന സദാചാര പൊലീസിങ് സംഭവങ്ങള്‍ ഈ തുറമുഖ നഗരത്തിന് മേല്‍ കരിനിഴല്‍ വീഴ്‌ത്തി. വലതുപക്ഷ സംഘടനകള്‍ തീരദേശ മേഖലയില്‍ കാലുറപ്പിച്ചതിന് പിന്നാലെയാണ് സാമൂഹ്യ സൗഹാര്‍ദം തകര്‍ന്നതെന്ന് മേഖലയിലെ സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. ഇത്തരം സംഘടനകള്‍ക്കുള്ള രാഷ്‌ട്രീയ പിന്തുണയും ഭരണകക്ഷിയായ ബിജെപിയ്‌ക്ക് ഇവയോടുള്ള നിഷ്‌ക്രിയ സമീപനവും സാമൂഹ്യ സൗഹാര്‍ദത്തിന്‍റെ തകര്‍ച്ചയ്‌ക്ക് ആക്കം കൂട്ടിയെന്നും ആരോപണമുണ്ട്.
അന്ത്യമില്ലാത്ത സദാചാര പൊലീസിങ്:ബജ്‌റംഗ്‌ദൾ പോലുള്ള ഹിന്ദുത്വ സംഘടനകൾ ശക്തമായിരിക്കുന്നിടത്താണ് സദാചാര പൊലീസിങ് നടക്കുന്നത്. ഇത് വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ള യുവതലമുറയെ സാരമായി ബാധിച്ചു. കഴിഞ്ഞ വർഷം ജൂലൈ 25 ന് ബജ്‌റംഗ്‌ദൾ പ്രവർത്തകർ ഒരു പബ്ബിൽ അതിക്രമിച്ച് കയറിയതാണ് സമീപകാലത്തായി ഏറ്റവും ശ്രദ്ധിക്കപ്പെട്ട സംഭവം. പബ്ബില്‍ സ്‌ത്രീകൾ പാർട്ടി നടത്തുന്നതിനെതിരെ പ്രതിഷേധിച്ചായിരുന്നു ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ പബ്ബില്‍ അതിക്രമിച്ച് കയറിയത്. പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ വിദ്യാർഥികളെ പ്രതിഷേധക്കാർ അധിക്ഷേപിക്കുകയും പബ്ബില്‍ നിന്ന് പോകാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. 2009-ൽ ശ്രീരാമസേനാംഗങ്ങൾ മറ്റൊരു പബ്ബിൽ വച്ച് പെൺകുട്ടികൾക്ക് നേരെ നടത്തിയ കുപ്രസിദ്ധമായ ആക്രമണത്തിന് സമാനമായിരുന്നു കഴിഞ്ഞ വര്‍ഷം നടന്ന ഈ സംഭവം.
2022 മാർച്ച് അഞ്ചിന് നഗരത്തിൽ മറ്റൊരു മതത്തിൽപ്പെട്ട പെൺകുട്ടിയുമായി യാത്ര ചെയ്‌തതിന് മുസ്‌ലിം യുവാവിനെ വലതുപക്ഷ പ്രവർത്തകർ ആക്രമിച്ചിരുന്നു. ഓഗസ്റ്റ് 30 ന്, ഹിന്ദു പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചതിന് 19 വയസുള്ള ഒരു മുസ്‌ലിം വിദ്യാർഥിയെ കോളജിലെ സഹപാഠികൾ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഒക്‌ടോബർ 21 ന് നാഗൂരിയിൽ ഹിന്ദു വിശ്വാസിയായ യുവതിക്കൊപ്പം യാത്ര ചെയ്‌തതിന് 27 വയസുകാരനായ മുസ്‌ലിം യുവാവിനെ ബസിൽ നിന്ന് വലിച്ചിറക്കി മർദിച്ചു. പുതുവത്സര പാർട്ടികൾക്ക് ഹിന്ദു പെൺകുട്ടികള്‍ക്കൊപ്പം എത്തുന്ന മുസ്‌ലിം യുവാക്കളെ തങ്ങളുടെ പ്രവര്‍ത്തകര്‍ നേരിടുമെന്ന് കഴിഞ്ഞ ഡിസംബറില്‍ ബജ്റംഗ്‌ദൾ ജില്ല നേതാവ് പുനീത് അത്താവർ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
2022ൽ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലായി 41 സദാചാര പൊലീസിങ് കേസുകൾ ഉണ്ടായിട്ടുണ്ടെന്ന് കർണാടക കമ്മ്യൂണൽ ഹാർമണി ഫോറത്തിന്‍റെയും പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസിന്‍റെയും (PUCL) പ്രവർത്തകനായ സുരേഷ് ബി ഭട്ട് പറയുന്നു. കർണാടകയിലെ തീരദേശ ജില്ലകളിൽ നടന്ന വർഗീയ സംഭവങ്ങളിൽ 37 എണ്ണം ഹിന്ദു സംഘടന പ്രവര്‍ത്തകരും നാലെണ്ണം മുസ്‌ലിം സംഘടന പ്രവര്‍ത്തകരും അഴിച്ചുവിട്ടതായാണ് കണക്ക്.
പരാതി ലഭിച്ചാല്‍ മാത്രം പൊലീസ് നടപടി: ഹിന്ദുത്വ സംഘടനകളുടെ പ്രവർത്തകരാണ് മിക്ക ആക്രമണങ്ങൾക്കും പിന്നിൽ എന്നാണ് പൊലീസ് നല്‍കുന്ന വിവരം. പൊലീസ് രജിസ്‌റ്റർ ചെയ്‌ത മിക്ക കേസുകളിലും പ്രതികൾ ശിക്ഷിക്കപ്പെടാതെ പോകുന്നത് നിയമ നിർവഹണ ഏജൻസികൾ നൽകുന്ന തെളിവുകളുടെ അഭാവത്തിൽ ആണെന്ന് നിരീക്ഷകർ പറയുന്നു. പബ്ബുകളിലെയും പൊതു ഇടങ്ങളിലെയും നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് പരാതികൾ ലഭിച്ചാല്‍ മാത്രമേ തങ്ങൾ ഇടപെടാറുള്ളൂ എന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു. പരാതി ലഭിക്കുന്ന പല കേസുകളിലും അറസ്റ്റ് നടക്കുന്നുണ്ടെന്നും എന്നാല്‍ പല അവസരങ്ങളിലും സംഭവത്തില്‍ ഇരകളായവര്‍ കേസുകളുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് വാസ്‌തവമെന്നും പൊലീസ് പറയുന്നു.