ന്യൂഡൽഹി:പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ജൂലൈ 20 മുതൽ ഓഗസ്റ്റ് 11 വരെ നടക്കും. കേന്ദ്ര പാർലമെന്‍ററി കാര്യ മന്ത്രി പ്രല്‍ഹാദ് ജോഷിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉദ്ഘാടനം ചെയ്‌ത പുതിയ പാർലമെന്‍റ് മന്ദിരത്തിനുള്ളിലെ ആദ്യ സമ്മേളനമാണ് നടക്കാനിരിക്കുന്നത്.
'പാർലമെന്‍റിന്‍റെ മൺസൂൺ സെഷൻ, 2023 ജൂലൈ 20 മുതൽ ഓഗസ്റ്റ് 11 വരെ നടക്കും. ഈ സമ്മേളനത്തിൽ നിയമനിർമാണ കാര്യങ്ങളിലടക്കം കാര്യക്ഷമമായ ചർച്ചകൾക്ക് വഴിയൊരുക്കാന്‍ മുഴുവന്‍ സാമാജികരോടും അഭ്യർഥിക്കുന്നു'- പാർലമെന്‍ററി കാര്യ മന്ത്രി ട്വീറ്റ് ചെയ്‌തു. നിലവില്‍, ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ചുള്ള സജീവ ചര്‍ച്ചകള്‍ രാജ്യത്ത് നടക്കുന്നതിനിടെയാണ് സമ്മേളനം ചേരാനിരിക്കുന്നത്. മൺസൂൺ സമ്മേളനം പഴയ പാർലമെന്‍റ് മന്ദിരത്തിൽ ആരംഭിക്കുമെന്നും പിന്നീട് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയേക്കുമെന്നുമാണ് ആദ്യം പുറത്തുവന്ന വിവരം.
മൺസൂൺ സെഷൻ, 23 ദിവസങ്ങളിലായി 17 സിറ്റിങ്ങുകള്‍ ഉണ്ടാകുമെന്നും പ്രല്‍ഹാദ് ജോഷി അറിയിച്ചു. 17 പ്രതിപക്ഷ പാർട്ടികളുടെ അംഗങ്ങൾ പട്‌നയിൽ യോഗം ചേർന്ന്, 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് പോരാടാൻ തീരുമാനിച്ചതിന് ശേഷമുള്ള പാർലമെന്‍റിന്‍റെ ആദ്യ സമ്മേളനമാണിത്. ഏകീകൃത സിവിൽ കോഡിനായി (യുസിസി) പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം ശക്തമായി രംഗത്തെത്തിയിരുന്നു. ഇതിന്‍റെ കൂടെ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. ഡല്‍ഹി സര്‍ക്കാരിന് ഉദ്യോഗസ്ഥരുടെ മേലുള്ള നിയന്ത്രണം എടുത്തുമാറ്റുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ഓര്‍ഡിനന്‍സും പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ചര്‍ച്ചയാവും. സുപ്രീം കോടതിയുടെ ഉത്തരവ് അസാധുവാക്കിയാണ് കേന്ദ്രം ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്.