റാഞ്ചി : സൈബർ കുറ്റവാളികൾ ദേശവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നതായി കണ്ടെത്തൽ. തട്ടിപ്പ് നടത്തി സ്വരൂപിക്കുന്ന പണം ഭീകര സംഘടനകളുടെ അക്കൗണ്ടുകളിലേക്ക് അയക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ജാർഖണ്ഡ് സിഐഡിയുടെ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.
സൈബർ കുറ്റവാളികൾ ക്രിപ്‌റ്റോ കറൻസി വഴി പണം സ്വരൂപിക്കുന്നതായും ഈ പണം തീവ്രവാദ സംഘടനകളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതായുമാണ് വിവരം. റാഞ്ചിയിലെ ധൂർവയിൽ നടന്ന 1.33 കോടി രൂപയുടെ തട്ടിപ്പ് അന്വേഷിക്കുന്നതിനിടെയാണ് തീവ്രവാദ സംഘടനകളുമായി ബന്ധിപ്പിക്കുന്ന വിവരങ്ങൾ സൈബർ ക്രൈം ബ്രാഞ്ചിന് ലഭിച്ചത്. ക്രിപ്‌റ്റോ കറൻസിയിൽ നിക്ഷേപിച്ച് തുക വർധിപ്പിക്കാനെന്ന പേരിൽ സൈബർ കുറ്റവാളികൾ ധുർവ സ്വദേശിയായ നവീൻ കുമാർ ശർമ എന്നയാളിൽ നിന്നും 1.33 കോടി രൂപ തട്ടിയെടുത്തിരുന്നു.
പണം പോയത് ലെബനൻ ഭീകര സംഘടനയുടെ അക്കൗണ്ടിലേക്ക് : ഇതുമായി ബന്ധപ്പെട്ട് ക്രൈബ്രാഞ്ച് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. തുടർന്ന് പണമിടപാടുമായി നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് നടത്തിയ പണം ഭീകര സംഘടനയുടെ അക്കൗണ്ടുകളിലേക്ക് എത്തിയതായി വ്യക്തമാവുകയായിരുന്നു. ഇറാന്‍റെ പിന്തുണയുള്ള ലെബനൻ ഭീകര സംഘടനയുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയതെന്നാണ് സിഐഡി അന്വേഷണത്തിൽ വെളിപ്പെടുത്തുന്നത്. പണം ചെന്ന ഹെസ്‌ബുള്ള എന്നറിയപ്പെടുന്ന സംഘടന പല രാജ്യങ്ങളിലും നിരോധിച്ചിട്ടുള്ളതാണ്.
സൈബർ തട്ടിപ്പുകളിൽ വിശദമായ പരിശോധന :വിഷയം അതീവ ഗുരുതരമായതിനാൽ സിഐഡി സംഘം ഇന്ത്യൻ സൈബർ ക്രൈംബ്രാഞ്ചിന്‍റെ സഹായം അന്വേഷണ ഘട്ടത്തിൽ ആവശ്യപ്പെട്ടിരിക്കുകയാണ്. സിഐഡി അന്വേഷണത്തിൽ ലഭ്യമായ എല്ലാ വിവരങ്ങളും ഇന്ത്യൻ സൈബർ ക്രൈം ബ്രാഞ്ചിന് നൽകിയിട്ടുണ്ട്. ജാർഖണ്ഡിൽ വലിയ സൈബർ തട്ടിപ്പുകൾ പലപ്പോഴായി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇവയ്‌ക്കും തീവ്രവാദ ബന്ധമുണ്ടോ എന്നാണ് നിലവിൽ സിഐഡി അന്വേഷിക്കുന്നത്. ജാർഖണ്ഡിൽ സൈബർ കുറ്റവാളികളുടെ രാജ്യാന്തര ശൃംഖല രൂപപ്പെട്ടതായും സിഐഡി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
സൈബർ തട്ടിപ്പുകളെ തുടർന്ന് രാജ്യത്ത് പല പണമിടപാടുകൾക്കും നിയന്ത്രണമേർപ്പെടുത്തിയ സാഹചര്യത്തിൽ കുറ്റവാളികൾ വിദേശബന്ധം സ്ഥാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. എന്നാൽ നിലവിൽ തീവ്രവാദ സംഘടനകളുടെ അക്കൗണ്ടുകളും ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു എന്നത് രാജ്യ സുരക്ഷയ്‌ക്ക് തന്നെ വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്.
also read :ISIS Arrest Gujarat | ഐഎസ് ബന്ധം, ഗുജറാത്തില്‍ നിന്നും വിദേശപൗരനടക്കം നാല് പേരെ ഭീകര വിരുദ്ധ സ്ക്വാഡ് പിടികൂടി
ഐഎസ് ബന്ധത്തിന്‍റെ പേരിൽ നാല് പേർ പിടിയിൽ :അതേസമയം കഴിഞ്ഞ ജൂൺ മാസം ഗുജറാത്തിലെ പോര്‍ബന്തറിൽ അന്താരാഷ്‌ട്ര ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാല് പേരെ പിടികൂടിയിരുന്നു. സംസ്ഥാനത്തെ ഭീകര വിരുദ്ധ സ്ക്വാഡ് (ATS) നടത്തിയ റെയ്‌ഡിലാണ് നാല് പേരും പിടിയിലായത്. എടിഎസിന്‍റെ പ്രത്യേക വിഭാഗമാണ് വിദേശ പൗരന്‍ അടക്കമുള്ള നാല് പേരെയും പിടികൂടിയത്. ഡിഐജി ദിപെൻ ഭദ്രയുടെ നേതൃത്വത്തിൽ ദിവസങ്ങളിലായി മേഖലയില്‍ എടിഎസ് നടത്തിയ തെരച്ചിലിനിടെയാണ് ഇവരെ പിടികൂടിയത്. പിടിയിലായ നാല് പ്രതികള്‍ക്കും അന്താരാഷ്‌ട്ര ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.