അലിഗഡ്: ഉത്തർപ്രദേശിൽ നീറ്റ് പരീക്ഷ എഴുതാനെത്തി 68കാരൻ. ഞായറാഴ്‌ച നടന്ന നീറ്റ് പരീക്ഷ എഴുതാനാണ് 68കാരനായ മോഹൻലാൽ ഗോല റേഡിയന്‍റ് സ്റ്റാർ സ്‌കൂളിലെത്തിയത്. ഗാന്ധിപാർക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഡോറി നഗർ കോളനിയിലെ താമസക്കാരനാണ് മോഹൻലാൽ ഗോല.
വാർധക്യത്തിലും ഒരാൾക്ക് പഠിക്കാൻ കഴിയുമെന്നാണ് വിഷയത്തെ കുറിച്ച് ചോദിച്ചവർക്ക് മോഹൻലാൽ നൽകിയ മറുപടി. എംഎസ്‌സി വിദ്യാഭ്യാസ യോഗ്യതയുള്ള മോഹൻലാൽ ഓഡിറ്റ് ഓഫിസറായിരുന്നു. ഉദ്യോഗത്തിൽ നിന്ന് വിരമിച്ച ശേഷം സയൻസ് സ്ട്രീമിൽ ഇന്‍റർമീഡിയറ്റ് പരീക്ഷ എഴുതി പാസായി.
മോഹൻലാൽ ഗോല അലിഗഡിലെ വളരെ പിന്നാക്ക പ്രദേശമായ ദാദോ സ്വദേശിയാണ്. പഠനത്തോടുള്ള അഭിനിവേശം കൊണ്ടാണ് നീറ്റ് പരീക്ഷ എഴുതിയതെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് മാസത്തിൽ അദ്ദേഹത്തിന് 69 വയസ് തികയും.
മോഹൻലാലിന് നാല് ആൺ കുട്ടികളും മൂന്ന് പെൺകുട്ടികളുമുണ്ട്. ഗണിതശാസ്ത്രത്തിലാണ് താൻ എംഎസ്‌സി ചെയ്‌തതെന്നും മോഹൻലാൽ ഗോല പറഞ്ഞു. വാർധക്യത്തിൽ നിരവധി ആവശ്യങ്ങളുണ്ടെന്നും ആരോഗ്യ വിവരങ്ങൾ ശേഖരിക്കുന്നതിന് ശാസ്ത്രത്തെക്കുറിച്ചുള്ള അവബോധം ആവശ്യമാണെന്നും മോഹൻലാൽ ഗോല പറഞ്ഞു. തനിക്ക് ചെറുപ്പം മുതലേ വായന ശീലമുണ്ട്. പോക്കറ്റിൽ പണമുണ്ടെങ്കിൽ പുസ്‌തകങ്ങൾ വാങ്ങി വായിക്കും. തന്‍റെ വീടിന്‍റെ പകുതിയും പുസ്‌തകങ്ങളാൽ നിറഞ്ഞ ലൈബ്രറി പോലായണെന്നും മോഹൻലാൽ ഗോല കൂട്ടിച്ചേർത്തു.
Also read :108ാം വയസില്‍ ആദ്യമായി സ്വന്തം പേരെഴുതി, ഇനിയും പഠിക്കാൻ റെഡിയെന്ന് കണ്ണിയമ്മ