പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി ഗുജറാത്തില്‍ നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണം കണ്ടാല്‍ ഒരു പക്ഷെ നമുക്ക് തോന്നിയേക്കാം ബിജെപി തുടര്‍ച്ചയായ ഏഴാം തവണയും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതുവിധേനേയും വിജയിക്കാനായി മുന്നിട്ടിറങ്ങിയിരിക്കുകയാണെന്ന്. ഭരണവിരുദ്ധ വികാരവും റിബല്‍ സ്ഥാനാര്‍ഥികളും തങ്ങളുടെ വിജയത്തെ തട്ടിമാറ്റിയേക്കാം എന്ന് ബിജെപി ഭയക്കുന്നുണ്ടെന്ന്. എന്നാല്‍ താഴെതട്ടിലുള്ള സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ബിജെപിയുടെ എതിരാളികള്‍ പോലും എത്തിചേരുന്ന നിഗമനം അധികാരത്തില്‍ ബിജെപി വരുമോ എന്നുള്ളതില്‍ നരേന്ദ്ര മോദിക്കോ മറ്റ് ബിജെപി നേതാക്കള്‍ക്കോ അത്രമാത്രം ആശങ്കയില്ല എന്നാണ്.
യഥാര്‍ഥത്തില്‍ നരേന്ദ്ര മോദി ലക്ഷ്യംവയ്‌ക്കുന്നത് 1985ല്‍ കോണ്‍ഗ്രസ് മാധവ് സിങ് സൊലങ്കിയുടെ നേതൃത്വത്തില്‍ കാഴ്‌ചവച്ചത് പോലുള്ള പ്രകടനം ബിജെപി ഇത്തവണ കാഴ്‌ചവയ്‌ക്കണമെന്നാണ്. 1985ലെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആകെയുള്ള 182 സീറ്റുകളില്‍ 149 സീറ്റുകളും നേടിയിരുന്നു.
റെക്കോഡ് സീറ്റുകള്‍ ലക്ഷ്യമിട്ട് മോദി: ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുന്നില്‍ മോദി 150 സീറ്റുകള്‍ എന്ന ലക്ഷ്യമാണ് വച്ചിരിക്കുന്നതെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ബിജെപിയിലെ രണ്ടാമനായ അമിത് ഷാ കണക്കുകുട്ടുന്നത് 130 സീറ്റുകള്‍ വരെ ബിജെപിക്ക് നേടാന്‍ സാധിക്കും എന്നാണ്. ഗുജറാത്തില്‍ സീറ്റുകളുടെ എണ്ണത്തില്‍ ബിജെപി റെക്കോഡ് സൃഷ്‌ടിക്കണമെന്ന് ഇത്രമാത്രം പ്രധാനമന്ത്രി ആഗ്രഹിക്കുന്നത് എന്തിനായിരിക്കാം?
മോദി ആഗ്രഹിക്കുന്നത് ബിജെപിയുടെ ഗുജറാത്തിലെ അധീശത്വം ഇപ്പോഴും സുശക്‌തമാണെന്ന് തെരഞ്ഞെടുപ്പ് പ്രകടനത്തിലൂടെ വിമര്‍ശകര്‍ക്ക് ബിജെപി കാണിച്ച് കൊടുക്കണമെന്നാണ്. ഗുജാറത്തിന്‍റെ രാഷ്‌ട്രീയ ഭൂമികയില്‍ പുതുതായി വന്ന ആം ആദ്‌മി പാര്‍ട്ടി സൗജന്യങ്ങളും മറ്റും വാഗ്‌ദാനം നല്‍കി പുതിയ നറേറ്റീവുകള്‍ സൃഷ്‌ടിച്ചാലും അവയൊന്നും ബിജെപിയുടെ ഗുജറാത്തിലെ പിടി അയയാന്‍ പര്യാപ്‌തമല്ലെന്ന് തെളിയിക്കണമെന്ന് പ്രധാനമന്ത്രി ആഗ്രഹിക്കുന്നു.
ആപ്പിന്‍റെ വരവോടെയുള്ള രാഷ്‌ട്രീയ സാഹചര്യം അനുകൂലമാക്കണമെന്ന് മോദി: രണ്ട് രാഷ്‌ട്രീയ ഘടകങ്ങള്‍ ബിജെപി പരമാവധി ഉപയോഗപ്പെടുത്തണമെന്ന് നരേന്ദ്ര മോദി ബിജെപി നേതാക്കളോട് ആവശ്യപ്പെടുന്നു. ഒരു ഘടകം ആം ആദ്‌മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ടതാണ്. വളരെയധികം ഉല്‍സാഹത്തോടും ആരവങ്ങളുമോടെയാണ് ആം ആദ്‌മി പാര്‍ട്ടി രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്. എന്നാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം അവരുടെ പ്രചാരണം തണുത്ത മട്ടിലായി.
ഇതിന് കാരണം അവരുടെ സ്ഥാനാര്‍ഥികള്‍ പലരും അപരിചിത മുഖങ്ങള്‍ ആണെന്നുള്ളതാണ്. സൗരാഷ്‌ട്രയിലും തെക്കന്‍ ഗുജറാത്തിലും ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഇത് ആപ്പിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആപ്പ് സ്ഥാനാര്‍ഥികളുടെ ഈ അപരിചിത്വം പരമാവധി മുതലെടുക്കണമെന്നാണ് ബിജെപി നേതാക്കള്‍ക്ക് മോദി നല്‍കിയ നിര്‍ദേശം.
രണ്ടാമത്തെ ഘടകം ആപ്പിന്‍റെ മുന്നേറ്റങ്ങള്‍ കോണ്‍ഗ്രസിന്‍റെ ചെലവിലായിരിക്കും എന്നുള്ളതാണ്. ഇതിന്‍റെ പ്രധാന കാരണം പ്രതിപക്ഷത്തിന്‍റെ സ്‌പേസ് ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിയാത്തതാണ്. 2017ലെ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ കാഴ്‌ചവച്ച മികച്ച പ്രകടനത്തിന്‍റെ ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല.
2017ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സീറ്റുകളുടെ എണ്ണം 99ല്‍ പരിമിതപ്പെടുത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുജറാത്തില്‍ അധികാരത്തില്‍ ഏറിയതിന് ശേഷമുള്ള ഏറ്റവും കുറവ് സീറ്റുകളായിരുന്നു ആ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയത്.
മോദി അനുകൂലവും സംസ്ഥാന ബിജെപി നേതാക്കള്‍ക്ക് വിരുദ്ധവുമായ വികാരം: ഗുജറാത്തില്‍ നിലനില്‍ക്കുന്നത് കേന്ദ്രത്തിലെ മോദി ഭരണത്തിന് അനുകൂലമായ വികാരവും അതേസമയം തന്നെ ഗുജറാത്തിലെ ബിജെപി നേതൃത്വത്തിനെതിരെയുള്ള ഭരണവിരുദ്ധവികാരവുമാണ് എന്നാണ് പ്രതിപക്ഷ നേതാക്കള്‍ പോലും വിലയിരുത്തുന്നത്. ഈ രണ്ട് വികാരങ്ങള്‍ തമ്മിലുള്ള അനുപാതത്തിലുള്ള വ്യത്യാസമായിരിക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലത്തെ നിശ്ചയിക്കുക.
2001 മുതല്‍ 2014വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ ജനപ്രിയത ഇപ്പോഴും ഗുജറാത്തില്‍ ഇടിഞ്ഞിട്ടില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. തീര്‍ച്ചയായും നരേന്ദ്ര മോദിക്ക് പിന്നാലെ വന്ന ആനന്ദിബെന്‍ പട്ടേലിന്‍റെയും വിജയ് രൂപാണിയുടെയും ഭരണത്തില്‍ ജനങ്ങള്‍ നിരാശരായിരുന്നു. സംവരണത്തിന് വേണ്ടിയുള്ള പട്ടേല്‍ സമുദായത്തിന്‍റെ പ്രതിഷേധത്തെ തുടര്‍ന്നാണ് ആനന്ദി ബെന്‍ രാജിവയ്‌ക്കുകയും വിജയി രൂപാണി മുഖ്യമന്ത്രിയാകുകയും ചെയ്‌തത്. 2017ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനത്തെ ദുര്‍ബലമാക്കിയത് പട്ടേല്‍ സമുദായത്തിന്‍റെ സംവരണത്തിനുവേണ്ടിയുള്ള പ്രതിഷേധമായിരുന്നു.
മോദി കേന്ദ്രീകൃത പ്രചരണം: എന്നാല്‍ മോദി എന്ന വ്യക്തിയില്‍ കേന്ദ്രീകരിച്ച് നടത്തുന്ന പ്രചാരണം ബിജെപിയെ ഇത്തരം പരിമിതികളെ അതിജീവിക്കാന്‍ സഹായിക്കുന്നു. നരേന്ദ്ര മോദി തന്‍റെ പേരിലാണ് ബിജെപിക്കായി വോട്ട് അഭ്യര്‍ഥിക്കുന്നത്.
ഈ തെരഞ്ഞടുപ്പിലെ തന്‍റെ ആദ്യത്തെ പ്രചരണ റാലിയില്‍ മോദി മുഴക്കിയ മുദ്രാവാക്യം "ഞാനാണ് ഈ കാണുന്ന ഗുജറാത്ത് പടുത്തുയര്‍ത്തിയത്" എന്നാണ്. ഗുജറാത്തില്‍ ബിജെപിക്ക് വന്‍ വിജയമുണ്ടാകുമെന്ന് പ്രവചിക്കുകയും ചെയ്‌തു മോദി. ഗുജറാത്തിനെ അവഹേളിക്കുകയും വിദ്വേഷ പ്രചരണം നടത്തുകയും ചെയ്യുന്ന ശക്തികളെ ജനങ്ങള്‍ ആട്ടിയോടിക്കുമെന്നും അദ്ദേഹം പറഞ്ഞു.