അഹമ്മദാബാദ്:മോദി പരാമര്‍ശത്തെ തുടര്‍ന്നുള്ള അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് ഇടക്കാല സ്‌റ്റേ നല്‍കാതെ ഗുജറാത്ത് ഹൈക്കോടതി. സൂറത്ത് കോടതിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജി വേനലവധിയ്‌ക്ക് ശേഷം വിധി പറയുന്നതിനായി ജസ്‌റ്റിസ് ഹേമന്ത് പ്രച്ഛക് മാറ്റിവയ്‌ക്കുകയായിരുന്നു. കോടതി ഇടക്കാല സ്‌റ്റേ നല്‍കാതെ വന്നതോടെ പാര്‍ലമെന്‍റില്‍ രാഹുല്‍ ഗാന്ധിക്കുള്ള അയോഗ്യത തുടരും.
വേനലവധി കഴിഞ്ഞ് വിധി:രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയില്‍ വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധിപ്രഖ്യാപനം വേനലവധിക്ക് ശേഷം മാറ്റിവച്ചത്. ഇതുപ്രകാരം വേനലവധിയ്‌ക്കായി മെയ് അഞ്ചിന് അടയ്‌ക്കുന്ന കോടതി ജൂണ്‍ അഞ്ചിന് തുറന്ന ശേഷമാവും ഹര്‍ജി പരിഗണിക്കുക. എന്നാല്‍ രാഹുലിന്‍റെ അപേക്ഷ തള്ളിയ സൂറത്ത് സെഷൻസ് കോടതി ഉത്തരവിനെതിരെയുള്ള റിവിഷൻ അപേക്ഷയെ എതിർത്ത് കൂടുതല്‍ രേഖകൾ സമർപ്പിക്കാൻ പരാതിക്കാരനായ പൂർണേഷ് മോദിയുടെ അഭിഭാഷകന് ജസ്‌റ്റിസ് ഹേമന്ത് പ്രച്ഛക് കോടതി അനുവാദം നല്‍കി.
ജാമ്യം ലഭിക്കാവുന്നതും താരതമ്യേന ചെറുതുമായ കുറ്റത്തിന് പരമാവധി രണ്ട് വർഷം വരെ ശിക്ഷിച്ചാൽ അദ്ദേഹത്തിന് ലോക്‌സഭാ സീറ്റും ശാശ്വതമായി നഷ്‌ടമാകുമെന്നും ഇത് അദ്ദേഹം പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലെ ജനങ്ങളെ ബാധിക്കുമെന്നും രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ ഏപ്രില്‍ 29 ലെ വാദത്തിനിടെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ബുധനാഴ്‌ച കേസില്‍ അടിയന്തര വാദം കേൾക്കുന്നതില്‍ നിന്ന് ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്‌റ്റിസ് ഗീതാ ഗോപി സ്വയം പിന്മാറിയിരുന്നു. തുടര്‍ന്നാണ് കേസ് ജസ്‌റ്റിസ് ഹേമന്ത് പ്രച്ഛകിന് കൈമാറുന്നത്.