ന്യൂഡല്‍ഹി:രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കി ലോക്‌സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കി. ‘മോദി’ പരാമർശത്തിലെ അപകീർത്തിക്കേസിനെ തുടര്‍ന്നാണ് നടപടി. കോടതി ഉത്തരവ് പുറത്തുവന്ന വ്യാഴാഴ്‌ച (മാര്‍ച്ച് 23) മുതൽ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തില്‍ വന്നെന്ന് നടപടിയില്‍ വ്യക്തമാക്കുന്നു.
സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രണ്ടുവർഷം തടവുശിക്ഷയാണ് രാഹുലിന് വിധിച്ചത്. അപ്പീല്‍ നല്‍കാന്‍ ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ച് സൂറത്ത് കോടതി ജാമ്യം അനുവദിച്ചിരുന്നു. മേല്‍ക്കോടതി ഇടപെടലിന് മുന്‍പാണ് ലോക്‌സഭ സെക്രട്ടേറിയറ്റ് നടപടി.
2019 ഏപ്രിൽ 13ന് കര്‍ണാടകയിലെ കോലാറില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രസംഗത്തിലാണ് നടപടിയ്‌ക്ക് ആധാരമായ പരാമർശം. ബിജെപി സൂറത്ത് വെസ്റ്റ് എംഎൽഎ പൂർണേഷ് മോദി നൽകിയ പരാതിയിലാണ് സൂറത്ത് സിജെഎം കോടതിയുടെ വിധി വന്നത്.
'എല്ലാ കള്ളന്മാരുടേയും പേരില്‍ മോദി:ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എച്ച്‌എച്ച് വർമയുടേതാണ് വിധി. ഇന്നലെയാണ് (മാര്‍ച്ച് 23) മോദി പരാമാര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ നടപടി വന്നത്. ‘നീരവ് മോദിയോ ലളിത് മോദിയോ നരേന്ദ്ര മോദിയോ ആവട്ടെ. എന്തുകൊണ്ടാണ് എല്ലാ കള്ളന്മാരുടെയും പേരിൽ മോദി എന്ന പേരുവന്നത്..? ഇനിയും തെരഞ്ഞാൽ കൂടുതൽ മോദിമാർ പുറത്തുവരും...' - ഇങ്ങനെയായിരുന്നു രാഹുലിന്‍റെ പ്രസംഗത്തിലെ വരികള്‍.
തെരഞ്ഞെടുപ്പ് കമ്മിഷനുവേണ്ടി റാലിയിലെ പ്രസംഗം റെക്കോഡ് ചെയ്‌തിരുന്നു. ഈ വീഡിയോയുടെ സിഡിയും പെൻഡ്രൈവും പരിശോധിച്ചാണ് കോടതി രാഹുലിനെതിരായ ആരോപണം നിലനിൽക്കുന്നതെന്ന് കണ്ടെത്തിയത്. കേസില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പിന്നാലെ കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 499, 500 വകുപ്പുകളുടെ പരമാവധി ശിക്ഷയാണ് രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ കോടതി വിധിച്ചത്.
ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്ന് ജയ്‌റാം രമേശ്:രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ ലോക്‌സഭ നടപടിയില്‍ ശക്തമായി പ്രതികരിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. നിയമപരമായും രാഷ്ട്രീയമായും പൊരുതുമെന്ന് പ്രതികരിച്ചു. 'ഞങ്ങളെ ഭയപ്പെടുത്തുകയോ നിശബ്‌ദരാക്കുകയോ ചെയ്യാന്‍ കഴിയുമെന്ന് കരുതേണ്ട. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട അദാനി കുംഭകോണത്തില്‍ സംയുക്ത പാര്‍ലമെന്‍ററി (ജെപിസി) അന്വേഷണത്തിന് പകരം രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുകയാണ് ചെയ്‌തത്. ഇന്ത്യൻ ജനാധിപത്യം ഓം ശാന്തി. ' - ജയ്‌റാം രമേശ് ട്വീറ്റ് ചെയ്‌തു.
ALSO READ|രാഹുല്‍ ഗാന്ധിക്കെതിരായ സൂറത്ത് കോടതി വിധി; മാര്‍ച്ച് 27 മുതല്‍ രാജ്യവ്യാപക പ്രതിഷേധമെന്ന് കോൺഗ്രസ്
രാഹുല്‍ ഗാന്ധിക്കെതിരായ അതിവേഗത്തിലുള്ള നടപടിയില്‍ താൻ അദ്ഭുതപ്പെട്ടുപോയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ ട്വീറ്റ് ചെയ്‌തു. 'ഇത് ക്രൂരമായ രാഷ്‌ട്രീയമാണ്. ഇത് നമ്മുടെ ജനാധിപത്യത്തിന് ദോഷകരമാണ്' - തരൂർ ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധിക്കെതിരെ സൂറത്ത് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കവെയാണ് ലോക്‌സഭ നടപടി. മാര്‍ച്ച് 27 മുതല്‍ പ്രതിഷേധം സംഘടിപ്പിക്കാനായിരുന്നു വിഷയത്തില്‍ കോണ്‍ഗ്രസ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പിസിസി, സിഎല്‍പി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.