ന്യൂഡൽഹി :അഫ്‌ഗാനിസ്ഥാനിലെ ഐക്യരാഷ്ട്രസഭയുടെ സുപ്രധാന ഇടപെടലിന് പിന്തുണ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഫ്‌ഗാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത ജി-20 ഉച്ചകോടിയില്‍ വെര്‍ച്വലായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ അഫ്‌ഗാനിസ്ഥാനിലെ മനുഷ്യാവകാശ പ്രശ്‌നങ്ങൾ, ഭീകരതയുമായി ബന്ധപ്പെട്ട ആശങ്കകൾ, മറ്റ് സ്ഥിതിഗതികൾ തുടങ്ങിയവ ചർച്ചയായി. നിലവിൽ ജി 20 അധ്യക്ഷസ്ഥാനം കയ്യാളുന്ന ഇറ്റലിയാണ് അസാധാരണ ഉച്ചകോടി വിളിച്ചുചേര്‍ത്തത്.
അഫ്‌ഗാനിസ്ഥാനെക്കുറിച്ചുള്ള യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം 2593 ൽ അടങ്ങിയിരിക്കുന്ന സന്ദേശത്തിന് ജി 20 യുടെ പിന്തുണ പുതുക്കണമെന്ന് മോദി യോഗത്തിൽ ആവശ്യപ്പെട്ടു. വിഷയത്തില്‍ ഏകീകൃത അന്താരാഷ്ട്ര പ്രതികരണം ഉണ്ടാകേണ്ടതുണ്ടെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.
ഇന്ത്യയും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധവും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അഫ്‌ഗാനിസ്ഥാനിലെ യുവാക്കളുടെയും സ്ത്രീകളുടെയും സാമൂഹിക-സാമ്പത്തിക വികസനത്തിനും, ശേഷി വർധിപ്പിക്കുന്നതിനും ഇന്ത്യ സംഭാവന നൽകി വരുന്നു. അഫ്‌ഗാനിൽ 500ഓളം വികസനപദ്ധതികൾ ഇന്ത്യ നടപ്പാക്കിയിട്ടുണ്ട്.