ന്യൂഡൽഹി:വിവിധ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഡിസംബർ 27ന് രാജ്യത്തുടനീളമുള്ള മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലും മോക്ക് ഡ്രില്ലുകൾ നടത്താൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. കൊവിഡിനെ നേരിടാൻ ആരോഗ്യ മേഖലയുടെ പ്രവർത്തന സന്നദ്ധത ഉറപ്പാക്കുകയാണ് ഇതുകൊണ്ടുള്ള ലക്ഷ്യം. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാർക്ക് അയച്ച കത്തിലാണ് മോക്ക് ഡ്രിൽ സംബന്ധിച്ച വിവരം പങ്കുവച്ചത്.
സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി അതത് ജില്ല കലക്‌ടർമാരുടെയും ജില്ല മജിസ്‌ട്രേറ്റുകളുടെയും മാർഗനിർദേശ പ്രകാരമാണ് മോക്ക് ഡ്രിൽ നടത്തേണ്ടതെന്ന് മന്ത്രാലയം അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഏത് അടിയന്തര സാഹചര്യങ്ങളും നേരിടുന്നതിന് ആവശ്യമായ പൊതുജനാരോഗ്യ നടപടികൾ ഏർപ്പെടുത്തേണ്ടത് ആവശ്യമാണെന്നും അത് ഉറപ്പാക്കാൻ ആരോഗ്യ സൗകര്യങ്ങളുടെ തയ്യാറെടുപ്പ് നടത്തണമെന്നും മന്ത്രാലയം പറഞ്ഞു.
ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യമുണ്ടായാൽ ഓക്‌സിജൻ സപ്പോർട്ട്, ഐസിയു കിടക്കകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കുന്നതിനാണ് മോക്ക് ഡ്രിൽ.
കൊവിഡിനെ പ്രതിരോധിക്കാൻ:ഐസൊലേഷൻ, ഓക്‌സിജൻ പിന്തുണയുള്ള ബെഡ് കപ്പാസിറ്റികൾ, ആരോഗ്യ കേന്ദ്രങ്ങളിലെ ഐസിയു കിടക്കകൾ എന്നിവയിലായിരിക്കും പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എല്ലാ ജില്ലകളിലെയും ആരോഗ്യ സൗകര്യങ്ങളുടെ ലഭ്യത, കിടക്കകളുടെ ശേഷി, ഐസൊലേഷൻ കിടക്കകൾ, ഓക്‌സിജൻ പിന്തുണയുള്ള കിടക്കകൾ, വെന്‍റിലേറ്റർ പിന്തുണയുള്ള കിടക്കകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കും.
ഡോക്‌ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കുകൾ എന്നിവരുടെ ലഭ്യതയിലും ആശാ വർക്കർമാർ, അംഗനവാടി ജീവനക്കാർ എന്നിവരുടെ ലഭ്യതയിലും ശ്രദ്ധ കേന്ദ്രീകരിക്കും.
ഹ്യൂമൻ റിസോഴ്‌സ് കപ്പാസിറ്റി:കൊവിഡ്-19 മാനേജ്‌മെന്‍റിൽ പരിശീലനം നേടിയ ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾ, ഗുരുതരമായ കേസുകളിൽ വെന്‍റിലേറ്ററി മാനേജ്‌മെന്‍റ് പ്രോട്ടോക്കോളിൽ പരിശീലനം നേടിയ ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾ, പിഎസ്‌എ പ്ലാന്‍റുകളുടെ പ്രവർത്തനത്തിൽ പരിശീലനം നേടിയ ആരോഗ്യ പ്രവർത്തകർ, ആംബുലൻസുകൾ, മറ്റ് ആംബുലൻസുകളുടെ ലഭ്യത (പിപിപി മോഡിൽ അല്ലെങ്കിൽ എൻജിഒകൾക്കൊപ്പം), പ്രവർത്തനക്ഷമമായ ആംബുലൻസ് കോൾ സെന്‍ററിന്‍റെ ലഭ്യത എന്നിവ ഉറപ്പാക്കും.