ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വർഷം പൂർത്തിയാക്കിയതിന് പിന്നാലെ സര്‍ക്കാർ ബസില്‍ യാത്ര ചെയ്‌ത് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ബസില്‍ സഞ്ചരിച്ച സ്റ്റാലിന്‍ യാത്രക്കാരോട് സുഖ വിവരങ്ങള്‍ ആരാഞ്ഞു. ചെന്നൈയിലെ രാധാകൃഷ്‌ണന്‍ സാലൈ റോഡില്‍ സര്‍വീസ് നടത്തുന്ന നമ്പര്‍ 29 സി ബസിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി സഞ്ചരിച്ചത്.
ബസിലെ സ്‌ത്രീ യാത്രക്കാരോട് മുഖ്യമന്ത്രി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തമിഴ്‌നാട്ടില്‍ സ്‌ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയാണ് അനുവദിച്ചിരിക്കുന്നത്. ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിലൊന്നായിരുന്ന സ്‌ത്രീകള്‍ക്കുള്ള സൗജന്യ യാത്ര പദ്ധതി, അധികാരത്തിലേറി ഒരു വര്‍ഷം പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് തന്നെ സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു.