ചെന്നൈ: പ്രധാനമന്ത്രിയാവാന്‍ മോഹമുണ്ടോയെന്ന ചോദ്യത്തിനോട് പ്രതികരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയും ദക്ഷിണേന്ത്യയിലെ കരുത്തനായ നേതാക്കളില്‍ ഒരാളുമായ എംകെ സ്‌റ്റാലിന്‍. ചോദ്യത്തിനോട് ദേശീയ രാഷ്‌ട്രീയത്തില്‍ ഡിഎംകെയുടെ സംഭാവനകള്‍ എണ്ണിപ്പറഞ്ഞ അദ്ദേഹം, തന്‍റെ പിതാവായ കരുണാനിധിയുടെ 'എന്‍റെ പൊക്കം എനിക്കറിയാം' എന്ന വാക്യം ആവര്‍ത്തിക്കുക മാത്രമാണുണ്ടായത്. ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് എംകെ സ്‌റ്റാലിന്‍ സുപ്രധാനമായ പലവിഷയങ്ങളോടും മനസുതുറന്നത്.
ഡിഎംകെയെക്കുറിച്ച് വാചാലനായി: ദേശീയ രാഷ്‌ട്രീയത്തിലെ തന്നെ മൂന്നാമത്തെ വലിയ കക്ഷിയാണ് ഡിഎംകെ. ആ മുദ്ര പതിപ്പിച്ച് 40 വർഷത്തിലേറെയായെങ്കിലും ഇന്നും അത് അതുപോലെ നിലനില്‍ക്കുന്നു. അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ബാങ്ക് ദേശസാല്‍കരണമുള്‍പ്പടെയുള്ള പുരോഗമന നടപടികളെ പിന്തുണച്ച് കലൈഞ്ജര്‍ (എം കരുണാനിധി) ദേശീയ രാഷ്‌ട്രീയത്തില്‍ മുദ്ര പതിപ്പിച്ചു. അടിയന്തരാവസ്ഥക്കാലത്ത്, അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് മറ്റൊരു സംസ്ഥാനത്തിനും കഴിയാത്തപ്പോഴും തമിഴ്‌നാടിന് ജനാധിപത്യത്തിന്‍റെ വായു ശ്വസിക്കാന്‍ സാധിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിപി സിങിന്‍റെ നാഷണൽ ഫ്രണ്ട് സർക്കാരിന്‍റെ നട്ടെല്ലായിരുന്നു ഡിഎംകെ. ഇതുവഴി പിന്നാക്ക വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം ലഭ്യമാക്കി രാജ്യമെമ്പാടും സാമൂഹിക നീതിയുടെ ജ്വാല തെളിക്കാനും കഴിഞ്ഞു. പൊതു മിനിമം പരിപാടിയില്‍ വാജ്‌പേയി സര്‍ക്കാരിനെ പിന്തുണച്ച് ഡിഎംകെയുള്ളപ്പോൾ വർഗീയതയ്ക്ക് ഇടമുണ്ടാകില്ലെന്ന അഭിനന്ദനവും നേടാനായി. ഡോ. മന്‍മോഹന്‍ സിങിന്‍റെ രണ്ട് യുപിഎ സര്‍ക്കാരുകളിലും ഡിഎംകെ നിര്‍ണായക പങ്കാളിയായിരുന്നു.
രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ നിലപാട് ശരിയാണെന്ന് തെളിയിക്കുകയും ദേശീയ ശ്രദ്ധ നേടുകയും ചെയ്‌തു. നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യ മുന്നണിയുടെ പ്രവര്‍ത്തനത്തിന് ഡിഎംകെ സംഭാവന നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപ്പോഴും പ്രധാനമന്ത്രിയാവാന്‍ മോഹമുണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹത്തിന് വ്യക്തമായ ഉത്തരമില്ലായിരുന്നു. പകരം പിതാവായ എം കരുണാനിധി മുമ്പ് പറഞ്ഞ 'എന്‍റെ പൊക്കം എനിക്കറിയാം' എന്നത് ഏറ്റുപറയുക മാത്രമായിരുന്നു അദ്ദേഹം.
അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍:
- ഇന്ത്യ മുന്നണിയുടെ നിലവിലെ അവസ്ഥ എന്താണ്. ബ്ലോക്കിനെ ഏകോപിപ്പിക്കുന്ന പ്രേരകശക്തി എന്താണ്?
കർണാടക നിയമസഭ തെരഞ്ഞെടുപ്പിലും അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ഇന്ത്യ മുന്നണി ആദ്യ റൗണ്ടിൽ വിജയം കണ്ടുകഴിഞ്ഞു. ബിജെപിയുടെ ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവും ഭരണഘടന വിരുദ്ധവുമായ ഒമ്പത് വർഷത്തെ ഭരണമാണ് ഇന്ത്യ മുന്നണിയെ ഒന്നിപ്പിച്ചത്. ബിജെപിയുടെ നിഴൽ സഖ്യങ്ങളായ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റും ആദായനികുതി വകുപ്പും ഇനിയും കൂടുതൽ പാർട്ടികളെ ഇന്ത്യ സഖ്യത്തിലേക്ക് കൊണ്ടുവരും. ഭരണഘടനയും അതിന്‍റെ തത്വങ്ങളും ജനങ്ങളുമാണ് ഞങ്ങളുടെ സഖ്യത്തിന്‍റെ ശക്തി.
- ഉത്തരേന്ത്യയിൽ അതിശക്തമായ ഹിന്ദുത്വ മുന്നേറ്റത്തെ പൊളിച്ചെഴുതാന്‍ ഇന്ത്യ മുന്നണിയുടെ തന്ത്രം എന്താണ്?
വർഗീയതയല്ലാതെ ബിജെപിക്ക് മറ്റൊരു പ്രത്യേയശാസ്‌ത്രവുമില്ല. വിദ്വേഷത്തിന്‍റെ രാഷ്‌ട്രീയം പറയാതെ അവരുടെ പ്രകടനം ചൂണ്ടിക്കാണിച്ച് അവര്‍ക്ക് വോട്ട് തേടാൻ കഴിയില്ല. എന്നാല്‍ ഇന്ത്യ മുന്നണിയുടെ ശക്തി മതസൗഹാര്‍ദ്ദമാണ്. ഭരണഘടന തത്വങ്ങളിലും ബഹുസ്വരമായ സംസ്ഥാനങ്ങളുടെ അവകാശങ്ങളിലും ഞങ്ങള്‍ വിശ്വസിക്കുകയും ജനങ്ങൾ അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ഒപ്പം ബിജെപിയുടെ വർഗീയ രാഷ്‌ട്രീയത്തെ എതിർക്കുന്ന എല്ലാ ജനാധിപത്യ ശക്തികളെയും തെരഞ്ഞെടുപ്പ് രംഗത്തിറക്കിക്കൊണ്ടും വിജയസാധ്യതകൾക്കനുസരിച്ച് സഖ്യകക്ഷികൾക്കിടയിൽ ഇടം ഉറപ്പാക്കിക്കൊണ്ടുമാണ് ജനവിധിയില്‍ വിജയിക്കുക എന്നതാണ് ഇന്ത്യ മുന്നണിയുടെ തന്ത്രം. ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലും കർണാടക നിയമസഭ തെരഞ്ഞെടുപ്പിലും ഇത്തരത്തില്‍ വിജയം സാധ്യമാണെന്ന് തെളിയിച്ചത് നിങ്ങള്‍ കണ്ടതാണല്ലോ.
- എല്ലാ പുതിയ ബില്ലുകൾക്കും കേന്ദ്ര സർക്കാർ ഹിന്ദിയിലാണ് പേരിടുന്നത്. മുമ്പുള്ള നിയമങ്ങൾ പോലും ഹിന്ദിയിൽ പുനർനാമകരണം ചെയ്യപ്പെടുന്നു. ഹിന്ദി മേധാവിത്വത്തോടുള്ള എതിർപ്പിന് പേരുകേട്ട ഡിഎംകെയുടെയും തമിഴ്‌നാടിന്‍റെയും പ്രതികരണം എന്താണ്?
ഡിഎംകെ എംപിമാർ ഈ വിഷയം പാർലമെന്‍റിന്‍റെ ഇരുസഭകളിലും ഉന്നയിച്ചതാണ്. ഹിന്ദിയിലുള്ള ക്ഷണപത്രികകള്‍ കീറിയെറിഞ്ഞാണ് അവര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. തമിഴിന് മാത്രമല്ല, മറ്റുള്ള സംസ്ഥാനങ്ങളിലെ ഭാഷകള്‍ക്കും ബിജെപിയുടെ 'ഒരു രാഷ്‌ട്രം ഒരു ഭാഷ' വളരെ അപകടം സൃഷ്‌ടിക്കുമെന്ന് ഡിഎംകെ എന്നും ഊന്നിപ്പറയുന്നതാണ്. മറ്റ് സംസ്ഥാനങ്ങളിലും ഇത് സംബന്ധിച്ച് ബോധവത്കരണം നടത്തുന്നുണ്ട്. ഒരു ഭാഷയോടും ഞങ്ങൾ എതിരല്ല. എന്നാല്‍ ഏതെങ്കിലും ഭാഷ അടിച്ചേൽപ്പിക്കുന്നതിനെ ഞങ്ങൾ ശക്തമായി എതിർക്കും. ഈ നിലപാട് തുടരുകയും ചെയ്യും. പാർലമെന്‍റ് തെരഞ്ഞെടുപ്പിന് ശേഷമുള്ള പുതിയ സർക്കാർ എല്ലാ ഭാഷകൾക്കും തുല്യ പദവിയും പ്രാധാന്യവും നൽകും.
- തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് വാഷിങ്‌ടൺ പോസ്‌റ്റ് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇത് ഡിജിറ്റൽ മീഡിയ ഉപയോഗത്തിലെ സാധാരണയൊരു തന്ത്രമാണോ അതോ അധികാര ദുർവിനിയോഗമാണോ?
ബിജെപിയുടെ വ്യാജപ്രചരണത്തിന് വാട്‌സ്‌ആപ്പ് യൂണിവേഴ്‌സിറ്റിയെന്ന പേര് ലഭിച്ചുകഴിഞ്ഞു. ഡിജിറ്റൽ മുതൽ ടെലിവിഷൻ, അച്ചടി എന്നിവയിലേക്ക് ബിജെപി സർക്കാർ അധികാരം ദുരുപയോഗം ചെയ്ത് കടന്നുവരാന്‍ ശ്രമിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലും ഇതുതന്നെയാണെന്ന് വാഷിങ്‌ടണ്‍ പോസ്‌റ്റ് തുറന്നുകാട്ടി. രാഷ്‌ട്രീയ അധികാരത്തിന്‍റെ ദുരുപയോഗം തുറന്നുകാട്ടാൻ വേണ്ടി മാത്രമാണ് ഇന്ത്യ മുന്നണി ചില അവതാരകരെ ബഹിഷ്‌കരിക്കുന്നത്. പത്രമാധ്യമങ്ങളും മറ്റു മാധ്യമങ്ങളും നിഷ്‌പക്ഷതയിലേക്ക് മടങ്ങുകയാണ് ഇതിന്‍റെ ലക്ഷ്യം. വ്യാജപ്രചരണങ്ങളെയും അപവാദങ്ങളെയും പ്രതിരോധിക്കുന്നതിനും അധികാര ദുർവിനിയോഗം തടയുന്നതിനുമുള്ള ഏകോപിത പദ്ധതിയുമായി ഇന്ത്യ മുന്നണിയെത്തും.
- വിവിധ ക്ഷേമ പരിപാടികൾ നടപ്പിലാക്കി വരുന്നുണ്ടല്ലോ. രാവിലത്തെ പ്രാതൽ പദ്ധതിയായാലും വീട്ടമ്മമാർക്കുള്ള ഓണറേറിയമായാലും വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുന്നുണ്ട്. അവ നടപ്പിലാക്കുന്നതിൽ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്?
ദ്രാവിഡ മോഡൽ സർക്കാരിന്‍റെ ക്ഷേമപദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്‌ത്രീകൾക്കുള്ള ഓണറേറിയം. ഈ പദ്ധതികളെല്ലാം ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, ഭാവി വികസനത്തിനുള്ള അടിത്തറയായി നിലകൊള്ളുകയും ചെയ്യുകയാണ്. അതുകൊണ്ട് തന്നെ, ദ്രാവിഡ മോഡൽ ഏതുതരം വെല്ലുവിളികൾ നേരിട്ടാലും നടപ്പിലാക്കുന്നതിൽ നിന്ന് പിന്നോട്ടുപോകില്ല. കഴിഞ്ഞ രണ്ട് വർഷം കൊണ്ട് കടബാധ്യതകള്‍, സാമ്പത്തിക കമ്മി, ഭരണപരമായ തകർച്ച എന്നിവയെല്ലാം നമ്മള്‍ മറികടന്നു. കേന്ദ്ര സർക്കാരിന്‍റെ വിവേചനപരമായ സാമ്പത്തിക വിഹിതത്തിൽ നിന്ന് പൂർണമായി മോചനം ലഭിച്ചിട്ടില്ലെങ്കിലും, ഞങ്ങൾ (ഡിഎംകെ) സംസ്ഥാനത്തെ വികസനത്തിന്‍റെ പാതയിലേക്ക് നയിച്ചു. ഇപ്പോൾ രാജ്യം മുഴുവൻ ഉറ്റുനോക്കുന്നത് തമിഴ്‌നാടിനെയാണെന്നും എംകെ സ്‌റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.