ഐസ്വാൾ :വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറാമിൽ വോട്ടെണ്ണല്‍ പുരോഗമിക്കവെ സോറം പീപ്പിൾസ് മൂവ്‌മെന്‍റിന് (ZPM) വ്യക്തമായ മുന്നേറ്റം. മിസോ നാഷണൽ ഫ്രണ്ട് (MNF), കോൺഗ്രസ്, ബി ജെ പി എന്നീ പാർട്ടികളെ പിന്നിലാക്കിയാണ് ആദ്യ മണിക്കൂറിൽ തന്നെ സോറം പീപ്പിൾസ് മൂവ്‌മെന്‍റ് (ZPM) 28 സീറ്റുകളില്‍ മുന്നേറുന്നത്.
ഭരണത്തിലുള്ള മിസോ നാഷണൽ ഫ്രണ്ട് 8 സീറ്റുകളിലും ബി ജെ പി 3 സീറ്റുകളിലും കോൺഗ്രസ് ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. നവംബർ 7നാണ് 40 അംഗ മിസോറാം നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്.
ഇന്നലെ മറ്റ് 4 സംസ്ഥാനങ്ങൾക്കൊപ്പം നടക്കാനിരുന്ന വോട്ടെണ്ണൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനമായ മിസോറാമില്‍ മതപരമായ കലണ്ടർ പ്രകാരം ഇന്നലെ പ്രധാന ദിവസമാണെന്ന് ചൂണ്ടിക്കാട്ടി വിശ്വാസികൾ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകിയിരുന്നു. ഇതേ തുടർന്നാണ് വോട്ടെണ്ണല്‍ ഇന്നേക്ക് മാറ്റിവച്ചത്.
പ്രധാന രാഷ്ട്രീയ പാർട്ടികളുടെയും സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളുടെയും ആവശ്യം മാനിച്ച് ഡിസംബര്‍ 3 ന് നടക്കേണ്ടിയിരുന്ന വോട്ടെണ്ണല്‍ തിങ്കളാഴ്‌ചയിലേക്ക് മാറ്റുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി അറിയിക്കുകയും ചെയ്‌തു.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളില്‍ ബിജെപി ഭരണമുറപ്പിച്ചിട്ടുണ്ട്. തെലങ്കാന ബി ആർ എസിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു.