ന്യൂഡൽഹി :ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനമൊട്ടുക്കും പ്രചാരണത്തിന് കോൺഗ്രസ്. പരിവർത്തന്‍ യാത്ര എന്ന് പേരിട്ടിരിക്കുന്ന റാലിയില്‍ ബിജെപി സർക്കാരിന്‍റെ ദുര്‍ഭരണം തുറന്നുകാട്ടുകയാണ് ലക്ഷ്യം. ആദ്യ യാത്ര ഖാതിമയിൽ നിന്ന് മുസോറിയിലേക്കായിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന ഘടകം അറിയിച്ചു.
മൂന്ന് ഘട്ടങ്ങളിലായാണ് യാത്ര. ഇതിന്‍റെ ഭാഗമായി കോൺഗ്രസ് നേതാക്കൾ സംസ്ഥാനം മുഴുവൻ പര്യടനം നടത്തും. രാജസ്ഥാൻ മാതൃകയിലാവും പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു.
ഏതാനും മാസങ്ങൾക്കുമുമ്പാണ് രാജസ്ഥാന്‍റെ സഹചുമതലയുള്ള ദേവേന്ദ്ര യാദവ് ഉത്തരാഖണ്ഡ് ഘടകത്തിന്‍റെ ചുമതലയേറ്റത്. നിയമസഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ സംബന്ധിച്ച് ഡല്‍ഹിയില്‍ വിവിധ ഘട്ട യോഗങ്ങൾ തുടരുകയാണ്.
Also read: തിരാത്ത് സിംഗ് റാവത്ത് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തി
ശനിയാഴ്ച സംസ്ഥാന ചുമതലയുള്ള ദേവേന്ദ്ര യാദവ് സംസ്ഥാന പ്രസിഡന്‍റ് പ്രീതം സിങ്, പ്രതിപക്ഷ നേതാവ് ഇന്ദിര ഹൃദയേഷ്, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ബിജെപി സർക്കാർ പൂർണ പരാജയമാണെന്നും ജനങ്ങൾ അസ്വസ്ഥരാണെന്നും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു.
70 അംഗ ഉത്തരാഖണ്ഡ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത വർഷം ആദ്യമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അടുത്തിടെ ത്രിവേന്ദ്ര സിംഗ് റാവത്തിന് പകരം ബിജെപി മുഖ്യമന്ത്രിയായി തിരാത്ത് സിംഗ് റാവത്തിനെ നിയമിച്ചിരുന്നു.
മുഖ്യമന്ത്രി തിരാത്ത് സിങ് റാവത്ത് നിരന്തരം വിവാദ പ്രസ്താവനകൾ നടത്തുന്ന സാഹചര്യത്തില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യം ഇത് പ്രചാരണ തന്ത്രമാക്കാനും പദ്ധതിയിടുന്നു.