അഹമ്മദാബാദ് : ഗുജറാത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്‌റ്റഗ്രാം സുഹൃത്തുക്കൾ ബലാത്സംഗം ചെയ്‌തു. അഹമ്മദാബാദിലാണ് സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിച്ച ഉർവേശ് സുതാർ, ചിരാഗ് പട്ടേൽ എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
പത്താം ക്ലാസ് പരീക്ഷ വിജയിച്ച പെൺകുട്ടിയ്‌ക്ക് മാതാപിതാക്കൾ മൊബൈൽ ഫോൺ സമ്മാനമായി നൽകിയിരുന്നു. പുതിയ ഫോൺ ലഭിച്ച ശേഷം പെൺകുട്ടി ഇൻസ്‌റ്റഗ്രാമിൽ അക്കൗണ്ട് തുറക്കുകയും നിരവധി സുഹൃത്തുക്കളെ സൃഷ്‌ടിക്കുകയും ചെയ്‌തു. ഇക്കൂട്ടത്തിലെ രണ്ട് പേരാണ് പിടിയിലായത്.
പെൺകുട്ടിയെ നേരിൽ പരിചയപ്പെട്ട ശേഷം പ്രതികളിലൊരാൾ ലൈംഗികമായി ഉപദ്രവിക്കുകയും ശേഷം അശ്ലീല വീഡിയോകൾ നിർമിക്കുകയും ശാരീരിക ബന്ധം തുടർന്നില്ലെങ്കിൽ ആ വീഡിയോകൾ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി പൊലീസ് പറഞ്ഞു. ആവർത്തിച്ചുള്ള ഭീഷണിയിൽ ഭയന്ന പെൺകുട്ടി തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രതിയെ ബ്ലോക്ക് ചെയ്‌തു. എന്നാൽ പ്രതികൾ പെൺകുട്ടിയുടെ സുഹൃത്തിനോട് പെൺകുട്ടിയുടെ ഫോൺ നമ്പർ പങ്കിടാൻ നിർബന്ധപൂർവം ആവശ്യപ്പെട്ടു.
പെൺകുട്ടിയുടെ നമ്പർ ലഭിച്ചതിന് ശേഷം പ്രതികളിലൊരാളായ ചിരാഗ് അവളെ വീട്ടിലേയ്‌ക്ക് വരാൻ നിർബന്ധിക്കുകയും അവിടെ വെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. ശേഷം ശാരീരിക ബന്ധം തുടരണമെന്നും കുടുംബത്തെ അറിയിച്ചാൽ അശ്ലീല വീഡിയോകൾ ഓൺലൈനിൽ പങ്കിടുമെന്ന് വീണ്ടും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. എന്നാൽ പെൺകുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ശേഷം മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കെസെടുത്തു. അറസ്‌റ്റിലായ പ്രതികളെ പൊലീസ് നിലവിൽ ചോദ്യം ചെയ്‌ത് വരികയാണ്.