മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയുടെ പിതാവ് അറസ്‌റ്റില്‍. മഹാരാഷ്‌ട്രയിലെ പതാന്‍ താലൂക്കിലായിരുന്നു സംഭവം. പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരമറിഞ്ഞ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി, കുട്ടിയുടെ പിതാവ് തന്നെയാണെന്ന് തെളിഞ്ഞത്.
പതാന്‍ താലൂക്കിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി എട്ട് മാസം ഗര്‍ഭിണിയായിരുന്നുവെന്നും അവള്‍ പീഡനത്തിനിരയായിരുന്നുവെന്നും പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ പീഡനത്തിനിരയാക്കിയെന്ന് ആരോപിച്ച് ഇതേ താലൂക്കില്‍പെട്ട യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. കോടതി നിര്‍ദേശ പ്രകാരം യുവാവ് പൊലീസ് കസ്‌റ്റഡിയില്‍ തുടരുകയായിരുന്നു.
പെണ്‍കുട്ടിയുടെ മൊഴി കേട്ട് പൊലീസ് ഞെട്ടി: അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ്, കുട്ടിയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍, നിലവില്‍ കുട്ടി ഗര്‍ഭിണിയല്ല എന്ന് പരിശോധനകള്‍ക്ക് ശേഷം ഡോക്‌ടര്‍മാര്‍ വിലയിരുത്തി. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയെ ചോദ്യം ചെയ്‌തു.
ചോദ്യം ചെയ്യലില്‍ കുട്ടി നല്‍കിയ മൊഴി കേട്ട് അന്വേഷണ ഉദ്യോസ്ഥര്‍ ഞെട്ടി. പീഡിപ്പിച്ചത് തന്‍റെ പിതാവാണെന്നും വീട്ടില്‍ വച്ച് പിതാവാണ് തന്‍റെ ഗര്‍ഭധാരണത്തിനായി സഹായിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍, ജനിച്ചയുടന്‍ തന്നെ കുട്ടി കരഞ്ഞതിനെ തുടര്‍ന്ന് കുട്ടിയെ പിതാവ് കൊലപ്പെടുത്തുകയായിരുന്നു.
തെളിവുകള്‍ നശിപ്പിക്കാന്‍ നവജാത ശിശുവിനെ പിതാവ് മാലിന്യകൂമ്പാരത്തില്‍ നിക്ഷേപിക്കുകയായിരുന്നു. പെണ്‍കുട്ടി നല്‍കിയ മൊഴിയെ തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ പിതാവിനെ അറസ്‌റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ പൊലീസ് റിമാന്‍ഡ് ചെയ്‌തു.
പോക്‌സോ വകുപ്പ് പ്രകാരം കുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു. വനിത അസിസ്‌റ്റന്‍റ് ഇന്‍സ്‌പെക്‌ടര്‍ ദ്വീപ് ജ്യോതി പാട്ടീലിനാണ് പോക്‌സോ കേസിന്‍റെ അന്വേഷണ ചുമതല. നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ ദെബീവാഡി അസിസ്‌റ്റന്‍റ് പൊലീസ് ഇന്‍സ്‌പെക്‌ടര്‍ അബിജിത്ത് ചൗധരി കേസ് അന്വേഷിക്കും.