അമേഠി (ഉത്തർ പ്രദേശ്): ഇലക്‌ട്രിക് കട്ടർ മോഷ്‌ടിച്ചു എന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ വൈദ്യുത തൂണിൽ കെട്ടിയിട്ട് മർദിച്ച് നാട്ടുകാർ. അമേഠിയിലെ ഗൗരിഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ പാണ്ഡെ പൂർവ ഗ്രാമത്തിലാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ കുട്ടികളെ മർദിച്ചവർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്‌ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം വിഷയം അന്വേഷിച്ച് വരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും സിഒ ഗൗരിഗഞ്ച് മായങ്ക് ദ്വിവേദി പറഞ്ഞു. ചെറിയ കുട്ടികളെ തൂണിൽ കെട്ടിയിട്ട് നാട്ടുകാർ മർദിക്കുന്നതും പരിഹസിക്കുന്നതുമായ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ ഇന്‍റർനെറ്റിൽ വൈറലായി മാറിയിരുന്നു. പ്രായപൂർത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളെ തൂണിൽ കയർ കൊണ്ട് കെട്ടിയിട്ട് മർദിക്കുന്നതായിരുന്നു വീഡിയോ.
സംഭവസ്ഥലത്ത് വലിയ ജനക്കൂട്ടം ഉണ്ടായിരുന്നെങ്കിൽ പോലും ആരും കുട്ടികളെ മർദിക്കുന്നത് തടയുകയോ അവരെ സംരക്ഷിക്കുകയോ ചെയ്യുന്നില്ലെന്നതും വീഡിയോയിൽ ദൃശ്യമാണ്. തിക്രിയയിലെ സിമന്‍റ് ഫാക്‌ടറിൽ നിന്ന് ഇലക്‌ട്രിക് കട്ടർ മോഷ്‌ടിച്ചു എന്നാരോപിച്ചാണ് കുട്ടികളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
പിടികൂടിയതിന് പിന്നാലെ പൊലീസിൽ അറിയിക്കുന്നതിന് പകരം അവർക്ക് ശിക്ഷ നൽകുന്നതിനായി നാട്ടുകാർ ചേർന്ന് കുട്ടികളെ അടുത്തുള്ള വൈദ്യുത തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. കുട്ടികളെ പിടികൂടിയതറിഞ്ഞ് പ്രദേശത്ത് ധാരാളം ആളുകളും തടിച്ച് കൂടി.
എന്നാൽ ഇത്തരമൊരു മനുഷ്യത്വരഹിതമായ പ്രവർത്തിയെ അവിടെ കൂടിനിന്നവർ എതിർക്കുകയോ, പൊലീസിനെ വിവരമറിയിക്കാൻ ശ്രമിക്കുകയോ ചെയ്‌തില്ലെന്നും പൊലീസ് പറഞ്ഞു. ഇതിനിടെ സംഭവ സ്ഥലത്തുണ്ടായിരുന്നവർ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും പിന്നാലെ പൊലീസ് നടപടിയെടുക്കുകയുമായിരുന്നു.