ചാമരാജനഗര്‍ (കര്‍ണാടക) :പട്ടയം കൊടുക്കുന്ന വേദിയില്‍ സ്‌ത്രീയുടെ മുഖത്തടിച്ച് മന്ത്രി. ചാമരാജനഗര്‍ ജില്ലയിലെ ഹങ്കല ഗ്രാമത്തില്‍ ശനിയാഴ്‌ച (22.10.2022) നടന്ന ചടങ്ങിലാണ് സംഭവം. പട്ടയം ലഭിക്കാത്തത് സംബന്ധിച്ച് ചോദിക്കാനെത്തിയ കെമ്പമ്മയെയാണ് കര്‍ണാടക അടിസ്ഥാന സൗകര്യ വികസന മന്ത്രി വി സോമണ്ണ ദേഷ്യപ്പെട്ട് മുഖത്തടിച്ചത്. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പരാതിക്കാരിയെ തല്ലി കര്‍ണാടക മന്ത്രി ; വീഡിയോ പുറത്ത്, 'ആശ്വസിപ്പിച്ചതാണെന്ന്' ബിജെപി നേതാവിനൊപ്പമെത്തി വിശദീകരണം
കര്‍ണാടകയിലെ ചാമരാജനഗറില്‍ നടന്ന പട്ടയ വിതരണ പരിപാടിക്കിടെ മന്ത്രി സ്‌ത്രീയുടെ മുഖത്തടിക്കുന്ന ദൃശ്യം പുറത്ത്
അതേസമയം സംഭവം വിവാദമായതോടെ അടിച്ചെന്നത് നിഷേധിച്ച് കെമ്പമ്മ രംഗത്തെത്തി. തന്നെ മന്ത്രി മര്‍ദിക്കുകയല്ലായിരുന്നുവെന്നും താന്‍ വികാരഭരിതയായപ്പോള്‍ ആശ്വസിപ്പിക്കുകയാണ് ചെയ്‌തതെന്നുമാണ് വീഡിയോയിലൂടെയുള്ള വിശദീകരണം. 'ഞാന്‍ വികാരഭരിതയായപ്പോള്‍ അദ്ദേഹം എന്നെ ആശ്വസിപ്പിക്കുകയായിരുന്നു. കാലുതൊട്ട് വണങ്ങിയപ്പോള്‍ മന്ത്രി എന്നോട് അങ്ങനെ ചെയ്യരുതെന്ന് നിര്‍ദേശിക്കുകയും ചെയ്‌തു' - കെമ്പമ്മ അറിയിച്ചു. വീടിന് വേണ്ടതെല്ലാം ചെയ്യാമെന്ന് മന്ത്രി അറിയിച്ചുവെന്നും നന്മ മാത്രമേ അദ്ദേഹം ചെയ്‌തിട്ടുള്ളൂവെന്നും കെമ്പമ്മ കൂട്ടിച്ചേര്‍ത്തു.
വിശദീകരണ വീഡിയോയില്‍ കെമ്പമ്മയ്‌ക്കൊപ്പം ബിജെപിയുടെ യുവ നേതാവ് പ്രണയ് കൂടിയുണ്ടായിരുന്നു.