മധ്യപ്രദേശില്‍ മിനി ട്രക്ക് നദിയിലേക്ക് മറിഞ്ഞു ദതിയ (മധ്യപ്രദേശ്) :മധ്യപ്രദേശിലെ ദതിയയില്‍ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്ന സംഘം സഞ്ചരിച്ച ട്രക്ക് പാലത്തിൽ നിന്ന് നദിയിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. അമിത വേഗതയിലെത്തിയ ട്രക്ക് ബുഹാറ നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ദുർസാദ പൊലീസ് സ്റ്റേഷൻ പരിധിയിൽ രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്.
പഞ്ചോ ബായ് (65), പ്രശാന്ത് (18), ഗുഞ്ചൻ (3), കൗരവ് (2), ഇഷു (3) എന്നിവരാണ് മരിച്ചത്. ഗ്വാളിയോറിലെ ബിൽഹേതി ഗ്രാമത്തിൽ നിന്ന് ടികംഗഡിലേക്ക് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയവരാണ് അപകടത്തില്‍ പെട്ടത്. ബുഹാറ ഗ്രാമത്തിന് സമീപം നിർമാണത്തിലിരിക്കുന്ന പാലത്തിൽ നിന്നാണ് ട്രക്ക് നിയന്ത്രണം വീട്ട് തഴേക്ക് മറിഞ്ഞത്.
അപകടത്തിൽ 30ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ചിലരുടെ പരിക്ക് ഗുരുതരമാണ്. അതിനാൽ തന്നെ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അനുശോചനം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
അപകടത്തിൽ ആഭ്യന്തരമന്ത്രി നരോത്തം മിശ്രയും ദുഃഖം രേഖപ്പെടുത്തി. അപകടം നടന്നയുടൻ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്‌ത് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായത്തിനും ആഭ്യന്തരമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
നേരത്തെ ജൂൺ 17 ന് മധ്യപ്രദേശിലെ മൊറേന ജില്ലയിൽ ബസുകൾ തമ്മിൽ കുട്ടിയിച്ചുണ്ടായ അപകടത്തിൽ മൂന്ന് യാത്രക്കാർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഗ്വാളിയോറിൽ നിന്ന് ഡൽഹിയിലേക്ക് പോയ ബസാണ് ദേശീയ പാത 44ൽ ദേവപുരി ബാബ മന്ദിറിന് സമീപം വച്ച് അപകടത്തിൽ പെട്ടത്.
തീർഥാടകരുടെ ബസ് മറിഞ്ഞ് അപകടം : ഇക്കഴിഞ്ഞ മെയിൽ ജമ്മു കശ്‌മീരിൽ ബസ് പാലത്തിൽ നിന്ന് തെന്നി മലയിടുക്കിലേക്ക് വീണ് 10 പേർ മരിച്ചിരുന്നു. അമൃത്‌സറിൽ നിന്ന് കത്രയിലെ മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് തീർഥാടകരുമായി പോയ ബസാണ് അപകടത്തിൽ പെട്ടത്. ഝജ്ജർ കോട്‌ലി പ്രദേശത്തുവച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് രക്ഷപ്പെട്ട യാത്രക്കാർ ആരോപിച്ചിരുന്നു.
കത്രയിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. ത്രികൂട മലനിരകളിലെ പ്രശസ്‌തമായ മാതാ വൈഷ്ണോദേവി ക്ഷേത്രം സന്ദർശിക്കുന്നതിനായി തീർഥാടകരുമായി വന്ന ബസ് ബേസ് ക്യാമ്പായ കത്രയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. എട്ട് പേർ സംഭവ സ്ഥലത്തുവച്ചും രണ്ട് പേർ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്.
ബസ് മറിഞ്ഞ് യുവതി കൊല്ലപ്പെട്ടു : മെയ് 21ന് ജമ്മു കശ്‌മീരിലെ റിയാസി ജില്ലയിൽ ബസ് മറിഞ്ഞ് ഒരു യുവതി കൊല്ലപ്പെടുകയും 24ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. മാതാ വൈഷ്ണോദേവി ക്ഷേത്രം സന്ദർശിച്ച് മടങ്ങുന്നതിനിടെയായിരുന്നു അപകടം. രാജസ്ഥാൻ സ്വദേശികൾ സഞ്ചരിച്ച വാഹനമായിരുന്നു അപകടത്തിൽപ്പെട്ടത്.