ശ്രീനഗര്‍:ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കര്‍ ഇ ത്വയ്‌ബ (LeT) ഭീകരരെ വധിച്ച് സൈന്യം (Militants and Security Forces Clash At Shopiana). ഷോപിയാനിലെ അൽഷിപോറ മേഖലയില്‍ ഇന്നാണ് (ഒക്‌ടോബര്‍ 10) ഭീകരവാദികളും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട തീവ്രവാദികളില്‍ ഒരാള്‍ കശ്‌മീരി പണ്ഡിറ്റ് സഞ്ജയ് ശര്‍മ കൊലപാതക (Sanjay Sharma Murder) കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
നിരോധിത ഭീകരസംഘടനയായ ലഷ്‌കര്‍ ഇ ത്വയ്‌ബയുടെ അംഗങ്ങളായ മോറിഫത്ത് മഖ്ബൂൽ, ജാസിം ഫാറൂഖ് എന്നറിയപ്പെടുന്ന അബ്രാർ എന്നിവരെയാണ് സേന വധിച്ചത്. ഇതില്‍ അബ്രാറിനാണ് സഞ്ജയ് ശര്‍മ കൊലപാതകവുമായി പങ്കുള്ളതെന്ന് കശ്‌മീര്‍ എഡിജിപി വ്യക്തമാക്കി. ഈ വര്‍ഷം ഫെബ്രുവരിയിലാണ് സഞ്ജയ് ശര്‍മ കൊല്ലപ്പെടുന്നത്.
തെക്കന്‍ കാശ്‌മീരിലെ ഷോപിയാനില്‍ തന്‍റെ ഗ്രാമത്തില്‍ സായുധ സേന സുരക്ഷ ഉദ്യോഗസ്ഥനായി സേവനം അനുഷ്‌ഠിച്ചിരുന്ന വ്യക്തിയാണ് സഞ്ജയ് ശര്‍മ. ഫെബ്രുവരി 26നായിരുന്നു ഇയാള്‍ ഭീകരവാദികളുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. അച്ചാന്‍ ഗ്രാമത്തില്‍ വച്ചായിരുന്നു ഈ സംഭവം.
അൽഷിപോറ മേഖലയില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം സുരക്ഷ സേനയ്ക്ക് ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് രണ്ട് ഭീകരരെ സൈന്യം വധിച്ചത്. മേഖലയില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
കുല്‍ഗാം ഏറ്റുമുട്ടലില്‍ ഭീകരര്‍ കൊല്ലപ്പെട്ടു:ഈ മാസം നാലിനാണ് ജമ്മു കശ്‌മീരിലെ കുല്‍ഗാമില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. കുല്‍ഗാം ജില്ലയിലെ കുജ്ജാര്‍ ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടല്‍. ഈ സംഭവത്തില്‍ രണ്ട് ഭീകരവാദികളെയാണ് സേന വധിച്ചത്.ബാസിത് അമിന്‍ ഭട്ട്, സാഖിബ് അഹമ്മദ് ലോണ്‍ എന്നിവരാണ് പൊലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
കൊല്ലപ്പെട്ട ഇരുവരും ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദ സംഘടനയുമായി ബന്ധമുള്ളവരാണ്. ഇവരില്‍ നിന്നും 02 എകെ റൈഫിള്‍ തോക്ക് ഉള്‍പ്പടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷ സേന കണ്ടെടുത്തിരുന്നു. മേഖലയില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ച അടിസ്ഥാനത്തിലായിരുന്നു പൊലീസും സുരക്ഷ സേനയും സംയുക്തമായി പരിശോധന നടത്തിയത്. ഈ സമയം, ഒളിഞ്ഞിരുന്ന ഭീകരര്‍ സുരക്ഷ സേനയ്‌ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സേന നടത്തിയ തിരിച്ചടിയിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്.
Read More :Two Militants Killed In Kulgam Encounter : കശ്‌മീരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍ ; 2 ഭീകരര്‍ കൊല്ലപ്പെട്ടു