ശ്രീനഗര്‍: ബന്ദിപോരയിലെ സോദ്‌നാര സോനാവാരി മേഖലയിൽ അജ്ഞാതരുടെ വെടിയേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. വെള്ളിയാഴ്‌ച (12.08.2022) പുലർച്ചെ ആണ് സംഭവം. ബിഹാർ സ്വദേശിയും മുഹമ്മദ് ജലീൽ എന്നയാളുടെ മകനുമായ മുഹമ്മദ് അമ്രെസ് ആണ് മരിച്ചത്.
ബന്ദിപോരയിലെ സോദ്‌നാര സുംബലിൽ വച്ച് ഭീകരർ മുഹമ്മദ് അമ്രെസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഇയാളെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല എന്ന് കശ്‌മീർ സോൺ പൊലീസ് ട്വിറ്ററിൽ കുറിച്ചു.
കശ്‌മീരിൽ അടുത്തിടെയായി ഇതര സംസ്ഥാനക്കാരെ ലക്ഷ്യമിട്ടാണ് ഭീകരർ ആക്രമണം നടത്തുന്നത്. ജൂൺ രണ്ടിന് രാജസ്ഥാൻ സ്വദേശിയായ ബാങ്ക് മാനേജർ കുൽഗാമിൽ ഭീകരരുടെ വെടിയേറ്റ് മരിച്ചിരുന്നു.
ജൂണിൽ തന്നെ ബുദ്‌ഗാമിൽ ഇഷ്‌ടിക ചൂളയിലെ തൊഴിലാളികൾക്ക് നേരെ ഭീകരർ ആക്രമണം നടത്തിയിരുന്നു. വെടിവയ്പ്പിൽ ബിഹാറിൽ നിന്നുള്ള 17കാരനായ ദിൽഖുഷ് കുമാർ എന്ന തൊഴിലാളി കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. മെയ് മാസത്തിൽ കുൽഗാം ജില്ലയിലെ ഗോപാൽപോറ മേഖലയിൽ അധ്യാപികയെ ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.