ന്യൂഡല്‍ഹി:യാത്രമധ്യേ സ്‌ത്രീയുടെ ദേഹത്ത് യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് മുപ്പത് ലക്ഷം പിഴ ചുമത്തി ഡിജിസിഎ (Directorate General of Civil Aviation). സംഭവം കൈകാര്യം ചെയ്യുന്നതില്‍ എയര്‍ഇന്ത്യ ബന്ധപ്പെട്ട ചട്ടങ്ങള്‍ ലംഘിച്ചു എന്നാണ് ഡിജിസിഎ കണ്ടെത്തിയത്. എയര്‍ ഇന്ത്യയുടെ ന്യൂയോര്‍ക്ക്-ഡല്‍ഹി വിമാനത്തില്‍ ബിസിനസ് ക്ലാസില്‍ ശങ്കര്‍ മിശ്ര എന്ന യാത്രക്കാരനാണ് സ്‌ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ചത്.
കൃത്യനിര്‍വഹണത്തില്‍ വിലോപം കാട്ടിയതിന് സംഭവം നടന്ന വിമാനത്തിന്‍റെ പൈലറ്റിന്‍റെ ലൈസന്‍സ് ഡിജിസിഎ മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. കൂടാതെ എയര്‍ ഇന്ത്യയുടെ ഫ്ലൈറ്റ് സര്‍വീസസിന്‍റെ ഡയറക്‌ടര്‍ക്ക് മൂന്ന് ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു. ജനുവരി 6നാണ് എയർ ഇന്ത്യയുടെ അക്കൗണ്ടബിൾ മാനേജർ, എയർ ഇന്ത്യയുടെ ഇൻ-ഫ്ലൈറ്റ് സർവീസസ് ഡയറക്‌ടര്‍, ആ വിമാനത്തിലെ പൈലറ്റുമാർ, ക്യാബിൻ ക്രൂ അംഗങ്ങൾ എന്നിവര്‍ക്ക് നടപടി സ്വീകരിക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് ഡിജിസിഎ നോട്ടീസ് അയച്ചത്.
മറുപടി നൽകാൻ രണ്ടാഴ്‌ചത്തെ സമയമാണ് നല്‍കിയത്. വസ്‌തുതാന്വേഷണത്തിനായി ഡിജിസിഎ എയർ ഇന്ത്യയോട് സംഭവത്തിന്‍റെ വിശദാംശങ്ങൾ തേടിയിരുന്നു. ഇതിനു ശേഷമാണ് പിഴ ചുമത്തിയത്.
എയര്‍ഇന്ത്യയുടേത് സഹാനുഭൂതി ഇല്ലാത്ത നടപടി: അച്ചടക്കമില്ലാത്ത ഒരു യാത്രക്കാരനെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പ്രസ്‌തുത സംഭവത്തില്‍ എയര്‍ ഇന്ത്യ പാലിച്ചിട്ടില്ലെന്ന് പ്രഥമദൃഷ്ട്യാ വെളിപ്പെട്ടു എന്ന് ഡിജിസിഎ വ്യക്തമാക്കി. സംഭവത്തില്‍ എയർഇന്ത്യയുടെ പെരുമാറ്റം പ്രൊഫഷണല്‍ ആയിരുന്നില്ല. ഇരയായ യാത്രക്കാരിയോട് സഹാനുഭൂതി ഇല്ലാത്ത പെരുമാറ്റമാണ് എയര്‍ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ഡിജിസിഎ വ്യക്തമാക്കി.
സംഭവത്തില്‍ ശങ്കര്‍ മിശ്രയെ നാല് മാസത്തേക്ക് വിമാനയാത്രയില്‍ നിന്ന് എയര്‍ ഇന്ത്യ വിലക്കിയിരുന്നു. ഡിജിസിഎയുടെ ഇക്കാര്യത്തിലുള്ള തീരുമാനം വന്നാല്‍ മറ്റ് വിമാനക്കമ്പനികളും അദ്ദേഹത്തെ വിലക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വിലക്കിനെതിരെ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങി ശങ്കര്‍ മിശ്ര: എന്നാല്‍ വിലക്കിനെതിരെ ഡിജിസിഎയുടെ നിയമമനുസരിച്ച് അപ്പീല്‍ നല്‍കുമെന്ന് ശങ്കര്‍ മിശ്രയുടെ അഭിഭാഷകര്‍ വ്യക്തമാക്കി. എയര്‍ ഇന്ത്യയുടെ ആഭ്യന്തരകമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ അച്ചടക്കമില്ലാതെ പെരുമാറുന്ന യാത്രക്കാരനാണ് ശങ്കര്‍ മിശ്ര എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്ക് പ്രഖ്യാപിച്ചത്. എന്നാല്‍ ഈ അന്വേഷണത്തെ ചോദ്യം ചെയ്യുകയാണ് ശങ്കര്‍ മിശ്രയുടെ അഭിഭാഷകര്‍.
വിമാനത്തിലെ സീറ്റുകളുടെ വിന്യാസം പോലും ശരിയായി മനസിലാക്കാതെയുള്ള അന്വേഷണമാണ് നടന്നതെന്ന് ഇവര്‍ പറയുന്നു. ബിസിനസ് ക്ലാസിലെ 9A എന്ന സീറ്റില്‍ ഇരിക്കുന്ന പരാതിക്കരിയുടെ ദേഹത്ത് 9C എന്ന സീറ്റില്‍ ഇരിക്കുന്ന യാത്രക്കാരന് യാതൊരു പ്രശ്‌നവും ഉണ്ടാതെ എങ്ങനെ ശങ്കര്‍ മിശ്ര മൂത്രമൊഴിച്ചു എന്നുള്ളതിന് വിശ്വസ്യ യോഗ്യമായ വിശദീകരണം നല്‍കാന്‍ എയര്‍ ഇന്ത്യയുടെ അന്വേഷണ കമ്മിറ്റിക്ക് ആയിട്ടില്ല എന്ന് ശങ്കര്‍ മിശ്രയുടെ അഭിഭാഷകര്‍ പറയുന്നു. 9b എന്ന സാങ്കല്‍പ്പിക സീറ്റില്‍ നിന്ന് കൊണ്ട് 9Aയില്‍ ഇരിക്കുന്ന യാത്രക്കാരിയുടെ സീറ്റില്‍ മൂത്രമൊഴിച്ചെന്ന് കല്‍പ്പിക്കുകയാണ് അന്വേഷണ കമ്മിറ്റി ചെയ്‌തതെന്നും ശങ്കർമിശ്രയുടെ അഭിഭാഷകൻ വാദിച്ചു.
ജില്ലാ ജഡ്‌ജിയായി വിരമിച്ച വ്യക്തിയുടെ നേതൃത്വത്തിലുള്ള മൂന്ന് സ്വതന്ത്ര അംഗങ്ങള്‍ ഉള്‍പ്പെട്ട ആഭ്യന്തര കമ്മിറ്റിയാണ് അന്വേഷണം നടത്തിയതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഈ കമ്മിറ്റിയാണ് ശങ്കര്‍ മിശ്ര 'അച്ചടക്കമില്ലാതെ പെരുമാറുന്ന യാത്രക്കാരന്‍റെ' ഗണത്തില്‍ വരുമെന്ന് കണ്ടെത്തിയത്. അന്വേഷണ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഡിജിസിഎയ്‌ക്ക് അയച്ചിട്ടുണ്ട്. ശങ്കര്‍ മിശ്രയെ വിലക്കിയ കാര്യം മറ്റ് വിമാനകമ്പനികളെ അറിയിക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചിരുന്നു.