ഉദയ്പൂർ: ബിജെപി മുൻ ദേശീയ വക്താവ് നുപുർ ശർമയ്ക്ക് അനുകൂലമായി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടയാളെ ഉദയ്‌പൂരിൽ വെട്ടിക്കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസിയോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു. തയ്യൽ ജോലിക്കാരനായ കനയ്യ ലാൽ എന്നയാളാണ് കൊല്ലപ്പെട്ടത്. വിഷയത്തിൽ ഏതെങ്കിലും തീവ്ര സംഘടനകളുടെ പങ്കാളിത്തവും അന്താരാഷ്‌ട്ര ബന്ധങ്ങളും സമഗ്രമായി അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കനയ്യ ലാലിന്‍റെ ഉദയ്‌പൂരിലെ വീട്ടിൽ അന്ത്യകർമങ്ങൾ നടത്തി. സംഭവത്തിൽ ഉദയ്‌പൂർ സ്വദേശികളായ ഗൗസ് മുഹമ്മദ്, റിയാസ് എന്നിവർ അറസ്റ്റിലായി. വസ്ത്രം തയ്പ്പിക്കാൻ എന്ന വ്യാജേനയാണ് കൊലപാതകികൾ കടയിലെത്തി, കനയ്യ ലാലിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതക ദ്യശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും അക്രമികൾ ഭീഷണി മുഴക്കി. കൊലപാതകത്തിനുശേഷം ഉദയ്‌പൂരില്‍ വലിയ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്.