ജയ്‌പൂര്‍: ഇന്‍സ്റ്റാഗ്രാം വീഡിയോകള്‍ക്ക് ലൈക്ക് അടിച്ച് പണം സമ്പാദിക്കാമെന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ഒരു കോടി ഒരു ലക്ഷം രൂപ തട്ടിയ ഏഴംഗ സംഘം അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശിയായ ദീപക് ശര്‍മ്മയാണ് തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ ദിവസമാണ് പ്രതികളായ ഏഴംഗ സംഘത്തെ രാജസ്ഥാന്‍ പൊലീസിന്‍റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ്ഒജി) അറസ്റ്റ് ചെയ്‌തത്.
തട്ടിപ്പിന് ഇരയായ കഥ തുടങ്ങുന്നത് ഇക്കഴിഞ്ഞ ഏപ്രിലിലാണ്. ദീപക് ശര്‍മ്മയുടെ വാട്‌സ് ആപ്പില്‍ ലഭിച്ച ഒരു സന്ദേശത്തിന് പ്രതികരണം നല്‍കിയതാണ് ഒടുക്കം ഇത്രയും വലിയ തട്ടിപ്പിനിരയായത്.
വാട്‌സ് ആപ്പില്‍ ലഭിച്ച സന്ദേശം ഇങ്ങനെയായിരുന്നു: ഇന്‍സ്റ്റഗ്രാം വീഡിയോകള്‍ ലൈക്ക് ചെയ്യുന്നതിലൂടെയും സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കിടുന്നതിലൂടെയും പ്രതിദിനം 3 രൂപ മുതല്‍ 5000 രൂപ വരെ സമ്പാദിക്കാം എന്നായിരുന്നു ആ സന്ദേശം. ലഭിച്ച സന്ദേശത്തിന് ലൈക്ക് അടിക്കാന്‍ താന്‍ തയ്യാറാണെന്ന് മറുപടി പറഞ്ഞതോടെ ദീപക് ശര്‍മ്മയെ ടെലിഗ്രാമിലെ ഒരു ഗ്രൂപ്പില്‍ ചേര്‍ത്തു. അങ്ങനെ ദീപക് ശര്‍മ്മ ഗ്രൂപ്പില്‍ വരുന്ന സന്ദേശങ്ങള്‍ക്ക് അനുസരിച്ച് തന്‍റെ ജോലി ചെയ്‌ത് തുടങ്ങി.
ഗ്രൂപ്പില്‍ വരുന്ന ഇന്‍സ്റ്റഗ്രാം ലിങ്കുകളില്‍ കയറി ഓരോ വീഡിയോകള്‍ക്കും ലൈക്ക് അടിച്ച് തുടങ്ങി. ജോലി ചെയ്യുന്നതിന് അനുസരിച്ച് 50 രൂപ മുതല്‍ 100 രൂപ വരെ അദ്ദേഹത്തിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച് തുടങ്ങി. ഏതാനും കുറച്ച് നാളുകള്‍ ദീപക് ശര്‍മ്മ ഈ ജോലി സ്ഥിരമായി ചെയ്‌തു. നാളുകള്‍ പിന്നിട്ടതോടെ ഈ കമ്പനിയുടെ ഭാഗമായുള്ള വലിയ പ്രൊജക്‌റ്റ് ചെയ്യാന്‍ താത്‌പര്യമുണ്ടോയെന്ന് ചോദിച്ചു.
ചെയ്യുന്ന ജോലിയ്‌ക്ക് കൃത്യമായി പണം നല്‍കിയതിലൂടെ തട്ടിപ്പ് സംഘം ദീപക് ശര്‍മ്മയുടെ വിശ്വാസം പിടിച്ച് പറ്റിയിരുന്നു. അതുകൊണ്ട് വലിയ പണം ലഭിക്കുമെന്ന് കാര്യത്തില്‍ ദീപക് ശര്‍മ്മയ്‌ക്ക് സംശയമൊന്നും തോന്നിയില്ല. കമ്പനിയുടെ ഭാഗമായി ചേര്‍ന്ന് വലിയ പ്രൊജക്‌ട് ഏറ്റെടുത്ത് ചെയ്യാന്‍ താത്പര്യമുണ്ടെന്നും ദീപക് ശര്‍മ്മ മറുപടി നല്‍കി. ഇത്തരത്തില്‍ കമ്പനിയുടെ ഭാഗമായി വലിയ വരുമാനം ലഭിക്കണമെങ്കില്‍ പണം ഇന്‍വെസ്റ്റ് ചെയ്യണമെന്നും സംഘം പറഞ്ഞു.
ഒരു കോടി ഒരു ലക്ഷം രൂപ കമ്പനി അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും സന്ദേശം ലഭിച്ചു. വലിയ വരുമാനം പ്രതീക്ഷിച്ച ദീപക് ശര്‍മ്മ പണം നല്‍കാമെന്ന് തിരിച്ചും സന്ദേശം അയച്ചു. പണം നല്‍കാന്‍ 31 വ്യത്യസ്‌ത അക്കൗണ്ട് നമ്പറുകളാണ് സംഘം നല്‍കിയത്. സംഘം നല്‍കിയ അക്കൗണ്ട് നമ്പറുകളിലായി ഒരു കോടി ഒരു ലക്ഷം രൂപ നിശ്ചിത തുകയായി വീതിച്ച് നിക്ഷേപിക്കാന്‍ സംഘം നിര്‍ദേശം നല്‍കി.