ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ചുട്ടുപൊള്ളുമ്പോള്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും 49 ഡിഗ്രിയാണ് സെല്‍ഷ്യസാണ് ഞായറാഴ്‌ച രേഖപ്പെടുത്തിയ താപനില. ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് മേഖലയിലെ ബന്ദ ജില്ലയിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പകൽ താപനില. പടിഞ്ഞാറൻ ഉത്തർപ്രദേശ്, കിഴക്കൻ ഉത്തർപ്രദേശ്, കിഴക്കൻ മധ്യപ്രദേശ് എന്നിവിടങ്ങളിൽ പലയിടത്തും പരമാവധി താപനില സാധാരണയിലും (3.1ഡിഗ്രി സെൽഷ്യസ് മുതൽ 5.0 ഡിഗ്രി സെൽഷ്യസ് വരെ) ഉയര്‍ന്നിട്ടുണ്ട്.
ഹിമാചൽ പ്രദേശ്, ഹരിയാന, ഡൽഹി, ജമ്മു, കശ്‌മീർ, ലഡാക്ക്, ഗിൽജിത്-ബാൾട്ടിസ്ഥാൻ, ഉത്തരാഖണ്ഡ്, പഞ്ചാബ്, ബീഹാർ എന്നിവിടങ്ങളിലെ പലയിടത്തും ഉയർന്ന താപനില സാധാരണയേക്കാൾ (5.1ഡിഗ്രിയോ അതിൽ കൂടുതലോ) ഉയർന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പഞ്ചാബിന്‍റെയും ഹരിയാനയുടെയും വടക്കൻ ഭാഗങ്ങളിൽ തിങ്കളാഴ്‌ച പൊടിക്കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.