തിരുവനന്തപുരം : മുസ്‌ലിം ജമാഅത്ത് സംഘടനയായ മഹല്‍ എംപവര്‍മെന്‍റ് മിഷന്‍റെ (Mahal Empowerment Mission - MEM) പലസ്‌തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് ശശി തരൂര്‍ എംപിയെ ഒഴിവാക്കി (MEM Removes Tharoor From Palestine Solidarity Event). തരൂരിന്‍റെ ഹമാസ് ഭീകരവാദ പരാമര്‍ശം വിവാദമായതോടെയാണ് (Shashi Tharoor Hamas terror remark) ഒക്‌ടോബര്‍ 30ന് തിരുവനന്തുപുരത്ത് നടക്കാനിരിക്കുന്ന മഹല്‍ എംപവര്‍മെന്‍റ് മിഷന്‍റെ പരിപാടിയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാനുള്ള തീരുമാനം. കോര്‍പറേഷനിലെ 100 വാര്‍ഡുകളില്‍ നിന്നുള്ള ജമാഅത്തുകളുടെ തീരുമാനമാണെന്നും അതിനാല്‍ പരിപാടിയില്‍ നിന്ന് തരൂരിനെ ഒഴിവാക്കിയെന്നും മഹല്‍ എംപവര്‍മെന്‍റ് മിഷന്‍ പ്രസിഡന്‍റ് ഷാജഹാന്‍ ശ്രീകാര്യം പറഞ്ഞു.
കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ സംസാരിക്കവെ ആയിരുന്നു ശശി തരൂരിന് നാക്കുപിഴച്ചത്. പ്രസംഗത്തിനിടെ ഹമാസ് ഭീകരവാദം എന്നതരത്തില്‍ നടത്തിയ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്. ഒക്‌ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ ഭീകരപ്രവര്‍ത്തനം എന്ന് വിശേഷിപ്പിക്കുകയായിരുന്നു ശശി തരൂര്‍.
പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. സിപിഎം നേതാക്കളായ എം സ്വരാജും കെടി ജലീലും വിമര്‍ശിച്ചു കൊണ്ട് ഫേസ്‌ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. ലീഗിന്‍റെ ചെലവില്‍ തരൂര്‍ ഇസ്രയേല്‍ ഐക്യദാര്‍ഢ്യമാണ് നടത്തിയത് എന്നായിരുന്നു എം സ്വരാജ് പ്രതികരിച്ചത്. ഇസ്രയേല്‍ ലക്ഷണമൊത്തൊരു ഭീകര സംഘടനയാണെന്ന് പറയാന്‍ കോണ്‍ഗ്രസ് നേതാവിന് കഴിയുന്നില്ലെന്നും സ്വരാജ് കുറ്റപ്പെടുത്തി.