വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളില്‍ നടന്ന വാശിയേറിയ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അന്തിമ ഫലങ്ങൾ പുറത്തുവരുമ്പോൾ വലിയ നേട്ടത്തില്‍ ബിജെപി. പരീക്ഷണങ്ങളെ അതിജീവിച്ച് ത്രിപുരയിൽ ഒറ്റയ്‌ക്ക് ഭരണം നേടാനായതും, മേഘാലയയിലും, നാഗാലാൻഡിലും മികച്ച പ്രകടനം നടത്താനായതും കണക്കിലെടുക്കുമ്പോൾ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ബിജെപിക്ക് സ്വന്തമാക്കാനായത്.
ത്രിപുരയിൽ ബിജെപി, തരിപ്പണമായി സിപിഎം : സിപിഎം - കോണ്‍ഗ്രസ് സഖ്യത്തെയും കരുത്തരായ തിപ്ര മോത പാർട്ടിയേയും അട്ടിമറിച്ചുകൊണ്ടാണ് ബിജെപി ത്രിപുരയിൽ തുടര്‍ വിജയം സ്വന്തമാക്കിയത്. 2018ലെ തെരഞ്ഞെടുപ്പിൽ 36 സീറ്റുകളുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ അത് 32 സീറ്റുകളായി കുറഞ്ഞു. എന്നാൽ എതിർ പാർട്ടികളുടെ ശക്തമായ മത്സരത്തെ അതിജീവിച്ച് ഒറ്റയ്‌ക്ക് ഭരണം നേടാനായത് എന്തുകൊണ്ടും ബിജെപിയുടെ ആത്‌മവിശ്വാസം വർധിപ്പിക്കുന്നതാണ്.
ത്രിപുരയിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് സിപിഎമ്മിനാണ്. അഞ്ച് വർഷം മുൻപുവരെ ത്രിപുര അടക്കി വാണിരുന്ന സിപിഎമ്മിന് 2018ലെ തെരഞ്ഞെടുപ്പിൽ ഭരണം നഷ്‌ടമായിരുന്നു. എന്നാൽ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മുഖ്യ പ്രതിപക്ഷ സ്ഥാനവും നഷ്‌ടമായി. കഴിഞ്ഞ തവണ 16 സീറ്റുകളുണ്ടായിരുന്ന സിപിഎം ഇത്തവണ 11 സീറ്റുകളിലേക്ക് ചുരുങ്ങി. ഇതോടെ 13 സീറ്റുകൾ സ്വന്തമാക്കിയ ത്രിപമോത പാര്‍ട്ടി മുഖ്യപ്രതിപക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു.
ഇത്തവണ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ചായിരുന്നു സിപിഎം തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയത്. എന്നാൽ ഇതിൽ കാര്യമായ നേട്ടം സ്വന്തമാക്കാൻ അവർക്കായില്ല. അതേസമയം സിപിഎമ്മുമായുള്ള സഖ്യം കോണ്‍ഗ്രസിന് ഗുണമാവുകയും ചെയ്‌തു. 2018ലെ തെരഞ്ഞെടുപ്പിലെ പൂജ്യത്തില്‍ നിന്ന് ഇത്തവണ 2 സീറ്റുകളിലേക്ക് ഉയരാൻ അവർക്കായി. അതേസമയം കഴിഞ്ഞ തവണ എട്ട് സീറ്റുകൾ നേടിയ ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്‌ടി ഇത്തവണ ഒറ്റ സീറ്റിൽ ഒതുങ്ങി.
പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്‍റെ തിപ്രമോതയുടെ പ്രഭാവമാണ് ത്രിപുരയിൽ സിപിഎമ്മിന് തിരിച്ചടിയായത്. സിപിഎമ്മിന്‍റെ വോട്ട് ചോർച്ചയിൽ പ്രധാന പങ്ക് വഹിച്ചതും തിപ്രമോതയായിരുന്നു. കന്നി മത്സരത്തിൽ തന്നെ 13 സീറ്റുകളിലേക്കാണ് അവർ ജയിച്ചുകയറിയത്. കൂടാതെ ഗോത്ര മേഖലകളിൽ പാർട്ടിയുടെ കരുത്ത് ബിജെപിയെ വൻ വിജയം നേടുന്നതിൽ നിന്ന് തടഞ്ഞു.
മികച്ച വിജയത്തിന് പിന്നാലെ ബിജെപി സർക്കാരിന് പിന്തുണ നൽകുമെന്ന് തിപ്രമോത അറിയിച്ചിട്ടുണ്ട്. സിപിഎമ്മിനോടോ കോണ്‍ഗ്രസിനോടോ സഹകരിക്കില്ലെന്നും അല്ലെങ്കില്‍ സ്വതന്ത്രമായി പ്രതിപക്ഷ സ്ഥാനത്തിരിക്കുമെന്നുമാണ് പ്രദ്യോത് മാണിക്യ ദേബ് ബര്‍മൻ അറിയിച്ചിരിക്കുന്നത്. കൂടാതെ സർക്കാരിന് ആവശ്യമുള്ളപ്പോൾ അവരെ സഹായിക്കുമെന്നും മാണിക്യ ദേബ് ബര്‍മൻ അറിയിച്ചു.
അതേസമയം സിപിഎമ്മിന്‍റെ വോട്ട് ശതമാനത്തിലും കാര്യമായ കുറവ് ഇത്തവണ ഉണ്ടായിട്ടുണ്ട്. ദീർഘകാലം ത്രിപുര ഭരിച്ചതിന് പിന്നാലെ 2018ൽ 16 സീറ്റുകളിലേക്ക് ഒതുങ്ങിയെങ്കിലും സിപിഎമ്മിന് 42 ശതമാനം വോട്ട് നേടാൻ കഴിഞ്ഞിരുന്നു. എന്നാൽ ഇത്തവണ 24.6 ശതമാനം വോട്ടുകൾ മാത്രമേ സിപിഎമ്മിന് നേടാൻ കഴിഞ്ഞുള്ളൂ. കോണ്‍ഗ്രസ് 8.6 ശതമാനവും ത്രിപ മോത പാർട്ടി 20 ശതമാനത്തിലധികം വോട്ടുകളും സ്വന്തമാക്കി.